Advertisement

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക്, അമ്മ സുജ ഉച്ചയ്ക്ക് വീട്ടിലെത്തും

10 hours ago
1 minute Read

തേവലക്കര സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ നടക്കും. രാവിലെ 10 മണിക്ക് തേവലക്കര സ്കൂളിൽ പൊതു ദർശനം നടക്കും. അമ്മ സുജ നാളെ ഉച്ചയ്ക്ക് 1 മണിയോടെ വീട്ടിലെത്തും. കുവൈറ്റിൽ നിന്നുള്ള വിമാനം രാവിലെ 9 ന് കൊച്ചിയിലെത്തും. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കും.

രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

അതേസമയം മിഥുന്റെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്നു ലക്ഷം രൂപ നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മരിച്ച മിഥുന്റെ സഹോദരന് പ്ലസ്ടുവരെ സൗജന്യവിദ്യഭ്യാസം നൽകുമെന്നും മന്ത്രി പറഞ്ഞു. സ്കൂളിൽ ഫിറ്റ്നസ് പരിശോധന നടത്തിയ ഉപവിദ്യാഭ്യാസ ഡയറക്ടർക്കെതിരെയും നടപടി വരും. ഇതിന് മുന്നോടിയായി വിശദീകരണം തേടിയിട്ടുണ്ട്. നടപടി എടുക്കാതിരിക്കാനുള്ള കാരണം കാണിച്ച് സ്കൂൾ മാനേജ്മെന്റിനും നോട്ടീസ് നൽകും.

അതേസമയം സംഭവത്തിൽ പ്രധാനാധ്യാപിക എസ് സുജക്ക് സസ്പെൻഷൻ ലഭിച്ചു. പ്രധാന അധ്യാപികയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അന്തിമ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറി. സ്കൂൾ തുറക്കൽ മാർഗരേഖ നടപ്പാക്കുന്നതിൽ സ്കൂളിന് ഗുരുതര വീഴ്ചയുണ്ടായെന്ന് വിദ്യഭ്യാസമന്ത്രി വി ശിവൻകുട്ടി വിമർശിച്ചു. എന്തുവന്നാലും ശമ്പളം കിട്ടുമെന്ന അധ്യാപകരുടെ മനോഭാവം ശരിയല്ലെന്നും മന്ത്രി പറഞ്ഞു.

തേവലക്കര ബോയിസ് സ്കൂളിൽ അപകടാവസ്ഥയിൽ സൈക്കിൾ ഷെഡിന് മുകളിലായി വൈദ്യുതി കമ്പികൾ താഴ്ന്നു നിൽക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. സ്കൂൾ അധികൃതർ പരിഹാരം കാണാൻ ആത്മാർത്ഥമായി ശ്രമിച്ചില്ല. അനധികൃത നിർമ്മാണമായിട്ടും തടയാനോ റിപ്പോർട്ട് ചെയ്യാനോ പ്രധാനാധ്യാപികയും ശ്രമിച്ചില്ല. സ്കൂളിൽ പരിശോധനയ്ക്ക് പോയ ഉപ വിദ്യാഭ്യാസ ഡയറക്ടർ വീഴ്ച വരുത്തി. ഇവയാണ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ.

ഇതിനിടെ തേവലക്കര ബോയ്സ് സ്കൂളിൽ ബാലാവകാശ കമ്മീഷൻ കെ വി മനോജ് കുമാർ സന്ദർശനം നടത്തി. സംഭവത്തിൽ ആർക്കൊക്കെ വീഴ്ച പറ്റിയെന്ന് സർക്കാരിനെ അറിയിക്കുമെന്ന് കെ വി മനോജ് കുമാർ പറഞ്ഞു.

Story Highlights : thevalakkara school midhun funeral tomorrow

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top