നിലപാടുകളുടെ ഒറ്റമരമായ വിഎസ്; നിത്യപ്രതിപക്ഷത്തിന്റെ ഹരിത നായകൻ

ഒരു വിപ്ലവ പാർട്ടിയിൽനിന്ന് ലിബറൽ ജനാധിപത്യ പാർട്ടിയെന്ന നിലയിലേക്ക് പറിച്ചു നടപ്പെടുന്ന ട്രാൻസിഷൻ പിരീഡിൽ, അതായത് ഈ നൂറ്റാണ്ടിന്റെ തുടക്കകാലത്ത് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി പരിഹരിച്ചു മുന്നേറിയത് ആശയപരവും പ്രായോഗികമായ നിരവധി പ്രതിസന്ധിഘട്ടങ്ങളെയാണ്. മാർക്‌സിന്റെ ആശയാടിത്തറയിൽ തുടങ്ങി സ്വാതന്ത്ര്യസമരവും മാവോയുടെ കാലവും ബോൾഷെവിക് വിപ്ലവവും ശീതസമരവും സോവിയേറ്റ് യൂണിയന്റെ പതനവും നടന്ന ആ സംഭവബഹുലമായ നൂറ്റാണ്ടിൽ എങ്ങനെ ഇടതാകാം എന്ന രാഷ്ട്രീയ വിദ്യാഭ്യാസം ലോകം പയ്യെപ്പയ്യെ നേടുകയായിരുന്നു. ലോക കമ്മ്യൂണിസത്തിന്റെ ചരിത്രത്തിലെ എല്ലാ പ്രധാനപ്പെട്ട സംഭവങ്ങളുടെയും സാക്ഷിയായി ഇന്ത്യയിലെ കൊച്ചു കേരളത്തിൽ വിഎസ് അച്യുതാനന്ദൻ എന്ന വന്മരം ഉണ്ടായിരുന്നു. മണ്ണും പണവും അധികാരവും വർഗ്ഗവും തൊഴിലും പരിസ്ഥിതിയും തുടങ്ങിയ വിഷയങ്ങളിൽ ഈ നൂറ്റാണ്ടിന്റെ ഇടത് നിലപാട് എന്തെന്ന് കാണിച്ചുതന്ന വി എസ് തന്റെ ജീവിതകാലത്തുടനീളം ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നല്ല ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് എന്ന് അടിവച്ചുതന്നെയാണ് നടന്നിട്ടുള്ളത്.
ഒരു സാമ്പത്തിക സിദ്ധാന്തവും രാഷ്ട്രീയപ്രയോഗവുമായി ലോകത്ത് കമ്മ്യൂണിസം വികസിച്ചു തുടങ്ങുന്ന കാലത്താണ് പുന്നപ്രയിൽ ഒരു ഒക്ടോബർ വിപ്ലവ നക്ഷത്രമായി 1923 ഒക്ടോബർ 20ന് വിഎസ് ജനിക്കുന്നത്. ഒക്ടോബർ വിപ്ലവത്തിന്റെ അലയൊലികൾ ഇന്ത്യയിലും ലോകത്തെങ്ങും ഉയരുന്ന കാലം. ലെനിന്റെ ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിലുള്ള റഷ്യൻ വിപ്ലവം അപ്പോഴും സജീവമായി നിൽക്കുകയായിരുന്നു. ഇന്ത്യയിലേക്കും പയ്യെ അത് എത്തുകയാണ്. ഇന്ത്യയിൽ ബിബിൻ ചന്ദ്രപാൽ ഉൾപ്പെടെയുള്ള നേതാക്കൾ ലെനിന്റെ വിപ്ലവ ആശയങ്ങളോട് ആഭിമുഖ്യം പ്രകടിപ്പിക്കുന്നു. ഇന്ത്യക്കാർക്ക് കമ്മ്യൂണിസത്തോടുള്ള ഈ ആഭിമുഖ്യത്തിൽ ബ്രിട്ടീഷുകാരും അസ്വസ്ഥപ്പെടുത്തുന്ന കാലം.
അക്കാലയളവിലാണ് എസ് എ ഡാങ്‌ഗെ ഗാന്ധി വേഴ്‌സസ് ലെനിൻ എന്ന പേരിൽ ഇരു നേതാക്കളുടെയും രീതികൾ താരതമ്യം ചെയ്ത് ലേഖനം എഴുതുന്നത്. ഇടതുവിപ്ലവത്തിന്റെ തീപ്പൊരി ഇന്ത്യൻ മണ്ണിൽ ആളിപ്പടരാൻ തയ്യാറായി നിൽക്കുമ്പോൾ തന്നെയാണ് വിഎസിന്റെയും ജനനം എന്നത് ശ്രദ്ധേയവുമാണ്. വർഷം 1925. വിഎസിന് രണ്ടു വയസ്സുള്ളപ്പോഴാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ രൂപംകൊള്ളുന്നത്. കേരളത്തിൽ സിപിഐ ഉണ്ടാകാൻ പിന്നെയും കൊല്ലങ്ങൾ എടുത്തു. 1939 ലാണ് കണ്ണൂർ പാറപ്പുറത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകുന്നത്. ആ സമയത്ത് വിഎസിന് 16 വയസാണ്. കേരളത്തിലെ തൊഴിലാളി സമരത്തിന്റെ സമരമുഖമായി പിന്നീട് മാറിയ പുന്നപ്രയിൽ പാർട്ടിയുടെ ആദ്യഅംഗത്വം അച്യുതാനന്ദന്റേതായിരുന്നു. 1943ൽ ബോംബെയിൽ ആയിരുന്നു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒന്നാം കോൺഗ്രസ് നടന്നത്. അതിനു മുന്നോടിയായി കോഴിക്കോട് നടന്ന സമ്മേളനമായിരുന്നു ആദ്യ സംസ്ഥാന സമ്മേളനം എന്ന് വിളിക്കാവുന്നത്. അതിൽ പങ്കെടുത്ത ഏറ്റവും പ്രായംകുറഞ്ഞ ആളായി അന്ന് വി എസ് മാറി.
അച്ഛനെയും അമ്മയും നഷ്ടപ്പെട്ട് കൊടിയ ദാരിദ്ര്യത്തിന്റെ പിടിയിൽ നിൽക്കുന്നതിനിടെ കയർ ഫാക്ടറിയിൽ പണിക്കുപോയ വിഎസിൽ ഒരു വിപ്ലവ തീജ്വാലയുണ്ടെന്ന് കണ്ടെത്തിയതും പാർട്ടിയിലേക്ക് അദ്ദേഹത്തെ കൊണ്ടുവന്നതും സഖാവ് പി കൃഷ്ണപിള്ളയായിരുന്നു. സ്വാതന്ത്ര്യ പോരാട്ടങ്ങൾക്ക് ഉൾപ്പെടെ ഒരു സെൻട്രൽ ലെഫ്റ്റ് പാർട്ടിയായി കോൺഗ്രസ് രാജ്യത്ത് ഉയർന്നുനിൽക്കുമ്പോൾ ഒരു റാഡിക്കൽ ലെഫ്റ്റ് പാർട്ടിയുടെയും സായുധ വിപ്ലവത്തിന്റേയും സ്‌പേസ് നിർണയിക്കുന്ന ഒരു ചരിത്ര സംഭവമായിരുന്നു പുന്നപ്ര വയലാർ സമരം. വി എസ് അച്യുതാനന്ദന്റെ വിപ്ലവ ജീവിതത്തിന്റെ ഗതി മാറ്റിയതും പുന്നപ്ര വയലാർ സമരമായിരുന്നു. 1946ലാണ് സിപിഐയുടെ നേതൃത്വത്തിൽ തിരുവിതാംകൂർ ദിവാൻ സി പി രാമസ്വാമി അയ്യർക്കെതിരെ പുന്നപ്ര വയലാർ സമരം നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകത്തും രാജ്യത്താകെയും പട്ടിണി രൂക്ഷമായ കാലമായിരുന്നു അത്. ഈ കാലയളവിലാണ് റാഡിക്കൽ വിപ്ലവ പ്രവർത്തനങ്ങൾ രാജ്യത്ത് അതിവേഗം വളരാൻ തുടങ്ങിയത്. അമേരിക്കൻ മോഡൽ ഭരണം ആഗ്രഹിച്ച ദിവാൻ സിപിയുടെ ആലപ്പുഴയിലെ ക്രൂരമായ തൊഴിലാളി വിരുദ്ധതയ്‌ക്കെതിരയാണ് 1946 ഒക്ടോബർ 24 പുന്നപ്ര വയലാർ സമരങ്ങൾ തുടങ്ങുന്നത്. പോലീസ് സ്റ്റേഷൻ ആക്രമിക്കേണ്ടിവന്ന തൊഴിലാളി പ്രതിഷേധത്തിന് ശേഷം 27 നാണ് വെടിവെപ്പ് നടക്കുന്നത്. അന്ന് യുവാവായിരുന്ന വി.എസ് സർ സിപിക്കെതിരായ സമരങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. വി എസ് പൂഞ്ഞാറിൽ വച്ച് പിടിയിലാകുന്നത് പിറ്റേദിവസം 28നാണ്. കമ്മ്യൂണിസ്റ്റ് വിപ്ലവ ചരിത്രങ്ങളിൽ രക്തം എന്ന ഇമേജിന് വളരെയധികം പ്രാധാന്യമാണുള്ളത്. രക്തരൂക്ഷിതമായ ആ വിപ്ലവകാലത്ത് പൊലീസിൽ നിന്ന് കൊടിയ മർദനമാണ് വി എസിന് ഏറ്റുവാങ്ങേണ്ടി വന്നത്. പൂഞ്ഞാർ പൊലീസ് സ്റ്റേഷനിൽ വച്ചാണ് ആദ്യം വി എസ്സിന് മർദനമേറ്റത്. പിന്നീട് പാലാ ഔട്ട്‌പോസ്റ്റിൽ കൊണ്ടുപോയി തല്ലിച്ചതച്ചു. ഇടിയൻ നാരായണപിള്ള എന്ന കുപ്രസിദ്ധനായ എസ് ഐ ബയണറ്റ് കുത്തിയിറക്കിയതിന്റെ പാടുകൾ വി എസ്സിന്റെ കണങ്കാലിൽ ജീവിതകാലത്തുടനീളം മായാതെ കിടന്നു.
1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ സ്വാതന്ത്ര്യം കിട്ടാതെ ജയിലിൽ കഴിഞ്ഞ രണ്ടു നേതാക്കളാണ് എകെജിയും വിഎസ്സും. എകെജി കണ്ണൂർ സെൻട്രൽ ജയിലിലും വി എസ് തിരുവനന്തപുരം സെൻട്രൽ ജയിലിലുമാണ് കഴിഞ്ഞിരുന്നത്. അത് അമേരിക്കയും സോവിയേറ്റ് യൂണിയനും തമ്മിലുള്ള ശീത സമരങ്ങളുടെ കാലഘട്ടമായിരുന്നു. കിഴക്കൻ ജർമ്മനി, പോളണ്ട്, പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ഹംഗറി, ചെക്കോസ്ലോവാക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങൾ പയ്യെ സോവിയേറ്റ് യൂണിയനിൽ കൂട്ടിച്ചേർക്കപ്പെടാതെ സോവിയേറ്റ് സാറ്റ്‌ലൈറ്റ് രാജ്യങ്ങളായി മാറുന്ന കാലത്ത് വിഎസ് പാർട്ടിയിൽ നല്ല സ്വാധീനം ഉള്ള യുവനേതാവായി മാറുകയായിരുന്നു.
1940കളുടെ അവസാനവും 1950കളുടെ തുടക്കവും ലോക കമ്മ്യൂണിസത്തിന്റെ ചരിത്രത്തിലെ ചില നിർണായ മാറ്റങ്ങളുടെ കാലമായിരുന്നു. ക്യുമിന്റാങിന്റെ നേതൃത്വത്തിലുള്ള സർക്കാർ തായ്വാൻ സർക്കാർ തായ്വാൻ ദ്വീപിലേക്ക് പലായനം ചെയ്തതോടെ മാവോ യെ തുങും ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയും അധികാരത്തിൽ വന്നു. സ്റ്റാലിന്റെ ഭരണകാലത്തെ തീവ്ര നയങ്ങൾ ഇടത് ഭീകരതയെക്കുറിച്ച് ആഗോളതലത്തിൽ പല വിയോജിപ്പുകളും വിമർശനങ്ങളും ഉണ്ടാക്കി. 1957 ൽ ബാലാരിഷ്ടതകൾ മറികടന്ന് കേരളത്തിൽ ഇടത് പാർട്ടി പയ്യെ ഭരിച്ചു തുടങ്ങുകയായിരുന്നു. സർക്കാരിനെ ഉപദേശിക്കാനുള്ള ഒൻപതംഗ പാർട്ടി സമിതിയിലെ ചെറുപ്പക്കാരനായി വിഎസ് മാറി.. കേരളത്തിലെ ആദ്യ ഉപതെരഞ്ഞെടുപ്പ് ദേവികുളത്ത് നടക്കുമ്പോൾ ഇടതുമുന്നണിയുടെ പ്രചാരണ ചുമതലും വി എസ്സിനായിരുന്നു.
1953ൽ സ്റ്റാലിന്റെ മരണശേഷം മോസ്‌കോയുമായുള്ള മാവോയുടെ ബന്ധം വഷളായി. സ്റ്റാലിന്റെ പിൻഗാമികൾ കമ്മ്യൂണിസ്റ്റ് ആദർശത്തെ വഞ്ചിച്ചുവെന്ന് മാവോ കരുതി. സോവിയേറ്റ് നേതാവ് നികിത ക്രൂഷ്‌ചേവ് മാർക്‌സിസത്തിനും ലെനിനിസത്തിനും എതിരെ തിരിഞ്ഞ ഒരു റിവിഷനിസ്റ്റ് സംഘത്തിന്റെ നേതാവായിരുന്നുവെന്നും അദ്ദേഹം മുതലാളിത്തത്തിന്റെ പുനസ്ഥാപനത്തിന് കളമൊരുക്കുകയാണെന്നും മാവോ ആരോപിച്ചു.
മാവോയുടെ ഈ എതിർപ്പുകളും അതുണ്ടാക്കിയ ഗതിമാറ്റവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെയും പയ്യെ പിളർപ്പിലേക്ക് നയിക്കാൻ തുടങ്ങുകയായിരുന്നു. 1964ലാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളരുന്നത്. ചൈന-റഷ്യ പിളർപ്പിന്റെ വിപുലീകരണം മാത്രമായിരുന്നു ഇതചെന്ന് വിലയിരുത്തലുകൾ ഉണ്ടെങ്കിലും പാർട്ടിയെ അടിസ്ഥാന പിളർപ്പ് മോസ്‌കോയും പീക്കിംഗും തമ്മിലുള്ള പിളർപ്പിന് മുൻപേ തുടങ്ങിയിരുന്നുനവെന്നാണ് വിലയിരുത്തൽ. 1950കളിൽ ഒരുവശത്ത് ദേശീയ ബൂഷ്വാസിയുമായും നെഹ്‌റുമായും ഇന്ത്യൻ നാഷണൽ കോൺഗ്രസുമായും ഉള്ള ബന്ധവും മറുവശത്ത് ഇന്ത്യൻ ഭരണഘടനയുടെ പരിധിക്കുള്ളിൽ പ്രവർത്തിക്കാനുള്ള സാധ്യതകളും സിപിഐയിൽ ചർച്ചയാകുകയും പയ്യെ ഇത്തരം ചർച്ചകൾ കമ്മ്യൂണിസ്റ്റ് പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുകയും ചെയ്തു. സിപിഐയും സിപിഐഎമ്മും പിളരുന്ന വേളയിൽ 1964ൽ സിപിഐ ദേശീയ കൗൺസിലിൽ നിന്ന് ഇറങ്ങിപ്പോയ 32 പേരിൽ വിഎസ്സ് ഉൾപ്പെട്ടിരുന്നു.
അന്ന് കേരളത്തിൽ സിപിഐഎം ഓഫീസുകൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനത്തിന്റെ നേതൃനിരയിൽ ഉണ്ടായിരുന്നയാൾ. കുറച്ചുകൂടി റാഡിക്കലായ ഒരു ഇടതിലാണ് വി എസ്സ് വിശ്വസിച്ചിരുന്നത് എന്നാണ് അദ്ദേഹത്തിന്റെ അന്നത്തെ നിലപാടുകൾ തെളിയിച്ചിരുന്നത്. പാശ്ചാത്യ ലോകവുമായുള്ള സമാധാനപരമായ സഹവർത്തിത്വത്തിന്റെ സോവിയേറ്റ് ലൈൻ, നെഹ്‌റു ഗവൺമെന്റുമായുള്ള മെച്ചപ്പെട്ട സോവിയേറ്റ് ബന്ധം, 1962ലെ ചൈന-ഇന്ത്യ യുദ്ധം തുടങ്ങിയ അന്താരാഷ്ട്ര പ്രശ്‌നങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഭിന്നത ഉണ്ടായപ്പോൾ ഫാർ ലെഫ്റ്റിലേക്ക് നീങ്ങിനിൽക്കാനായിരുന്നു വിഎസ്സിന്റെ താത്പര്യം. വി എസ് പാർലമെന്ററി ജനാധിപത്യത്തിലേക്ക് ഇറങ്ങുന്നത് 1965 മുതലാണ്. ആ വർഷമായിരുന്നു ആദ്യ തെരഞ്ഞെടുപ്പ്. 1965ൽ അമ്പലപ്പുഴയിൽ നിന്നായിരുന്നു ആദ്യജനവിധി. ആർക്കും സർക്കാർ ഉണ്ടാക്കാൻ കഴിയാതെ ഫലം വന്ന ആ തെരഞ്ഞെടുപ്പിൽ വി എസ്സ് തോറ്റു. പക്ഷേ 1967 ൽ അതേ മണ്ഡലത്തിൽ നിന്ന് ജയിച്ച് വി എസ് സഭയിലെത്തി. ഇതിനിടയിൽ തന്നെ ചൈനീസ് ചാരന്മാരെന്ന് ആരോപിച്ചും പിന്നീട് അടിയന്തരാവസ്ഥക്കാലത്തും ഒക്കെ നിരവധി ജയിൽവാസങ്ങൾ വിഎസ്സിന് അനുഭവിക്കേണ്ടി വന്നു. 1965 മുതൽ 2016 വരെ 10 നിയമസഭാ തിരഞ്ഞെടുപ്പുകൾ വിജയിച്ചെങ്കിലും വി എസ്സിന് മന്ത്രി ആകാൻ കഴിയാതിരുന്നതിന് കൗതുകരമായ ചില കാരണങ്ങൾ ഉണ്ടായിരുന്നു. വിഎസ് വിജയിക്കുമ്പോൾ പാർട്ടിക്ക് ഭൂരിപക്ഷമോ പാർട്ടിക്ക് ഭൂരിപക്ഷം ഉണ്ടാവുമ്പോൾ വി എസ്സിന് ഭൂരിപക്ഷമോ ഉണ്ടാകാതെ വിഎസ്സിനുനേരെ മന്ത്രിക്കസേര ഒളിച്ചുകളിച്ചു. 1980 മുതൽ 1992 വരെ വി എസ്സ് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി ആവുന്നു. ജാതിമതശക്തികളുമായി സിപിഐഎമ്മിന് ഒരുവിധ സഖ്യവും പാടില്ലെന്ന പതിനൊന്നാം പാർട്ടി കോൺഗ്രസ് അന്തസ്സത്തയെ ചോദ്യം ചെയ്ത് കോൺഗ്രസാണ് മുഖ്യശത്രുവെന്നും ലീഗുമായും കേരള കോൺഗ്രസുമായും തെരഞ്ഞെടുപ്പ് സഖ്യം വേണം എന്നുമുള്ള ബദൽ രേഖ ഇകെ നയനാർ അടക്കം പിന്തുണച്ചു. ഇതിനെതിരെ ശക്തമായ നിലപാടാണ് വിഎസ്സിന് ഉണ്ടായിരുന്നത്. അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ അന്ന് പിളർപ്പിൽ നിന്ന് പാർട്ടിയെ രക്ഷിച്ചെടുത്തതും വി എസ്സ് തന്നെയാണ്.
വിഎസ്സിന്റെ ലെഫ്റ്റ് ലെഫ്റ്റ് ലെഫ്റ്റ് നടത്തവും നിത്യപ്രതിപക്ഷമെന്ന സ്വഭാവവും തെളിയിക്കുന്ന കാലഘട്ടമായിരുന്നു അത്. എൽഡിഎഫ് ഭരണത്തിലിരിക്കുമ്പോൾപ്പോലും വി എസ്സ് എന്ന ഇടതുനേതാവ് പ്രതിപക്ഷത്തിന്റെ ദൗത്യം നിർവഹിക്കുക തന്നെ ചെയ്തു. ആലപ്പുഴയിൽ വയൽ നികത്തി നട്ടുപിടിപ്പിച്ച കാർഷിക വിളകൾ വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിൽ വെട്ടിനിരത്തിയ സംഭവം അത്ര പെട്ടെന്ന് ആർക്കും ഉൾക്കൊള്ളാൻ സാധിക്കാത്തതാണ്. പരിസ്ഥിതിയും മണ്ണും അഴിമതിയും ഒക്കെയായി ബന്ധപ്പെട്ട വിഎസ്സിന്റെ നിലപാടുകൾ അത്രത്തോളം കണിശമായിരുന്നു. കരുണാകരൻ കോൺഗ്രസ് വിട്ട് രൂപീകരിച്ച ഡിഐസിയുമായി സഖ്യത്തിൽ ചേരണമെന്ന പാർട്ടിയിലെ ചിലരുടെ ആവശ്യത്തെ വി എസ്സ് തള്ളി. പയ്യെപയ്യെ വി എസ് പാർട്ടിയിലെ ഒറ്റയാൻ ആകുകയായിരുന്നു.
2006ൽ മലമ്പുഴയിൽ നിന്ന് ജയിച്ചാണ് ജയിച്ചാണ് വി എസ്സ് മുഖ്യമന്ത്രി ആകുന്നതെങ്കിലും ആ തെരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ സ്ഥാനാർഥി പട്ടികയിൽ വി എസ്സിന്റെ പേര് ആദ്യം ഉണ്ടായിരുന്നില്ല. വി എസ്സ് വരണമെന്ന് ആവശ്യപ്പെട്ട് പാർട്ടി പ്രവർത്തകർ പ്രതിഷേധം കടുപ്പിച്ചതോടെ കേന്ദ്രനേതൃത്വം ഇടപെട്ടാണ് അദ്ദേഹത്തിന്റെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത്.
പെട്ടെന്ന് ദഹിക്കാത്ത റാഡിക്കൽ കമ്മ്യൂണിസ്റ്റ് വാദത്തിന്റെ അതി ഗൗരവമുള്ള വിഎസ് അച്യുതാനന്ദൻ ഒരു മാസ്സ് ലീഡർ എന്ന നിലയിലേക്ക് മാറുന്ന കാലഘട്ടത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. സാധാരണക്കാരുടെ സമ്മതി വി എസ് നേടിയെടുത്ത പലഘട്ടങ്ങളിലും വി എസ്സിന്റെ നിലപാട് പാർട്ടിയുടെ ഔദ്യോഗിക നിലപാടിൽ നിന്ന് വ്യത്യസ്തമായിരുന്നു എന്ന് എടുത്ത് പറയേണ്ടതാണ്. ലാവ്‌ലിൻ അഴിമതി സംബന്ധിച്ച വിവരങ്ങളും അന്യസംസ്ഥാന ലോട്ടറി മാഫിയയെക്കുറിച്ചും വി എസ് വിവരങ്ങൾ ശേഖരിച്ച് സംസാരിച്ചത് അദ്ദേഹത്തിന്റെ ആധികാരികത വർധിപ്പിച്ചു. ഇടുക്കി മതികെട്ടാൻമലയിലെ അഴിമതി നേരിട്ട് ബോധ്യപ്പെടാൻ വിഎസ് മലകയറിയത് മാധ്യമങ്ങൾ ആഘോഷിച്ചു. അഴിമതിക്കെതിരെ ശബ്ദിക്കുമ്പോൾ വിഎസ്സിന്റേത് നിത്യ പ്രതിപക്ഷത്തിന്റെ് ശബ്ദം മാത്രമായിരുന്നു.
കരുവന്നൂർക്കാലത്ത് വിഎസ് സജീവ രാഷ്ട്രീയത്തിൽ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ നിലപാട് എന്തായിരിക്കും എന്നത് ഇപ്പോൾ കൗതുകമുണർത്തുന്ന ചോദ്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ ഇടത് നേതാക്കൾ കേൾക്കുന്ന വിപ്ലവത്തിൽ നിന്ന് അകന്നുപോകുവെന്ന വിമർശനം ഒരുകാലത്ത് വിഎസ്സ് ധാരാളമായി കേട്ടിട്ടുണ്ട്. ലാവ്‌ലിൻ പോരാട്ടങ്ങൾ ചൂട് പിടിച്ചപ്പോൾ 2007 ലാണ് വിഎസ് പൊളിറ്റ് ബ്യൂറോവിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെടുന്നത്.
2012ൽ ഒഞ്ചിയത്ത് വീണ രക്തക്കറ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയെ വല്ലാതെ ഉലച്ചു. 2012 മെയ് നാലിനാണ് ടി പി ചന്ദ്രശേഖരൻ വധിക്കപ്പെടുന്നത്. നിലപാടുകളുടെ ഒറ്റമരമായ വിഎസ്സ് ടി പിയുടെ വീട്ടിലെത്തി. വിലപിക്കുന്ന കെകെ രമയുടെ മുന്നിൽ ഇരുകൈകളും കൂപ്പിപിടിച്ച് വിഎസ്സ് നിന്നു. ആ ബലിഷ്ഠ കരങ്ങളിൽ മുറുകെപ്പിടിച്ച് ശിരസ്സ് കുനിച്ച് കണ്ണീർ വാർക്കുന്ന രമയും വിലാപങ്ങളുടെ ആർത്തലപ്പിനിടെ സ്ഥാനം തെറ്റിയ വിഎസ്സിന്റെ കണ്ണാടിയും അന്ന് വളരെ ആഴത്തിലാണ് മലയാളിയുടെ മനോമണ്ഡലത്തിൽ പതിഞ്ഞത്. ആഗോള മുതലാളിത്തത്തിനും രാജ്യത്തെ മത സാമൂഹിക സമവാക്യങ്ങളോടും പൊരുതുന്ന നിത്യയൗവനമായി ഒരു നൂറ്റാണ്ടിൽ മലയാഴളിക്ക് വി എസ്സല്ലാതെ മറ്റാരാണ് ഉണ്ടായിരുന്നത്?
Story Highlights : V. S. Achuthanandan hero of the eternal opposition
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here