സൈറ്റ് സ്ക്രീനും തുളച്ച് റസ്സലിന്റെ സിക്സ്; തോൽവിയിലും തല ഉയർത്തി മടക്കം

ജയിച്ചുക്കൊണ്ട് പടിയിറങ്ങുക എന്ന ആഗ്രഹത്തോടെയാണ് തന്റെ അവസാന മത്സരത്തിന് വിൻഡീസ് സൂപ്പർ താരം ആന്ദ്രേ റസ്സൽ കളത്തിൽ ഇറങ്ങിയതെങ്കിലും, ഓസ്‌ട്രേലിയക്ക് മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എങ്കിലും റസ്സൽ തന്റെ പതിവ് തെറ്റിച്ചില്ല. കയ്യിൽ ബാറ്റേന്തിയാൽ, അടിച്ചുപറത്തുക എന്നതാണ് റസ്സലിന്റെ രീതി. തന്റെ അവസാന മത്സരത്തിലും പതിവ് തെറ്റിക്കാതെ നാല് സിക്സുകളും രണ്ട് ബൗണ്ടറിയും അടക്കം അദ്ദേഹം 36 റൺസെടുത്തു. അതിൽ, ആദ്യ ഷോട്ട് ഗാലറിയിലെ സൈറ്റ് സ്ക്രീനും തുളച്ചുകൊണ്ടായിരുന്നു പറന്നത്.
വിരമിക്കലിന്റെ വൈകാരികതയെ മാറ്റി നിർത്തിക്കൊണ്ടായിരുന്നു റസ്സലിന്റെ ബാറ്റിംഗ്. കാരണം, 98 റൺസ് നേടുന്നതിനിടയിൽ 5 വിക്കറ്റ് നഷ്ടപ്പെട്ട വിൻഡീസിന് രക്ഷയായത് അദ്ദേഹത്തിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആയിരുന്നു. ബെൻ ഡാർഷുയിസിന്റെ ഓവറിലും, ആഡം സാംപയുടെ ഓവറിലും തകർത്താടി റസ്സൽ. 15ാം ഓവർ എറിയാനെത്തിയ ബെൻ ഡാർഷുയിസിന്റെ ആദ്യ പന്ത് തന്നെ ഗാലറിയിലെ സ്ക്രീനിനും മുകളിലൂടെ സിക്സർ പറത്തി തുടങ്ങിയ അദ്ദേഹം ആദ്യ നാല് പന്തിൽ മൂന്നും ഗാലറിയിലേക്ക് പായിച്ചു. പിന്നീട് വന്ന ആഡം സാംപക്കും കിട്ടി റസ്സലിന്റെ വക. 17ാം ഓവറിൽ റസ്സൽ മടങ്ങുമ്പോൾ 15 പന്തിൽ 36 റൺസ് നേടി വിൻഡീസിനെ 139 ൽ എത്തിച്ചു.
എട്ട് വിക്കറ്റ് നഷ്ടത്തിൽ 172 റൺസെടുത്ത വിൻഡീസിന് എന്നാൽ മത്സരത്തിൽ ജയിക്കാനായില്ല. ഓൾ റൗണ്ടറായ റസ്സൽ ബാറ്റിങ്ങിലും, ബൗളിങ്ങിലും മിന്നുന്ന പ്രകടനത്തോടെ അനവധി റെക്കോർഡുകളും കുറിച്ചിട്ടുണ്ട്. തന്റെ സ്വന്തം നാട്ടിൽ 15 വർഷത്തെ നീണ്ട ടി20 പോരാട്ടത്തിന് വിരാമമിടുമ്പോൾ സ്നേഹാദരങ്ങളോടെ യാത്രയയപ്പ് നൽകി സഹതാരങ്ങളും, മാറ്റ് ടീമംഗങ്ങളും. ‘അവസാന മത്സരമെന്ന നിലയിൽ വൈകാരികമായിരുന്നു ക്രീസിലേക്കുള്ള വരവ്. എങ്കിലും, തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു’, എന്നായിരുന്നു യാത്രയയപ്പിനിടെയുള്ള റസ്സലിന്റെ പ്രതികരണം.
Story Highlights : Andre Russell Shows Brute Force, sparkling farewell
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here