മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ; പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനം ഇനി ‘ജൂലൈ 30 ഹൃദയ ഭൂമി’ എന്നറിയപ്പെടും. മേപ്പാടി പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. മറ്റന്നാൾ ദുരന്തത്തിന് ഒരുവർഷം പൂർത്തിയാകാനിരിക്കെയാണ് ഇന്ന് യോഗം ചേർന്നത്.
പുത്തുമലയിൽ ഹാരിസൺ പ്ലാന്റേഷന്റെ ഉടമസ്ഥതയിലുള്ള 64 സെന്റെ് ഭൂമിയിലാണ് മരിച്ചവർക്കായി അന്ത്യവിശ്രമം ഒരുക്കിയത്. പ്രദേശവാസികളുടെ വൈകാരിക ആവശ്യം പരിഗണിച്ച് ഹാരിസൺ മലയാളം 64 സെന്റ് സ്ഥലം ശവസംസ്‌കാരത്തിനായി വിട്ടുനൽകുകയായിരുന്നു. സർവമത പ്രാർഥനയോടെയായിരുന്നു മൃതദേഹങ്ങൾ സംസ്കരിച്ചത്. പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു സംസ്‌കാര ചടങ്ങുകൾ നടന്നത്.
കഴിഞ്ഞവർഷം ജൂലൈ 30നായിരുന്നു മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ഉണ്ടായത്. സർക്കാരിന്റെ ഔദ്യോഗികക്കണക്ക് അനുസരിച്ച് മൊത്തം 298 മരണങ്ങളാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ചാലിയാർ, നിലമ്പൂർ തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നായി 223 ശരീര ഭാഗങ്ങൾ കണ്ടെത്തി. മരിച്ചവരിൽ 99 പേരെ ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു.
Story Highlights : Puthumala public cemetery named as ‘July 30 Hridaya Bhoomi’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here