‘LDF സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുന്നു; കീം വിധി സംസ്ഥാന താത്പര്യത്തിന് വിരുദ്ധം’: എം വി ഗോവിന്ദൻ

LDF സർക്കാർ വികസന കുതിപ്പിലേക്ക് മുന്നേറുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വൈജ്ഞാനിക സമൂഹ സൃഷ്ടിക്ക് വേണ്ടിയാണ് ഉന്നത വിദ്യാഭ്യാസ മേഖല ശക്തിപ്പെടുത്തുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയെ തകർക്കുന്നതിന് ശ്രമം നടക്കുന്നു. ഗവർണർമാരെ അതിനായി ഉപയോഗപ്പെടുത്തുന്നുവെന്നും എം വി ഗോവിന്ദൻ ആരോപിച്ചു.
സര്വകലാശാലകളിൽ കാവിവത്കരണത്തിന് ശ്രമം നടക്കുന്നു. ഗവർണർ നിയമിക്കുന്ന വി.സിമാർ സംഘ പരിപാടികളിൽ മുഖ്യാതിഥിയായി മാറുന്നു. ഇതിൻറെ ഭാഗമാണ് കേരള സർവകലാശാലയിലെ പ്രശ്നം. സർവകലാശാല വി.സിമാർ സർവ്വാധിപത്യ രീതി സ്വീകരിക്കുന്നു. സർവകലാശാകളിലെ വിദ്യാർഥി യുവജന പോരാട്ടം കേരളത്തിൻ്റെ നേട്ടങ്ങൾ സംരക്ഷിക്കാനെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കേരളത്തിന് അപരിചിതമായ സാഹചര്യമാണ് ഉന്നത വിദ്യാഭ്യാസ രംഗത്ത് ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കീം റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധി സംസ്ഥാന താത്പര്യത്തിന് എതിരാണ്. കോടതി വിധി എതിരാണ്. കീം ഫലം മുൻകൂട്ടി ആലോചിക്കേണ്ടതായിരുന്നു എന്നാണ് ഇപ്പോൾ മനസിലാകുന്നത്. സർക്കാർ നിലപാട് പ്രകാരം ആദ്യം പ്രസിദ്ധീകരിച്ച ലിസ്റ്റിൽ ഒന്നാമതായിരുന്ന വിദ്യാർത്ഥി പുതിയ പട്ടികയിൽ ഏഴാം റാങ്കുകാരനായത് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതൊരു പാഠമാണ്. അനുഭവം ഉണ്ടാകുമ്പോഴെ പാഠം മനസിലാക്കാൻ പറ്റു. കേരള സിലബസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം കിട്ടണം. അതിനായിരുന്നു മാർക്ക് ക്രമീകരണം നടത്തിയത്. ഭാവിയിൽ കേരള സിലബസുകാർ പിൻതള്ളപടുന്നത് ഒഴിവാക്കാൻ സർക്കാർ ഉചിതമായ കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പ്രസ്താവനയോട് പാർട്ടിക്ക് യോജിപ്പില്ല. കേരള കോൺഗ്രസ് എം എൽഡിഎഫ് വിട്ടു പോകില്ലെന്നും എം വി ഗോവിന്ദൻ ഉറപ്പ് നൽകി. കൂടെയുള്ളവർ പോകാതെ യുഡിഎഫ് നോക്കണം. എ.കെ. ശശീന്ദ്രനും ജോസ് കെ മാണിയും ഉന്നയിച്ച പ്രശ്നം ചർച്ച ചെയ്യും. LDF ലാണ് അത്തരം കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. ചർച്ച ചെയ്താൽ തീരുന്ന പ്രശ്നങ്ങളെയുള്ളൂവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
Story Highlights : m v govindan keam high court verdict against kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here