Advertisement

‘ആരോഗ്യവാനായി ഇരിക്കട്ടെ’; ജഗദീപ് ധൻകറിന് ആശംസ നേർന്ന് പ്രധാനമന്ത്രി

6 hours ago
Google News 4 minutes Read
modi

ഉപരാഷ്ട്രപതി പദവിയിൽ നിന്ന് രാജിവെച്ച ജഗദീപ് ധൻകറിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉപരാഷ്ട്രപതിയടക്കം സുപ്രധാന പദവികൾ വഹിക്കാൻ ധൻകറിന് അവസരം ലഭിച്ചിട്ടുണ്ട്. അദ്ദേഹം ആരോഗ്യവാനായി ഇരിക്കട്ടെ എന്നും മോദി ആശംസിച്ചു. സമൂഹമാധ്യമമായ എക്‌സിലാണ് പോസ്റ്റ് പങ്കുവെച്ചത്. ജഗദീപ് ധൻകറിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകരിച്ചു.

ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ധൻകറിന്റെ അപ്രതീക്ഷിത രാജി. അടിയന്തര പ്രാബല്യത്തോടെയാണ് അദ്ദേഹത്തിൻ്റെ രാജി. ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരമാണ് രാജി പ്രഖ്യാപിച്ചത്. ആരോഗ്യപരമായ കാരണങ്ങളും വൈദ്യോപദേശവും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുർമുവിനെ അഭിസംബോധന ചെയ്ത കത്തിൽ അറിയിച്ചത്.

അഭിമാനത്തോടെയാണ് പടിയിറങ്ങുന്നതെന്ന് പറഞ്ഞ ജ​ഗ്ദീപ് ധൻകർ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും, എല്ലാം പാർലമെന്റം​ഗങ്ങൾക്കും നന്ദി പറഞ്ഞു. ഏറെ നാളായി ജ​ഗ്ദീപ് ധൻകറിനെ അസുഖങ്ങൾ അലട്ടിയിരുന്നു. മാർച്ച് ആദ്യവാരം അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അടുത്തിടെ പൊതു പരിപാടിയിൽ വച്ച് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ജ​ഗ്ദീപ് ധൻകർ പശ്ചിമ ബംഗാൾ ​ഗവർണറായിരിക്കെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തെത്തുന്നത്. പദവിയിൽ രണ്ടുവർഷം ബാക്കി നിൽക്കേയാണ് അപ്രതീക്ഷിത രാജി.

അതേസമയം, പാർലമെന്റിന്റെ വർഷകാലസമ്മേളനത്തിന്റെ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് സഭ സ്തംഭിച്ചു. ലോക്സഭയിൽ നിരവധി പ്രതിപക്ഷ അംഗങ്ങൾ ബിഹാറിലെ വോട്ടർപട്ടിക പരിഷ്കരണം ചർച്ചചെയ്യണം എന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇത് പരിഗണിക്കാൻ സ്പീക്കർ തയ്യാറാകാതിരുന്നതോടെ പ്രതിപക്ഷം ബഹളവുമായി നടുത്തളത്തിൽ ഇറങ്ങി. ബഹളത്തെ തുടർന്ന് രണ്ടുതവണ ലോക്‌സഭ നിർത്തിവച്ചു. ജഗദീപ് ധൻകർ രാജി വച്ചതിനാൽ ഉപാധ്യക്ഷൻ ഹരിവൻശ് നാരായൺ സിംഗ് ആണ് അധ്യക്ഷത വഹിച്ചത്. പ്രതിപക്ഷ ബഹളത്തെ തുടർന്ന് രാജ്യസഭയും തടസ്സപ്പെട്ടു. ഇരു സഭകളും ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും സമ്മേളിക്കും.

Story Highlights : PM Narendra modi congratulates Jagdeep Dhankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here