‘RSSനെതിരെ പോരാടുന്നവർ നിങ്ങളുടെ കണ്ണിൽ ഗൂണ്ടയാണെങ്കിൽ, യെസ് വീ ആർ ഗൂണ്ടാസ്’: വി ഡി സതീശനെതിരെ പോസ്റ്റർ ഉയർത്തി SFI

ആർഎസ്എസിനെതിരെ സമരം ചെയ്യുന്നവർ ഗുണ്ടകളെങ്കിൽ തങ്ങൾ ഗുണ്ടകളാണെന്ന് എസ്.എഫ്.ഐ. ആർഎസ്എസിനെതിരെ സമരം ചെയ്തതിന് ഗുണ്ടകൾ എന്ന് വിളിച്ചാലും ഞങ്ങൾ അത് അഭിമാനത്തോടെ അംഗീകരിക്കുമെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷൻ എം ശിവപ്രസാദ് പറഞ്ഞു.
സർവകലാശാലകളെ കാവിവത്കരിക്കാൻ ശ്രമിക്കുന്ന സംഘപരിവാർ നീക്കത്തിനെതിരെ രാജ്ഭവനിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിനെ അഭിവാദ്യം ചെയ്തു സംസാരിക്കുകയായിരുന്നു ശിവപ്രസാദ്. ഗോൾവാൾക്കറുടെ ചിത്രത്തിനു മുന്നിൽ ദീപം തെളിയിക്കുന്ന വി ഡി സതീശന്റെ ഫോട്ടോ ഉയർത്തിക്കാട്ടിയായിരുന്നു എം ശിവപ്രസാദ് പ്രസംഗിച്ചത്.
ആർഎസ്എസിനെ പാദസേവ ചെയ്തു കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ നടക്കുന്ന ശ്രീ വി.ഡി സതീശൻ ആർഎസ്എസിനെതിരെ സമരം ചെയ്ത ഞങ്ങളെ വിളിച്ചത് ഗുണ്ടകൾ എന്നാണ്. ആർഎസ്എസിനെതിരെ പ്രതിഷേധിക്കുന്നതിന് ഞങ്ങളെ ഗുണ്ട എന്നാണ് വിളിക്കുന്നതെങ്കിൽ വി ആർ ഗുണ്ടസ് എന്ന് ശിവപ്രസാദ് പറഞ്ഞു.
വി ഡി സതീശന് മുന്നേ ആരിഫ് മുഹമ്മദ് ഖാൻ ഗുണ്ടാ എന്ന് എസ്എഫ്ഐക്കാരെ വിളിച്ചു. തങ്ങളുടെ പോരാട്ടം മതനിരപേക്ഷമായ വിദ്യാഭ്യാസത്തെ സംരക്ഷിക്കാനാണ്. ഒരിഞ്ച് തങ്ങൾ പുറകോട്ട് പോകില്ലെന്നും ശിവപ്രസാദ് പറഞ്ഞു. ആർഎസ്എസ് ചിഹ്നം മത നിരപേക്ഷതയ്ക്ക് എതിരാണ്. അവർ ഗുണ്ടകളെന്ന് വിളിക്കുന്ന തങ്ങൾ മതനിരപേക്ഷത സംരക്ഷിക്കാൻ ഉള്ള പോരട്ടമാണ് നടത്തുന്നത്.
ആർഎസ്എസ് നിയമിച്ച വൈസ് ചാൻസിലർ മാരെ പ്രതിരോധിക്കുമെന്ന് ശിവപ്രസാദ് പറഞ്ഞു. കേരളം മത നിരപേക്ഷതയുടെ കോട്ടയാണ്. കേരളത്തിലെ ഗവർണർ ആർഎസ്എസുകാരനാണെന്ന് തികച്ച് പറയാൻ ധൈര്യം ഇല്ലാത്ത കെ.എസ്.യുക്കാർ മതനിരപേക്ഷതയെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുതെന്നും ശിവപ്രസാദ് പറഞ്ഞു.
സമരം ഐതിഹസികമായി മുന്നോട്ടു കൊണ്ടു പോകും. സാധാരണക്കാരന്റെ വീട്ടിൽ നിന്ന് വരുന്ന കുട്ടികൾ വിചാരിച്ചാൽ ബാരിക്കേഡ് മറിച്ചിടാൻ പറ്റും എന്ന് മനസ്സിലാക്കുക. ഇത് ആർഎസ്എസിനേതിരെയുള്ള, മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള സമരമാണെന്നും ശിവപ്രസാദ് പറഞ്ഞു.
Story Highlights : SFI Protest in university against governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here