Advertisement

ഡിഫൻഡറും മിനി കൂപ്പർ കൺട്രിമാൻ ഇവിയും; ഒറ്റ ദിവസം കൊണ്ട് ഉണ്ണി ​ഗ്യാരേജിലെത്തിച്ചത് രണ്ട് ആഡംബര കാറുകൾ

1 day ago
2 minutes Read

ഒറ്റ ദിവസം കൊണ്ട് രണ്ട് ആഡംബര കാറുകൾ ​ഗ്യാരേജിലെത്തിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഉണ്ണി മുകുന്ദൻ. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇലക്ട്രിക് എന്നീ രണ്ട് വാഹനങ്ങളാണ് ഉണ്ണി വാങ്ങിയിരിക്കുന്നത്. ഇതിൽ മിനി കൂപ്പര്‍ കണ്‍ട്രിമാന്‍ ഇവി കേരളത്തിൽ ആദ്യമായി വാങ്ങുന്ന ആളുമായിരിക്കുകയാണ് ഉണ്ണി. ഇന്ത്യയിൽ മിനി കൂപ്പര്‍ കണ്‍ട്രിമാൻ ഇവിയുടെ ആകെ 20 യുണിറ്റുകൾ മാത്രമാണ് എത്തിയിട്ടുള്ളത്. ഇതിലൊന്നാണ് ഉണ്ണി വാങ്ങിയിരിക്കുന്നത്.

ഒരു ‍ഡിഫൻഡർ നേരത്തെ തന്നെ ഉണ്ണി മുകുന്ദൻ ഉണ്ട്. ഇതു കൂടാതെയാണ് പുതിയ ഡിഫൻഡറിനെ ഉണ്ണി സ്വന്തമാക്കിയിരിക്കുന്നത്. 1.09 കോടി രൂപ എക്‌സ്‌ഷോറൂം വിലയുള്ള പെട്രോള്‍ എന്‍ജിന്‍ ഡിഫന്‍ഡറാണ് ഇപ്പോൾ ​ഗ്യാരേജിലെത്തിച്ചിരിക്കുന്നത്. മിനി കൺട്രിമാൻ ഇലക്ട്രിക്ക് ജെസിഡബ്ല്യൂവിന് 62 ലക്ഷം രൂപയാണ് എക്സ്ഷോറൂം. ഡിഫന്‍ഡര്‍ 110 പതിപ്പാണ് ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയിരിക്കുന്നത്. ഡിഫന്‍ഡര്‍ മോഡലിലെ എച്ച്എസ്ഇ വേരിയന്റാണ് ഉണ്ണി മുകുന്ദൻ വാങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ തിരഞ്ഞെടുക്കുന്ന വേരിയന്റുകളിൽ ഒന്നാണിത്.

10 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സ്‌ക്രീൻ, 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഹെഡ്-അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. 3.0 ലിറ്റര്‍ പെട്രോള്‍, 3.0 ലിറ്റര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍, 5.0 ലിറ്റര്‍ പെട്രോള്‍ എന്നിങ്ങനെ വ്യത്യസ്‌ത എഞ്ചിൻ ഓപ്ഷനുകളിലാണ് ഡിഫന്‍ഡര്‍ 110 ഇന്ത്യൻ വിപണിയില്‍ എത്തിയത്. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ചാണ് ഈ വാഹനം ഇന്ത്യയില്‍ എത്തിയിട്ടുള്ളത്. ഡിഫന്‍ഡര്‍ 90, 110, 130 എന്നീ വകഭേദങ്ങളില്‍ ഈ വാഹനം എത്തുന്നുണ്ട്.

മിനി കൂപ്പർ കൺട്രിമാൻ ജെഎസ്ഡബ്ല്യു ഇലക്ട്രിക്കിന്റെ കേരളത്തിലെ ആദ്യ മോഡലാണ് ഉണ്ണി മുകുന്ദന്റെ കൈവശമെത്തിയിരിക്കുന്നത്. ജൂൺ 10 മുതലാണ് വാഹനത്തിന്റെ വിൽപന ആരംഭിച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, ലെജന്‍ഡ് ഗ്രേ എന്നിങ്ങനെ രണ്ട് രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു പാക്ക് വരുന്നത്. മിഡ്നൈറ്റ് ബ്ലാക്ക് ആണ് ഉണ്ണി മുകുന്ദൻ സ്വന്തമാക്കിയിരിക്കുന്നത്. ലെവല്‍ 2 അഡാസ് സുരക്ഷാ ഫീച്ചറുകളുമായാണ് വാഹനം എത്തിയത്. ഉണ്ണി മുകുന്ദന്‍ സ്വന്തമാക്കിയിട്ടുള്ള പതിപ്പ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 462 കിലോമീറ്ററാണ് റേഞ്ച് നല്‍കുന്നത്.

8.6 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റർ വേഗതയിലേക്കു കുതിക്കാൻ മിനി കൂപ്പർ കൺട്രിമാൻ ഇവിക്ക് കഴിയും. ഇതിന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. 201 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഈ വാഹനത്തില്‍ കരുത്തേകുന്നത്. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ടച്ച്സ്‌ക്രീന്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നീ ഫീച്ചറുകൾ വാഹനത്തിനുണ്ട്.

Story Highlights : Unni Mukundan brings two luxury cars to the garage in single day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top