‘ഡയലോഗുകളുടെ ആൽക്കെമിസ്റ്റ്’ ; കാട്ടാളന് സംഭാഷണമൊരുക്കാൻ ഉണ്ണി ആർ

‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ആന്‍റണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമിച്ച്, നവാഗതനായ പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളനി’ൽ സംഭാഷണം ഒരുക്കാൻ കഥാകൃത്ത് ഉണ്ണി ആർ. ഡയലോഗുകളുടെ ആൽക്കെമിസ്റ്റായ ഉണ്ണി ആറിന് കാട്ടാളന്‍റെ ലോകത്തിലേക്ക് സ്വാഗതം എന്ന് കുറിച്ചുകൊണ്ടാണ് ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സ് പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്. ‘ബിഗ് ബി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇതാദ്യമായാണ് ഉണ്ണി ആർ ഒരു സിനിമയ്ക്ക് വേണ്ടി സംഭാഷണം ഒരുക്കുന്നത്.
Read Also: ബിറ്റ് കോയിന്‍ പ്രമേയമായ ചിത്രം ‘ദി ഡാർക്ക് വെബ്ബ് ‘ തിയറ്ററുകളിലേക്ക്
കേരള സംസ്ഥാന അവാർഡ് ജേതാവായ തിരക്കഥാകൃത്തും സംഭാഷണ രചയിതാവുമാണ് ഉണ്ണി ആർ. പ്രേക്ഷകരെ ആകർഷിക്കുന്ന രീതിയിലുള്ള ആഖ്യാനങ്ങളും ശ്രദ്ധേയമായ കഥാപാത്രങ്ങളും സൃഷ്ടിക്കുന്നതിൽ പ്രശസ്തനാണ്. ബിഗ് ബി, ചാർലി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അദ്ദേഹം കഥാപാത്രങ്ങളുടെ ആത്മാവറിഞ്ഞ് ചങ്കിൽ കൊള്ളുന്ന ശക്തമായ സംഭാഷണങ്ങളാണ് ഒരുക്കാറുള്ളത്. ‘കാട്ടാളനി’ലും പ്രേക്ഷകരുടെ ഉള്ളം കീഴടക്കുന്ന സംഭാഷണ ശകലങ്ങള്‍ ഉണ്ണി ആറിന്‍റെ തൂലിക തുമ്പിൽ നിന്നും പിറവികൊള്ളും എന്ന പ്രതീക്ഷയിലാണ് പ്രേക്ഷകർ.
ആന്‍റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്നത് രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. പാൻ ഇന്ത്യൻ താരങ്ങളായ സുനിൽ, കബീർ ദുഹാൻ സിങ് എന്നിവരേയും ജഗദീഷ്, സിദ്ധിഖ് തുടങ്ങിയ മലയാളത്തിലെ ശ്രദ്ധേയ താരങ്ങളേയും റാപ്പർ ബേബി ജീനിനേയും ചിത്രത്തിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് അടുത്തിടെ പോസ്റ്ററുകള്‍ എത്തിയിരുന്നത് വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ പെപ്പെ തന്‍റെ യഥാർത്ഥ പേരായ “ആന്‍റണി വർഗ്ഗീസ്” എന്ന പേരിൽ തന്നെയാണ് എത്തുന്നത്. ഓങ്-ബാക്ക് 2, ബാഹുബലി-2: കൺക്ലൂഷൻ, ജവാൻ, ബാഗി 2, പൊന്നിയൻ സെൽവൻ പാർട്ട് 1 തുടങ്ങിയ ശ്രദ്ധേയ സിനിമകൾക്ക് ആക്ഷൻ ഒരുക്കിയ ലോക പ്രശസ്തനായ സ്റ്റണ്ട് കോറിയോഗ്രഫർ കെച്ച കെംബഡികെ ആണ് ചിത്രത്തിൽ ആക്ഷനൊരുക്കാനായി എത്തുന്നത്.
പാൻ ഇന്ത്യൻ ലെവൽ ആക്ഷൻ ത്രില്ലർ മാസ്സ് ചിത്രത്തിൽ കന്നഡയിലെ ശ്രദ്ധേയ സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ് സംഗീതമൊരുക്കുന്നത്. ‘കാന്താര ചാപ്റ്റർ 2’വിന് ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും കാട്ടാളനുണ്ട്. സിനിമയുടെ എഡിറ്റിംഗ് നിർവ്വഹിക്കുന്നത് മലയാളത്തിലെ ശ്രദ്ധേയനായ എഡിറ്റർ ഷമീർ മുഹമ്മദ് ആണ്. ശ്രദ്ധേയ ഛായാഗ്രാഹകൻ രെണദേവാണ് ഡിഒപി. എം.ആർ രാജാകൃഷ്ണനാണ് ഓഡിയോഗ്രഫി.
Story Highlights : Writer Unni R. will write the dialogues for the new film ‘Kaattalan’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here