വഡോദരയിൽ പാലം തകർന്ന സംഭവം; അപകടാവസ്ഥയിലായിരുന്ന പാലം അറ്റകുറ്റപ്പണിക്ക് ശേഷം തുറന്ന് കൊടുത്തു, വൻ അനാസ്ഥ

ഗുജറാത്ത് വഡോദരയിൽ പുഴയ്ക്ക് കുറുകെ പാലം തകർന്ന സംഭവത്തിൽ നടന്നത് വൻ അനാസ്ഥ. പാലത്തിൻറെ അപകടാവസ്ഥ മൂന്നുവർഷം മുമ്പ് തന്നെ ബോധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം. ഏകദേശം 30 വർഷത്തോളം പഴക്കമുള്ള പാലത്തിന്റെ ചെറിയ അറ്റകുറ്റപ്പണിക്ക് ശേഷം പിന്നെയും തുറന്നുകൊടുക്കുകയാണ് ഉണ്ടായത്. പുതിയപാലം പണിയാൻ തീരുമാനമായിട്ടും ഫയൽ നീങ്ങിയില്ല.
1985 ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലമാണ്. കാലപ്പഴക്കം കാരണം പാലം അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയർന്നതാണ്. മൂന്നുവർഷം മുമ്പ് പാലത്തിന്റെ ചില ഭാഗങ്ങൾ ഇളകി മാറിയതോടെ പുതിയപാലം നിർമിക്കാൻ സർക്കാർ തീരുമാനിച്ചതാണ്. 212 കോടി ഇതിനായി പാസായിട്ടുണ്ട്. എന്നിട്ടും പുതിയ പാലത്തിൻറെ നിർമ്മാണം തുടങ്ങുകയോ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയുള്ള ഗതാഗതം തടയുകയോ ചെയ്തില്ല. പാലത്തിൽ തെരുവു വിളക്കുകളും ഉണ്ടായിരുന്നില്ല. 3 വർഷത്തിനിടെ ഗുജറാത്തിൽ തകർന്നത് 10 പാലങ്ങളാണ്.
അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ റോഡുകളുടെയും പാലങ്ങളുടെയും വകുപ്പ് സെക്രട്ടറിയോട് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ റിപ്പോർട്ട് തേടി. അപകടത്തെക്കുറിച്ച് 10 ദിവസത്തിനകം കളക്ടർ റിപ്പോർട്ട് സമർപ്പിക്കും. ദുരന്തത്തിൽ രണ്ട് കുഞ്ഞുങ്ങളടക്കം 9 പേരാണ് മരണപ്പെട്ടത്.
ബുധനാഴ്ച രാവിലെ ഏഴരയോടെയാണ് മഹിസാഗർ നദിക്ക് കുറുകെയുള്ള പാലം തകർന്നത്. വഡോദരരെയും ആനന്ദ് ജില്ലയെയും ബന്ധിക്കുന്ന പ്രധാന പാലമാണിത്. ഒത്ത നടുവിൽ വച്ച് പാലം തകർന്നു. രണ്ട് കാറടക്കം അഞ്ചു വാഹനങ്ങൾ നദിയിലേക്ക് പതിച്ചു. ഒരു ട്രക്ക് അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നാട്ടുകാരാണ് ആദ്യം രക്ഷാ ദൗത്യത്തിന് ഇറങ്ങിയത്.
Story Highlights : A major tragedy occurred in the collapse of a bridge across a river in Vadodara, Gujarat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here