Advertisement

ചേച്ചിക്ക് പിന്നാലെ അനുജത്തിയും; കേരളത്തിന് ഇത് അഭിമാന നിമിഷം

10 hours ago
1 minute Read
vollyboll

ചേച്ചി പി.നാഗവർധിനിക്കു പിന്നാലെ അനുജത്തി പി.രാധികയും രാജ്യാന്തര വോളിബോൾ ഫെഡറേഷൻ്റെ ലെവൽ ത്രീ കോഴ്‌സ് പൂർത്തിയാക്കിയപ്പോൾ കേരളത്തിനും അഭിമാനിക്കാം.14 വർഷം മുമ്പ് ലെവൽ വൺ സർട്ടിഫിക്കറ്റുമായി കേരളത്തിൽ വോളിബോൾ കോച്ചിങ് തുടങ്ങിയതാണ് ആന്ധ്ര സ്വദേശി രാധിക. 15 വർഷമായി കേരളത്തിൽ ഉള്ള രാധിക റെയിൽ വേസിൻ്റെ തിരുവനന്തപുരം ഡിവിഷനിൽ ഉദ്യോഗസ്ഥയാണ്.

മുൻ ഇന്ത്യൻ താരവും ഇപ്പോൾ പരിശീലകയുവായ രാധിക രാജ്യാന്തര വോളിബോൾ ഫെഡറേഷൻ്റെ ലെവൽ ത്രീ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയപ്പോൾ ഈ നേട്ടം കൈവരിച്ച മൂന്നാമത്തെ ഇന്ത്യൻ വനിതയായി. ആദ്യ വനിത രാധികയുടെ ചേച്ചി പി.നാഗവർധിനിയാണ്. രണ്ടാമത്തെയാൾ ഹേമാ കേൽക്കറും .ഇരുവരും സെൻട്രൽ റെയിൽവേയിലാണ്. നാഗവർധിനി 2005 ൽ എൻ.ഐ.എസിൽ നിന്ന് കോച്ചിങ് കോഴ്സ് പൂർത്തിയാക്കിയിരുന്നു.

രാധികയെ കേരളത്തിൻ്റെ ലേബലിൽ എണ്ണുമ്പോൾ ഈ നേട്ടത്തിന് ഉടമയായ കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ കോച്ച് എന്നു വിശേഷിപ്പിക്കാം. പുരുഷ വിഭാഗത്തിൽ കേരളത്തിൽ നിന്ന് എം.ടി.സാമുവലും ടി സി. ജ്യോതിഷും ലെവൽ ത്രീ കോഴ്സ് 2012ൽ പൂർത്തിയാക്കിയിരുന്നു. സാമുവൽ അകാലത്തിൽ വിടവാങ്ങി. ഇന്ത്യൻ കോച്ച് ജ്യോതിഷ് ചെന്നൈയിൽ റയിൽവേ സിൽ ജോലി നോക്കുന്നു. ഏറെ വർഷങ്ങൾക്കു ശേഷം 2012ൽ ചെന്നൈയിൽ ലവൽ ത്രീ കോഴ്സിന് അവസരം വന്നപ്പോൾ എം.ടി.സാമുവലും ടി.സി. ജ്യോതിഷും പ്രയോജനപ്പെടുത്തുകയായിരുന്നു. അതിനു ശേഷം ഇന്ത്യയിൽ ഇത്തരമൊരു അവസരം ഉണ്ടായില്ല.
ജൂൺ 29നാണ് രാധിക ലെവൽ ത്രീ കോഴ്സ് പൂർത്തിയാക്കിയത്. അതും യൂറോപ്പിൽ മോണ്ടിനെഗ്രോയിൽ നിന്ന്.

നാഗവർധിനി കഴിഞ്ഞ വർഷം ഒക്ടോബറിൽ തായ്‌ലൻഡിൽ നിന്നാണ് ലെവൽ ത്രീ സർട്ടിഫിക്കറ്റ് നേടിയത്. കഴിഞ്ഞ അഞ്ചു വർഷം ദേശീയ വോളിബോൾ ചാംപ്യൻഷിപ്പിൽ വനിതാ വിഭാഗത്തിൽ കേരളവും റെയിൽവേസും മുഖാമുഖം വന്നപ്പോൾ യഥാക്രമം രാധികയും നാഗവർധിനിയുമായിരുന്നു പരിശീലകർ. ആന്ധ്രയ്ക്കും റെയിൽവേസിനും ഇന്ത്യൻ ടീമിലും സഹോദരിമാർ ഒന്നിച്ച് കോർട്ടിലിറങ്ങി.

1999 ലും 2000ത്തിലും സെൻട്രൽ ഏഷ്യൻ സോൺ ചാംപ്യൻഷിപ്പിലും 2000ത്തിലും 2002ലും ഏഷ്യൻ ചാംപ്യൻഷിപ്പിലും ഇന്ത്യക്കുവേണ്ടി കളിച്ച രാധിക 2001 ൽ സാഫ് വോളിയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിലും അംഗമായിരുന്നു. നാഗവർധിനിയാകട്ടെ സാഫിലൊഴികെ ഇന്ത്യക്ക് വേണ്ടി കളിച്ചു. തങ്ങളുടെ പിതാവിൻ്റെ താല്പര്യത്തിലാണ് വോളി കോർട്ടിലിറങ്ങിയതെന്നു പറഞ്ഞ രാധിക ഇപ്പോഴത്തെ നേട്ടവും 2010ൽ അന്തരിച്ച പിതാവിനു സമർപ്പിക്കുന്നു.

Story Highlights : Radhika now at “Level Three” in volleyball coaching

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top