തിരുവനന്തപുരത്ത് നീണ്ട ക്യൂ; വിഎസിനെ അവസാനമായി കാണാൻ എകെജി സെന്ററിലേക്ക് ഒഴുകി ജനസഞ്ചയം

വിഎസ് അച്യുതാനന്ദന് വിട ചൊല്ലാൻ കേരളം. തിരുവനന്തപുരത്ത് എകെജി പഠനകേന്ദ്രത്തിലെ പൊതുദർശനം തുടരുകയാണ്. നീണ്ട ക്യൂവാണ് അനുഭവപ്പെടുന്നത്. കേരള സർവകലാശാലയ്ക്ക് മുന്നിൽനിന്ന് എകെജി സെന്റർ വരെ നീണ്ട് നിൽക്കുന്നതാണ് ക്യൂ. പ്രിയനേതാവിനെ അവസാനമായി കാണാൻ പതിനായിരങ്ങളാണ് എകെജി സെന്ററിലേക്ക് ഒഴുകിയെത്തുന്നത്.പലരും മണിക്കൂറുകളായി കാത്തുനിൽക്കുകയാണ്.
വിഎസ് ജനങ്ങൾക്കിടയിൽ നിന്ന് പ്രവർത്തിച്ച നേതാവാണെന്ന് ക്യൂവിൽ നിൽക്കുന്നവർ പറയുന്നു. വീട്ടിലെ മുിർന്ന അംഗം നഷ്ടപ്പെട്ടതിന് തുല്യമാണ് വിഎസിന്റെ വിയോഗമെന്നും പ്രതികരണം. വിഎസിനെ കണ്ടേ മതിയാകൂ, ഇനി കാണാൻ കഴിയില്ലല്ലോ എന്നും പ്രതികരണങ്ങൾ ഉയർന്നു. 7.15 ഓടെയാണ് വിഎസിന്റെ മൃതദേഹം എകെജി പഠനകേന്ദ്രത്തിലെത്തിച്ചത്.
ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 3 മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.
Story Highlights : Crowds flock to AKG Center to see VS for the last time
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here