ടച്ചിങ്‌സിനെ ചൊല്ലി തര്‍ക്കം: തൃശൂരില്‍ ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂര്‍ പുതുക്കാട് ടച്ചിങ്‌സിനെ ചൊല്ലിയും, പണം നല്‍കാതെ മദ്യം നല്‍കാത്തതിനുള്ള വൈരാഗ്യത്തിലും ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. ഞായറാഴ്ച രാത്രി 11.40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി ഹേമചന്ദ്രനാണ് (62) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആമ്പല്ലൂര്‍ അളകപ്പനഗര്‍ സ്വദേശി സിജോ മണിക്കൂറുകള്‍ക്കകം പുതുക്കാട് പൊലീസിന്റെ പിടിയിലായി.
ഇന്നലെ പകല്‍ ബാറില്‍ എത്തിയ യുവാവ് നിരന്തരം ടച്ചിങ് വാങ്ങിച്ചതിനെ ചൊല്ലി ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കിയിരുന്നു. പണം നല്‍കാതെ മദ്യം ആവശ്യപ്പെട്ടു. നല്‍കാതായതോടെ തര്‍ക്കം രൂക്ഷമായി. ഇതില്‍ പ്രകോപിതനായ യുവാവ് ജീവനക്കാരെ വെല്ലുവിളിച്ചാണ് ബാറില്‍ നിന്നും ഇറങ്ങിപ്പോയത്. എന്നാല്‍ ടച്ചിങ്‌സ് തര്‍ക്കത്തില്‍ കൊല്ലപ്പെട്ട ഹേമചന്ദ്രന്‍ ഇടപെട്ടിട്ടില്ലായിരുന്നു. ബാര്‍ അടച്ചതിനു ശേഷം സമീപത്തെ തട്ടുകടയില്‍ നിന്നും ചായകുടിച്ച ഹേമചന്ദ്രന്‍ തിരിച്ച് ബാറിലേക്ക് കയറുന്നതിനിടയായിരുന്നു ആക്രമണം. ബാറിന്റെ ഗേറ്റ് അടയ്ക്കുന്നതിനിടെ ഹേമചന്ദ്രനെ പിന്തുടര്‍ന്ന യുവാവ് യാതൊരു പ്രകോപനവും ഇല്ലാതെ കത്തികൊണ്ട് കഴുത്തില്‍ കുത്തി ഓടിപ്പോവുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ഹേമചന്ദ്രനെ പുതുക്കാട് താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം പൊലീസ് ഊര്‍ജിത അന്വേഷണം നടത്തിയാണ് പ്രതിയെ പിടികൂടിയത്.
Story Highlights : Bar employee stabbed to death in Thrissur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here