‘സൂംബ എത്തിക്കുക ലഹരി കൈയ്മാറ്റം നടക്കുന്ന ഡി.ജെ പാർട്ടിയിലേക്ക്’; അധ്യാപകൻ്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ

പൊതു വിദ്യാലയങ്ങളില്‍ ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സൂംബ നൃത്തം നടപ്പാക്കുന്നതിനെ വിമര്‍ശിച്ച അധ്യാപകന്‍ ടി കെ അഷ്റഫിന്റെ സസ്പെൻഷനെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ. വിദ്യാഭ്യാസ വകുപ്പിന്റെ നീക്കത്തെ അനുവദിക്കില്ല. സൂംബ ലഹരി കൈയ്മാറ്റം നടക്കുന്ന ഡി.ജെ പാർട്ടിയിലേക്കാണ് എത്തിക്കുക. കാര്യങ്ങളുടെ ഗൗരവം ആഴത്തിൽ മനസ്സിലാക്കാത്തവർ ഇതിനെ പുരോഗമനമായി കാണുമെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
ഈ വിഷയം വലിയൊരു വിഭാഗത്തെ പൊതു വിദ്യാലയങ്ങളിൽ നിന്ന് അകറ്റാൻ ഇടയാക്കുമെന്നാണ് ടി.കെ അഷറഫ് ഉയർത്തിയ ആശങ്ക. സമൂഹത്തെ നേർവഴി നടത്താൻ നിയോഗിതരായ പ്രതികരണബോധമുള്ള അധ്യാപക വിഭാഗത്തെ നിശബ്ദമാക്കാനുള്ള ശ്രമമായി മാത്രമേ ഇതിനെ കാണാവൂ എന്നും വാർത്താ കുറിപ്പിൽ പറയുന്നു. മന്ത്രിയടക്കമുള്ളവരുടെ പരിഹാസവും ഒറ്റപ്പെടുത്തുകയും വേട്ടയാടലുകളും കണ്ടുവെന്നും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ വിമർശിച്ചു.
അതേസമയം ഫേസ്ബുക്കിൽ സൂമ്പ നൃത്തത്തെ അപമാനിച്ച വിസ്ഡം നേതാവിനെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്യും. പി കെ എം യു പി സ്കൂൾ മാനേജ്മെന്റ് തീരുമാനം ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉപഡയറക്ടറെ അറിയിക്കും.
നടപടിയെടുക്കാനുള്ള സമയം വൈകിട്ട് 9 മണിക്ക് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയുടെ തീരുമാനം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ഭാരവാഹിയായ എടത്തനാട്ടുകര ടി എ എം യു പി സ്കൂളിലെ അധ്യാപകൻ അഷറഫിനെതിരെ 24 മണിക്കൂറിനകം നടപടി വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
സ്‌കൂളുകളില്‍ ലഹരി വിരുദ്ധ ക്യാപയിന്‍റെ ഭാഗമായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സൂംബ ഡാന്‍സ് പദ്ധതി നടപ്പിലാക്കുന്നത്. ഇതിനെതിരെ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയായ ടി കെ അഷ്‌റഫാണ് ആദ്യം രംഗത്തെത്തിയത്. താൻ പൊതുവിദ്യാലയത്തിലേക്ക് കുട്ടിയെ അയക്കുന്നത് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലക്ഷ്യംവെച്ചാണെന്നും ആൺ-പെൺ കൂടിക്കലർന്ന് അൽപ്പവസ്ത്രം ധരിച്ച് മ്യൂസിക്കിന്റെ താളത്തിൽ തുള്ളുന്ന സംസ്‌കാരം പഠിക്കാൻ വേണ്ടിയല്ലെന്നുമായിരുന്നു അഷ്റഫ് പറഞ്ഞത്.
Story Highlights : Wisdom islamic organization against suspension
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here