‘സിനിമകളുടെ ലാഭനഷ്ട കണക്ക് തത്കാലം പുറത്ത് വിടില്ല’ ;തീരുമാനം പിൻവലിച്ച് നിർമ്മാതാക്കളുടെ സംഘടന

സിനിമകളുടെ ലാഭനഷ്ട കണക്ക് തത്കാലം പുറത്തു വിടില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എല്ലാ മാസവും കണക്ക് പുറത്തു വിടുമെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന പിൻവലിച്ചു. മാർച്ചിന് ശേഷമാണ് നഷ്ട കണക്ക് പുറത്ത് വിടാതെയായത്.
ഇനി പുറത്ത് വരാനുള്ളത് ഏപ്രിൽ ,മെയ് ,ജൂൺ മാസത്തെ കണക്കുകളായിരുന്നു.കണക്കുകൾ പുറത്തുവിടുന്നത് പുതിയ ഭരണസമിതി വന്നശേഷം മതിയെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തീരുമാനിച്ചു.
അമ്മയ്ക്ക് പിന്നാലെ നിർമാതാക്കളുടെ സംഘടനയിലും തിരഞ്ഞെടുപ്പ് ഉണ്ടാകും. തിരഞ്ഞെടുപ്പ് തീയതി ഇന്ന് ചേരുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തീരുമാനിച്ചേക്കും. മാർച്ചിൽ റിലീസ് ചെയ്ത 15 സിനിമകളുടെ നിര്‍മാണചെലവും ഇവയ്ക്ക് തിയേറ്ററില്‍നിന്ന് ലഭിച്ച കളക്ഷന്‍ തുകയുടെ വിവരങ്ങളുമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അവസാനമായി പുറത്ത് വിട്ടത്.
മാർച്ചിൽ ആകെ 15 സിനിമകളാണ് റിലീസായത്. ഇതിൽ സിനിമകളുടെ ബജറ്റ് തുകയും തിയേറ്റര്‍ വിഹിതവും അടങ്ങുന്ന പട്ടികയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. പുറത്തിറങ്ങിയ സിനിമകളിൽ ഭൂരിഭാഗവും നഷ്ടമായിരുന്നു എന്ന് കണക്കുകളിൽ നിന്ന് വ്യക്തമാണ്.
മാർച്ച് അവസാന വാരമാണ് പൃഥ്വിരാജ്-മോഹൻലാൽ ടീമിന്റെ എമ്പുരാനും അഭിലാഷവും തിയേറ്ററിലെത്തുന്നത്. 175 കോടി ബജറ്റിൽ പൂർത്തിയാക്കിയ എമ്പുരാൻ അഞ്ച് ദിവസംകൊണ്ട് 24 കോടി രൂപ കേരളത്തിൽ നിന്നുള്ള തിയേറ്ററുകളിൽ നിന്ന് കളക്ഷൻ നേടിയതായാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തുവിട്ടിരിക്കുന്ന കണക്കിൽ പറയുന്നത്.
Story Highlights : Producers association on movie collection reports
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here