Advertisement

‘രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തിൽ സ്വന്തം സ്ഥാനം അടയാളപ്പെടുത്തിയ നേതാവ്’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

5 hours ago
1 minute Read
v d satheesan

രണ്ടക്ഷരം കൊണ്ട് കേരള രാഷ്ട്രീയത്തില്‍ സ്വന്തം സ്ഥാനം കൃത്യമായി അടയാളപ്പെടുത്തിയ നേതാവ്. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയുമായി. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രിയായിരുന്നപ്പോഴും കടിഞ്ഞാണുകളൊക്കെ പൊട്ടിച്ച് പ്രതിപക്ഷമായി തന്നെയാണ് വി.എസ് നിലയുറപ്പിച്ചത്. അത് വി.എസ് ആസ്വദിച്ചുവെന്നും തോന്നിയിട്ടുണ്ട് വി ഡി സതീശൻ അനുശോചിച്ചു.

പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മറ്റൊരു മുഖം നല്‍കിയ നേതാവ്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട സമരങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്തു. കൊക്കകോളയ്ക്ക് എതിരായ സമരം ഉള്‍പ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതി സംരക്ഷണത്തിനു വേണ്ടിയും ജലചൂഷണത്തിന് എതിരെയും നടത്തിയ സമരങ്ങളിലും വി.എസ് ഭാഗഭാക്കായി അദ്ദേഹം പറഞ്ഞു.

നിയമസഭയ്ക്കത്തും പുറത്തും മൂര്‍ച്ചയേറിയ നാവായിരുന്നു വി.എസിന്. എതിരാളികള്‍ക്കും പുറമെ സ്വന്തം പാര്‍ട്ടി നേതാക്കളും ആ നാവിന്റെ ചൂടറിഞ്ഞു. പൊതുസമൂഹത്തിന്റെ പിന്തുണ വലിയ തോതില്‍ നേടിയതിന് ശേഷമാണ് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയായത്. മുഖ്യമന്ത്രിയെന്ന നിലയില്‍ വി.എസിന് പരിമിതികളുണ്ടായിരുന്നു. പക്ഷെ ആ പരിമിതിയെ വി.എസ് പരിഗണിച്ചതേയില്ല.

പ്രതിപക്ഷ നേതാവെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലും ഞാന്‍ അടുത്തറിയാന്‍ ശ്രമിച്ചയാളാണ് വി.എസ്. 2006 മുതല്‍ 11 വരെ അന്നത്തെ പ്രതിപക്ഷം സര്‍ക്കാരിനെ കടന്നാക്രമിക്കുമ്പോള്‍ അതിന്റെ മുന്‍നിരയില്‍ ഞങ്ങളെല്ലാമുണ്ടായിരുന്നു. ഭൂപ്രശ്നങ്ങളിലും അനധികൃത ഭൂമി ഇടപാടുകള്‍ക്കെതിരെയും പ്രതിപക്ഷത്തിന്റെ ഇടപെടലുകള്‍ക്കൊപ്പം മുഖ്യമന്ത്രിയായിരുന്ന വി.എസും നിന്നെന്നാണ് ഞാന്‍ കരുതുന്നത്. ഉദാഹരണത്തിന് എറണാകുളത്തെ തോഷിബാ ആനന്ദിന്റെ 200 കോടിയിലധികം വിലവരുന്ന ഭൂമി സാന്റിയാഗോ മാര്‍ട്ടിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പിന് അഞ്ചര കോടിക്ക് കൈമാറാനുള്ള നീക്കം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചു. വി.എസ് അതില്‍ ഇടപെട്ടു. ഭൂമി സര്‍ക്കാരില്‍ തന്നെ നിലനിര്‍ത്തി. ഒരു നിയമസഭാഗമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ ഇടപെടലിന് ഞാന്‍ നന്ദി പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന നിങ്ങള്‍ക്ക് നന്ദി പറയുന്നെന്നായിരുന്നു വി.എസിന്റെ മറുപടി.

ലോട്ടറി വിവാദം ഉള്‍പ്പെടെ കേരള രാഷ്ട്രീയം വലിയ തോതില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്ന നിലപാട് എത്രയോ തവണ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് വി.എസ് സ്വീകരിച്ചിട്ടുണ്ട്. രാഷ്ട്രീയമായി വി.എസുമായി പിണങ്ങേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഒരിക്കലും വ്യക്തിപരമായ വിരോധവും അസ്വസ്ഥതയും അദ്ദേഹം പ്രകടിപ്പിച്ചില്ല വി എസിന് അനുശോചനം അറിയിച്ചു കൊണ്ട് വി ഡി സതീശൻ പറഞ്ഞു.

Story Highlights : VD Satheesan expresses condolences to VS Achuthanandan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top