Advertisement

ഇന്ത്യൻ ഫുട്ബോളിന് പുതിയ പരിശീലകൻ ഉടൻ; മൂന്നുപേരുടെ ചുരുക്കപ്പട്ടികയായി

2 days ago
3 minutes Read
indian football captain

സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസുമായി വേർപിരിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് പുതിയ പരിശീലകനായുള്ള തിരച്ചിൽ സജീവമായിരിക്കുകയാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോകുന്ന ഇന്ത്യൻ ഫുട്ബോളിന് ഉണർവ് നൽകാൻ ആരെത്തും എന്ന ആകാംക്ഷയിലാണ് ആരാധകർ.

[New coach for Indian football]

2007-ൽ അന്നത്തെ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ ഇന്ത്യൻ ഫുട്ബോളിനെ വിശേഷിപ്പിച്ചത് “ലോക ഫുട്ബോളിലെ ഉറങ്ങുന്ന സിംഹം” എന്നാണ്. എന്നാൽ18 വർഷങ്ങൾക്കിപ്പുറവും ആ സിംഹം കൂടുതൽ ക്ഷീണിച്ച് ഉറക്കത്തിൽ നിന്ന് ഉണരാത്ത കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോൾ ടീം ഇന്ത്യയുടെ ഫിഫ റാങ്കിംഗ് 133 ആണ്. കഴിഞ്ഞ 17 വർഷത്തിനിടെ ഇന്ത്യൻ ഫുട്ബോളിന്റെ ഏറ്റവും മോശം റാങ്കിംഗ് ആണിത്.

Read Also: ഏഷ്യാ കപ്പിന് വേദിയാവുക യുഎഇ, 8 ടീമുകള്‍ പങ്കെടുക്കും, സെപ്റ്റംബറിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ

പുതിയ പരിശീലകനെ കണ്ടെത്താനായി 170-ൽ അധികം അപേക്ഷകളാണ് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് (AIFF) ലഭിച്ചത്. ഇതിൽ നിന്ന് മാനദണ്ഡങ്ങൾ പാലിച്ച 20 പേരുടെ പട്ടിക ഐ.എം. വിജയൻ അധ്യക്ഷനായ ടെക്നിക്കൽ കമ്മിറ്റി പരിശോധിച്ചു. ഈ 20 പേരിൽ നിന്ന് ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശാബോധം നൽകാൻ കഴിവുള്ള മൂന്ന് പേരടങ്ങുന്ന ഒരു ചുരുക്കപ്പട്ടിക ഇപ്പോൾ AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.

സ്റ്റീഫൻ കോൺസ്റ്റന്റൈൻ

      ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതമായ പേരാണ് സ്റ്റീഫൻ കോൺസ്റ്റന്റൈൻ. മുമ്പ് രണ്ട് തവണ (2002-2005, 2015-2019 കാലഘട്ടങ്ങളിൽ) ഇന്ത്യൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച അനുഭവസമ്പത്ത് അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്റെ രണ്ടാം വരവിൽ, ഇന്ത്യ ഫിഫ റാങ്കിംഗിൽ 173-ൽ നിന്ന് 97-ലേക്ക് വലിയ കുതിപ്പ് നടത്തുകയും നാല് പ്രധാന കിരീടങ്ങൾ നേടുകയും ചെയ്തിരുന്നു. ഇന്ത്യക്ക് വലിയ നേട്ടങ്ങൾ സമ്മാനിച്ച കോൺസ്റ്റന്റൈന്റെ മൂന്നാം വരവ് യാഥാർത്ഥ്യമായാൽ, അത് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന ഒന്നായിരിക്കും.

      ഖാലിദ് ജമീൽ

        ഇന്ത്യൻ പരിശീലകനാകാൻ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്ന പേരാണ് ഖാലിദ് ജമീൽ. വെറും 48 വയസ്സ് മാത്രമുള്ള ഈ ഇന്ത്യൻ പരിശീലകൻ, ഇന്ത്യൻ ലീഗുകളിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച വ്യക്തിയാണ്. 2017-ൽ അണ്ടർഡോഗുകളായിരുന്ന ഐസ്വാൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കി അദ്ദേഹം വരവറിയിച്ചു. ഐ.എസ്.എല്ലിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനൊപ്പവും നിലവിൽ ജംഷഡ്പൂർ എഫ്.സി.ക്കൊപ്പവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ഐ.എസ്.എൽ ചരിത്രത്തിൽ മുഖ്യ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരനായ ഖാലിദ് ജമീലിനാണ് കഴിഞ്ഞ രണ്ട് സീസണിലും മികച്ച പരിശീലകനുള്ള AIFF പുരസ്കാരം ലഭിച്ചത്. ടെക്നിക്കൽ കമ്മിറ്റിയുടെ അടക്കം പിന്തുണയുള്ള ഖാലിദ് ജമീൽ തിരഞ്ഞെടുക്കപ്പെട്ടാൽ, 2005-ന് ശേഷം ഇന്ത്യൻ ടീമിന് ഒരു ഇന്ത്യൻ മുഖ്യ പരിശീലകനുണ്ടാകും.

        സ്റ്റെഫാൻ ടാർകോവിച്ച്

          സ്ലോവാക്യൻ പരിശീലകനായ സ്റ്റെഫാൻ ടാർകോവിച്ചാണ് ചുരുക്കപ്പട്ടികയിലെ മൂന്നാമൻ. യുവേഫ യൂറോ 2020-ൽ സ്ലോവാക്യയെ പരിശീലിപ്പിച്ച ഇദ്ദേഹത്തിന്, കിർഗിസ്ഥാനെയും പരിശീലിപ്പിച്ചുള്ള ദേശീയ ടീം തലത്തിലുള്ള മികച്ച അന്താരാഷ്ട്ര പരിചയസമ്പത്തും തന്ത്രപരമായ അച്ചടക്കവും ഉണ്ട്. ദേശീയ ടീമുകളെ പരിശീലിപ്പിച്ചുള്ള പരിചയമാണ് ടാർകോവിച്ചിന്റെ പ്രധാന പ്ലസ് പോയിന്റ്.

          Story Highlights : New coach for Indian football soon; three shortlisted

          ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
          നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
          Advertisement

          ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

          Top