Advertisement

അത് എങ്ങനും നോട്ട് ഔട്ട് ആയിരുന്നെങ്കില്‍ വിവാദം കത്തുമായിരുന്നു; ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിനിടെ നാടകീയ രംഗങ്ങള്‍

3 hours ago
2 minutes Read
Ben Stocks ENG vs IND TEST

ഇംഗ്ലണ്ടിലെ ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസത്തില്‍ നാടകീയ രംഗങ്ങള്‍. ഇന്നലെ ഇന്ത്യയുടെ ഇന്നിങ്‌സ് തുടങ്ങി ഓപ്പണര്‍മാരായി എത്തിയത് യശസ്വി ജയ്സ്വാളും കെഎല്‍ രാഹുലുമായിരുന്നു. 22 ബോളുകളില്‍ നിന്ന് 28 റണ്‍സെടുത്ത് നില്‍ക്കെ യശ്വസി ജയ്‌സ്വാള്‍ എല്‍ബിഡബ്ല്യുവില്‍ കുടുങ്ങി. ജോഷ് ടോങ്ങ് എറിഞ്ഞ അതിവേഗത്തിലുള്ള ഒരു ഇന്‍-സ്വിംഗര്‍ ജയ്സ്വാള്‍ ഫ്‌ളിക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിനെ തൊടാതെ പന്ത് പാഡില്‍ തട്ടിയതോടെ ഫീല്‍ഡ് അമ്പയര്‍ വിരല്‍ ഉയര്‍ത്തി. എന്നാല്‍ കെഎല്‍ രാഹുലുമായി ഏറെ നേരം സംസാരിച്ച ജയ്സ്വാള്‍ റിവ്യൂ തെരഞ്ഞെടുക്കുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ഡിആര്‍എസിനുള്ള പതിനഞ്ച് സെക്കന്റ് എന്ന സമയം കാണിച്ചത് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. സ്‌ക്രീനിലെ 15 സെക്കന്‍ഡ് ടൈമര്‍ കാലഹരണപ്പെട്ടതിന് തൊട്ടടുത്ത നിമിഷം വീഡിയോ ചെക്കിങ്ങിലേക്ക് പോകാം എന്ന് അമ്പയര്‍മാര്‍ തീരുമാനം എടുത്തതും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍സ്‌റ്റോക്‌സ് കടുത്ത പ്രതിഷേധവുമായെത്തി.

ഫീല്‍ഡ് അമ്പയര്‍മാരുടെ അരികിലേക്ക് പ്രതിഷേധിച്ചെത്തിയ സ്റ്റോക്‌സ് ഡിആര്‍എസ് എടുത്തതിലെ കാലതാമസം ചൂണ്ടിക്കാട്ടി. ജയ്‌സ്വാളില്‍ നിന്ന് റിവ്യൂ സിഗ്നല്‍ വളരെ വൈകിയാണ് ലഭിച്ചതെന്ന് ആംഗ്യത്തിലൂടെ സ്‌റ്റോക്‌സ് അമ്പയര്‍മാരോട് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാദം ഏറ്റുപിടിച്ച് കാണികളും ബഹളം തുടങ്ങി. സമയം കഴിഞ്ഞിട്ടും റിവ്യൂ തുടര്‍ന്നതില്‍ വളരെ നിരാശനായാണ് ബെന്‍സ്റ്റോക്‌സ് തിരികെ പോയത്. എന്നാല്‍ നിമിഷങ്ങള്‍ക്കകം ആ മുഖത്ത് ആശ്വാസം പ്രകടമായി. ബോള്‍ ട്രാക്കിംഗില്‍ പന്ത് ബാറ്റില്‍ സ്പര്‍ശിച്ചിട്ടില്ലെന്നും സ്റ്റമ്പില്‍ തട്ടുമായിരുന്നുവെന്നും സ്ഥിരീകരണം വന്നു. അങ്ങനെ മൈതാനത്ത് എത്തി അല്‍പ്പസമയത്തിനകം തന്നെ വെറും 28 റണ്‍സുമായി ജയ്‌സ്വാളിന് മടങ്ങേണ്ടി വന്നു. ഈ സമയം 51 റണ്‍സിന് ഒരു വിക്കറ്റ് എന്നത് ആയിരുന്നു ഇന്ത്യയുടെ രണ്ടാം ദിവസത്തെ സ്‌കോര്‍. ആദ്യദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും 231 റണ്‍സ് ലീഡ് മാത്രമാണ് ജയ്‌സ്വാള്‍ പുറത്താകുമ്പോള്‍ ഉണ്ടായിരുന്നത്. ആദ്യദിനത്തില്‍ പക്ഷേ പറയത്തക്ക പ്രകടനം ജയ്‌സ്വാളിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല. 107 ബോളുകളില്‍ നിന്ന് 87 റണ്‍സ് എടുത്ത് നില്‍ക്കവെ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍സ്റ്റോക്‌സ് അദ്ദേഹത്തെ മടക്കി അയക്കുകയായിരുന്നു. അതേ സമയം ഇന്നലത്തെ ഡിആര്‍എസ് ഫലം മറിച്ചായിരുന്നെങ്കില്‍ ഇംഗ്ലണ്ടിന്റെ പരാതിക്കും ക്രിക്കറ്റ് ലോകത്തെ വിവാദങ്ങള്‍ക്കും സംഭവം വഴിവെച്ചേനെ.

Story Highlights: Ben Stokes Protests Yashasvi Jaiswal’s Late DRS Call

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top