Advertisement

വിവാഹമേ വേണ്ടെന്ന് വച്ചിരുന്ന വിഎസിന്റെ ജീവിതത്തിലേക്ക് കടന്നു വന്ന വസുമതി; അന്നും ഇന്നും സഖാവിന്റെ പ്രിയസഖി

5 hours ago
3 minutes Read
vs and wife

‘കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി സെക്രട്ടറി സഖാവ് അച്യുതാനന്ദനും കുത്ത്യതോട് കോടംതുരുത്തുമുറിയില്‍ കൊച്ചുതറയില്‍ ശ്രീമതി വസുമതിയും തമ്മിലുള്ള വിവാഹം 1967 ജൂലൈ 18നു ഞായറാഴ്ച പകല്‍ മൂന്നുമണിക്ക് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍വച്ചു നടത്തുന്നതിനു നിശ്ചയിച്ചിരിക്കുന്നതിനാല്‍ തദവസരത്തില്‍ താങ്കളുടെ മാന്യസാന്നിധ്യം ഉണ്ടായിരിക്കണമെന്നു താല്‍പര്യപ്പെടുന്നു’- സിപിഐഎം ആലപ്പുഴ ജില്ലാ ജോയിന്റ് സെക്രട്ടറിയുടെ പേരിലുള്ള ഈ ക്ഷണക്കത്ത് ഏവര്‍ക്കും പരിചിതമാണ്. വിവാഹമേ വേണ്ടെന്നു വച്ചിരുന്ന വി എസ് അച്യുതാനന്ദന്‍ തന്റെ 42ാം വയസില്‍ വിവാഹം ചെയ്തതും പാര്‍ട്ടി മേല്‍നോട്ടത്തില്‍ തന്നെ. അന്നു മുതല്‍ എന്നും സഖാവിന്റെ സഖിയായി സ്‌നേഹിച്ചും പരിചരിച്ചും വസുമതി കൂടെത്തന്നെയുണ്ടായിരുന്നു.

[VS Achuthanandan Wife Vasumathy,and there lifestory]

സിപിഎമ്മിന്റെ ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരിക്കെ ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണമണ്ഡപത്തില്‍ വച്ചാണ് വിഎസ് വസുമതിക്ക് വരണമാല്യം അണിയിച്ചത്. കതിര്‍മണ്ഡപമോ പുടവ നല്‍കലോ ഒന്നും ഇല്ലാതെ പരസ്പരം മാലയിടല്‍ മാത്രമായിരിന്നു ചടങ്ങ്. വിഎസിന് 43 ഉം വസുമതിക്ക് 29 മായിരുന്നു അന്നത്തെ പ്രായം. വിവാഹം കഴിഞ്ഞയുടൻ വി.എസ്. അച്യുതാനന്ദനും വസുമതിയും ഒരു വാടക വീട്ടിലേക്കാണ് പോയത്. അവിടെയാണ് അവർ അന്ന് രാത്രി തങ്ങിയതും. എന്നാൽ പിറ്റേന്ന് രാവിലെ പുതുമണവാളനായ വി.എസ്., വസുമതിയെ സഹോദരിയുടെ വീട്ടിലാക്കിയ ശേഷം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരത്തേക്ക് തിരിച്ചു.

അറേഞ്ച്ഡ് മാരേജ് ആയിരുന്നോ എന്ന ചോദ്യത്തിന് വസുമതി ഒരു അഭിമുഖത്തില്‍ പറഞ്ഞത് പാര്‍ട്ടി അറിഞ്ഞുള്ള വിവാഹമെന്നാണ്. വിവാഹമേ വേണ്ടെന്നു പറഞ്ഞ വിഎസ് എങ്ങനെ തീരുമാനം മാറ്റിയെന്നതിന് അദ്ദേഹം ഒരു അഭിമുഖത്തില്‍ മറുപടി പറഞ്ഞിട്ടുണ്ട്. പഴയ കമ്യൂണിസ്റ്റ് നേതാക്കളെപ്പോലെ അവിവാഹിതനായി കഴിയണമെന്ന് ആഗ്രഹിച്ചിരുന്നു. ആര്‍ സുഗതന്‍, സി കണ്ണന്‍ എന്നിവരെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കന്‍മാര്‍ മരണം വരെ വിവാഹിതരായിരുന്നില്ല. രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ജയിലും ഒളിവ് ജീവിതവും കഷ്ടപ്പാടുമെല്ലാം ജീവിതത്തിന്റെ ഭാഗമാണ്. ഈ സാഹചര്യത്തില്‍ ഒരു വിവാഹം നടത്തി പങ്കാളിയായി വരുന്നയാളെക്കൂടി ഈ ദുരിത്തിലേക്ക് തള്ളിവിടേണ്ടെന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നത് – വി എസ് പറയുന്നു. പിന്നീട് ആർ സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് വി എസ് വിവാഹിതനാകുന്നത്.

പാര്‍ട്ടി പരിപാടികളില്‍ പോകുമ്പോള്‍ ഇദ്ദേഹത്തെ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് സ്‌നേഹിതരായ ജി സദാശിവന്‍, ടി കെ രാമന്‍ എന്നിവര്‍ ഈ വിവാഹാലോചന കൊണ്ടുവരുന്നത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായ എന്‍ ശ്രീധരനുമായാണ് ഇക്കാര്യം സംസാരിക്കുന്നത്. ശ്രീധരനാണ് ഇക്കാര്യം എന്നോട് സംസാരിക്കുന്നത് – വി എസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Read Also: വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

വി എസിനെ ആദ്യം കണ്ട അനുഭവത്തെ കുറിച്ച് വസുമതിയും പല അഭിമുഖങ്ങളിലും മനസുതുറന്നിട്ടുണ്ട്. പാര്‍ട്ടി ആപ്പിസില്‍ വച്ച് അന്ന് വിഎസ് തന്നെ കണ്ടില്ല, താന്‍ കണ്ടുവെന്നും വസുമതി സരസമായി പറയുന്നു. കല്യാണത്തിന് മുന്‍പ് ഒരു ശിപാര്‍ശയുമായാണ് സഖാവിന് മുന്നിലെത്തുന്നത്. മഹിളാ പ്രവര്‍ത്തകയായിരുന്ന സഖാവ് ലില്ലിക്കുട്ടിക്കൊപ്പമായിരുന്നു അത്. ഒരു ജോലിയുമായി ബന്ധപ്പെട്ട ശിപാര്‍ശയ്ക്കായിരുന്നു. കാര്യങ്ങള്‍ കേട്ടശേഷം മുഖമൊന്ന് ഉയര്‍ത്തി നോക്കിയത് പോലുമില്ല. ഒന്ന് മൂളുക മാത്രം ചെയ്തു. ആ ജോലി കിട്ടിയൊന്നുമില്ല. അങ്ങനെ ശിപാര്‍ശയൊന്നും സഖാവ് അന്നും ഇന്നും ആര്‍ക്കും നല്‍കാറില്ല – വസുമതി പറയുന്നു.

കല്യാണം തീരുമാനിച്ചതിന് ശേഷമുള്ള കൂടിക്കാഴ്ചയിലാകട്ടെ ഭാവിയില്‍ ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചും സാഹചര്യങ്ങളെ കുറിച്ചുമാണ് സഖാവ് സംസാരിച്ചതെന്ന് വസുമതി പറഞ്ഞു. ഭാവിയില്‍ ഉണ്ടായേക്കാവുന്ന വിഷമതകളെ കുറിച്ച് അവരെ പറഞ്ഞ് മനസിലാക്കണമല്ലോ? തെറ്റായ നിലയിലുള്ള ധാരണയും വിശ്വാസവും പുലര്‍ത്തിയിട്ട് വിവാഹം കഴിഞ്ഞതിന് ശേഷം മറ്റൊരു ചിന്ത വരരുതല്ലോ. അതുകൊണ്ട് മുന്‍കൂര്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി – വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.

Read Also: പ്രായം തളർത്താത്ത പോരാളി, നീട്ടിയും കുറുക്കിയുമുള്ള പ്രസംഗങ്ങൾ; വിഎസിനെ കേൾക്കാൻ ഇരമ്പിയെത്തുന്ന ജനക്കൂട്ടം

എന്നും സഖാവിന്റെ ഈ വാക്കുകള്‍ മനസിലാക്കി മാത്രമേ വസുമതി പ്രവര്‍ത്തിച്ചിട്ടുള്ളു. ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നു ഹെഡ് നഴ്‌സായി വിരമിച്ച അവര്‍ സഖാവിന്റെ സഖിയായി എല്ലാക്കാലവും അഭിമാനത്തോടെ തന്നെ അദ്ദേഹത്തെ അനുഗമിച്ചു.

വിഎസിന്റേയും വസുമതിയുടെയും വിവാഹവാർഷികങ്ങൾ ആഘോഷങ്ങളില്ലാതെയാണ് കടന്നുപോയത്. സന്തോഷസൂചകമായി അന്ന് എല്ലാവർക്കും പായസം നൽകുമായിരുന്നു, അത്രമാത്രം. കഴിഞ്ഞ ജൂലൈ 18-ലെ വാർഷികവും അങ്ങനെതന്നെയായിരുന്നു. വി.എസ്. അച്യുതാനന്ദൻ എന്ന അതുല്യ വ്യക്തിത്വത്തെ വളർത്തിയെടുക്കുന്നതിൽ ഭാര്യ വസുമതിക്ക് വലിയ പങ്കുണ്ടായിരുന്നു എന്നതിൽ തർക്കമില്ല. അവരുടെ ജീവിതം ഇന്നും പലർക്കും പ്രചോദനമാണ്.

Story Highlights : VS Achuthanandan and his Wife Vasumathy,and there lifestory

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വി എസ് അച്യുതാനന്ദൻ അന്തരിച്ചു
വിപ്ലവ സൂര്യൻ ഇനി ഓർമ
സംസ്കാരം ബുധനാഴ്ച
Top