‘വിദ്യാലയത്തിന് അനാസ്ഥയുണ്ടായി’; വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അധ്യാപകരെ വിമർശിച്ച് മന്ത്രി വി.ശിവൻകുട്ടി

കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ചതിൽ, സ്കൂളിലെ അധ്യാപകരെ വിമർശിച്ച് വീണ്ടും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിദ്യാലയത്തിന് അനാസ്ഥയുണ്ടായി. അന്തിമ റിപ്പോർട്ട് കിട്ടിയാൽ വിദ്യാഭ്യാസ വകുപ്പ് ചെയ്യേണ്ടത് ചെയ്യുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. ഇതിനിടെ ഷോക്കേറ്റ് മരിച്ച വിദ്യാർഥിയെ കുറ്റപ്പെടുത്തിയ മന്ത്രി ജെ ചിഞ്ചുറാണിക്ക് മന്ത്രി മറുപടി നൽകി. കുട്ടികൾ ആകുമ്പോൾ കളിക്കും. കുട്ടികൾ കയറാൻ പാടില്ലെന്ന് പറയാനാകില്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
അധ്യാപകർക്ക് എന്താണ് ജോലി? ആരുടെ ആവശ്യങ്ങൾ എല്ലാം പരിഹരിച്ച് അല്ലേ മുന്നോട്ട് പോകുന്നത്? കെഎസ്ഇബിയെ അറിയിച്ചു എന്നാണ് ഒരു വാദം. പരിഹരിച്ചില്ലെങ്കിൽ തുടരെ തുടരെ അറിയിക്കണ്ടതല്ലേ? മന്ത്രിയെ അറിയിച്ചോ? തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അതിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അതേസമയം കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടുണ്ട്.വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി ട്വന്റിഫോറിനോട് പറഞ്ഞു.
കുറ്റം വൈദ്യുതി വകുപ്പിന്റെ മാത്രമല്ല. ഷെഡ്ഡ് കെട്ടാൻ അനുമതി എങ്ങനെ കിട്ടിയെന്നത് പഞ്ചായത്ത് അടക്കം പരിശോധിക്കണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു. കോൺഗ്രസ് സമരം അവരുടെ കാലത്തെ തെറ്റ് മറക്കാൻ വേണ്ടിയാണ്.പ്രതിഷേധങ്ങൾ കണക്കാക്കുന്നില്ലെന്നും കുടുംബത്തിനൊപ്പമെന്നും മന്ത്രി കെ കൃഷ്ണൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സ്കൂളിൽ ഇന്നും പരിശോധന നടത്തും.മിഥുന്റെ മരണത്തിൽ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് പഠിപ്പു മുടക്കും.സ്കൂളിലേക്ക് ഇന്ന് വിവിധ സംഘടനകൾ പ്രതിഷേധ മാർച്ച് നടത്തും. മരിച്ച എട്ടാംക്ലാസുകാരൻ മിഥുന്റെ മൃതദേഹം നാളെ സംസ്കരിക്കും.
Story Highlights : V. Sivankutty criticizes teachers over student’s electrocution death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here