വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; മൈക്രോസോഫ്റ്റിൽ 9,000 ജീവനക്കാർക്ക് കൂടി തൊഴിൽ നഷ്ടമാകും

അമേരിക്കൻ ടെക് ഭീമൻ മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കമ്പനിയിലെ ഏകദേശം നാല് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനാണ് പുതിയ നീക്കം. ഇത് 9,000-ത്തോളം ജീവനക്കാരെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോർട്ടുകൾ. [Microsoft lays off 9,000 employees]
ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് മേഖലയിൽ മൈക്രോസോഫ്റ്റ് വലിയ തോതിൽ നിക്ഷേപം നടത്തുന്നതിനിടെയാണ് ഈ കൂട്ടപ്പിരിച്ചുവിടൽ എന്നതാണ് ശ്രദ്ധേയം. മൈക്രോസോഫ്റ്റിന് 2024 ജൂണിലെ കണക്കനുസരിച്ച് ലോകമെമ്പാടും 228,000 ജീവനക്കാരുണ്ട്. കഴിഞ്ഞ മെയ് മാസത്തിലും മൈക്രോസോഫ്റ്റ് 6,000-ത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. സെയിൽസ് വിഭാഗത്തിലായിരുന്നു ഇത് കൂടുതലായി ബാധിച്ചത് . ഇതിന് പിന്നാലെയാണ് ഇപ്പോഴത്തെ ഈ പുതിയ പിരിച്ചുവിടൽ പ്രഖ്യാപനം.
Read Also: സേവനങ്ങളെല്ലാം ഇനി ഒറ്റ ക്ലിക്കിൽ ; ‘റെയിൽവൺ’ സൂപ്പർ ആപ്പുമായി ഇന്ത്യൻ റെയിൽവേ
AI രംഗത്ത് മൈക്രോസോഫ്റ്റ് കോടികളുടെ നിക്ഷേപം നടത്തുന്ന ഈ സമയത്ത് തന്നെയാണ് കൂട്ടപ്പിരിച്ചുവിടലുകൾ നടക്കുന്നത് എന്നത് കൗതുകകരമാണ്. സമാനമായി, AI മേഖലയിൽ നിക്ഷേപം നടത്തുന്ന മറ്റ് ടെക് ഭീമന്മാരായ മെറ്റ, ആമസോൺ, ഗൂഗിൾ തുടങ്ങിയ കമ്പനികളും സമീപകാലത്ത് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചിരുന്നു. മെറ്റ ഈ വർഷമാദ്യം പ്രകടനം കുറവുള്ള അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഗൂഗിൾ 2024-ൽ നൂറുകണക്കിന് ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ആമസോൺ ആകട്ടെ ബിസിനസ് സെഗ്മെൻ്റ്, ബുക്ക് ഡിവിഷൻ, ഉപകരണ വിഭാഗം, സർവീസ് യൂണിറ്റ്, കമ്മ്യൂണിക്കേഷൻ സ്റ്റാഫ് എന്നിവിടങ്ങളിലെല്ലാം ലേഓഫുകൾ നടപ്പാക്കിയിരുന്നു.
പുതിയ ലേഓഫ് മൈക്രോസോഫ്റ്റിൻ്റെ ഗെയിം ഡിവിഷനിലും ഉൾപ്പെടും. മൈക്രോസോഫ്റ്റിന് കീഴിലുള്ള കാൻഡി ക്രഷ് ഗെയിം നിർമ്മാതാക്കളായ ബാഴ്സലോണ ആസ്ഥാനമായുള്ള കിംഗ് ഡിവിഷനിൽ 200-ഓളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. കമ്പനിയുടെ പുനഃസംഘടനയുടെ ഭാഗമായാണ് ഈ പിരിച്ചുവിടലുകൾ എന്നാണ് മൈക്രോസോഫ്റ്റ് വാദിക്കുന്നത്.
Story Highlights : Tech giant Microsoft to lay off up to 9,000 employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here