അനാഥരായ കുട്ടികൾക്കായി 180 കോടിയിൽ ക്രിസ്ത്യൻ ബെയ്‌ലിന്റെ ആശ്രയകേന്ദ്രം

അനാഥരായ കുട്ടികൾക്ക് വേണ്ടി 22 മില്യൺ ഡോളർ (180 കോടി രൂപ) മുതൽമുടക്കിൽ ആശ്രയകേന്ദ്രം നിർമ്മിച്ച് ഹോളിവുഡ് താരം ക്രിസ്ത്യൻ ബെയ്ൽ. കാലിഫോർണിയയിലെ പാംഡെയ്ലിൽ 5 ഏക്കറോളം വരുന്ന സ്ഥലത്ത് 12 ഭവനങ്ങളും, കമ്മ്യൂണിറ്റി സെന്ററുകളും, പൂന്തോട്ടവും, കളിസ്ഥലവും ഉൾപ്പെടുന്നൊരു ചെറുഗ്രാമമാണ് നടൻ കുട്ടികൾക്കായി നിർമ്മിച്ചത്.
“എന്നോട് എല്ലാവരും ചോദിക്കുന്നു രക്ഷാകർത്താക്കളില്ലാത്ത കുട്ടികളോട് എന്തെങ്കിലും തരത്തിൽ കണക്റ്റ് ചെയ്യാൻ സാധിച്ചിട്ടാണോ ഇത് തുടങ്ങിയത് എന്ന്, എന്നാൽ അങ്ങനെ ഒരു കണക്ഷന്റെ ആവശ്യമുണ്ടാകണം എന്ന് നിർബന്ധം ഇല്ല, ഒരു സമൂഹ ജീവിയായ മനുഷ്യന് സ്വാഭാവികമായും തോന്നേണ്ടുന്ന ബേസിക്ക് ആയ കരുതൽ മാത്രമാണിത്. അതുകൊണ്ട് അവരുടെ പരിതഃസ്ഥിതിയിലൂടെ എപ്പോഴെങ്കിലും കടന്നു പോയാലേ അത് മനസിലാകൂ എന്നില്ല, ഒരു ഹൃദയം ഉണ്ടായാൽ മാത്രം മതി” ക്രിസ്ത്യൻ ബെയ്ൽ പറയുന്നു.

രക്ഷകർത്താക്കൾ മരണമടഞ്ഞതോ, ഉപേക്ഷിക്കപ്പെട്ടതോ, അസുഖ ബാധിതരായ മാതാപിതാക്കൾ ഉള്ളതോ ആയ കുട്ടികളെ പ്രത്യേക കേന്ദ്രങ്ങളിൽ താമസിപ്പിക്കുമ്പോൾ പല കരണങ്ങൾക്കൊണ്ട സഹോദരങ്ങളായ കുട്ടികൾ തമ്മിൽ വേർപിരിയേണ്ടി വരാറുണ്ട് അമേരിക്കയിൽ. ഇത്തരം പ്രശ്ങ്ങളെ ഒഴിവാക്കി അവരെ ഒരുമിച്ച് നിർത്തുകയെന്നതുകൂടിയാണ് തന്റെ ലക്ഷ്യമെന്നും ക്രിസ്ത്യൻ ബെയ്ൽ പറയുന്നു. 17 വർഷങ്ങൾക്ക് മുൻപ് മുതലാണ് ഇത്തരമൊരു പദ്ധതി തുടങ്ങാൻ താൻ ആലോചിച്ചത് എന്ന് താരം പറയുന്നു. 2026ഓട് കൂടി വില്ലേജ് തുറന്നു പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ക്രിസ്റ്റഫർ നോളന്റെ ബാറ്റ്മാൻ ട്രയോളജി, അമേരിക്കൻ സൈക്കോ, മെഷീനിസ്റ്റ്, ഫോർഡ് vs ഫെറാരി തുടങ്ങിയ ചിത്രങ്ങളിലൂടെ ആഗോള സിനിമ പ്രേമികളുടെ ആരാധനാ പിടിച്ചു പറ്റിയ ക്രിസ്ത്യൻ ബെയ്ൽ തന്റെ കഥാപാത്രങ്ങൾക്ക് വേണ്ടി നടത്തുന്ന രൂപ പരിണാമങ്ങളും മെത്തേഡ് ആക്റ്റിങ് ശൈലിയും കൊണ്ടാണ് പ്രശസ്തി നേടിയത്.
ക്രിസ്ത്യൻ ബെയ്ൽ ബാറ്റ്മാൻ/ബ്രൂസ് വെയ്ൻ ആയി അഭിനയിച്ച ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിൽ കഥാപാത്രം അനാഥ ബാലന്മാർക്ക് വേണ്ടി ഒരു ആശ്രയ കേന്ദ്രം ഫണ്ട് ചെയ്യുന്നതായി പ്രതിപാദ്യമുണ്ട്. ഇപ്പോൾ നടൻ തിരശീലയിൽ അവതരിപ്പിച്ച കഥാപാത്രവുമായാണ് ആരാധകർ ഈ പ്രവൃത്തിയെ താരതമ്യം ചെയ്യുന്നത്. താരം സിനിമയിലും ജീവിതത്തിലും ഹീറോ തന്നെയെന്ന് സോഷ്യൽ മീഡിയയിലൂടെ ചിലർ പ്രതികരിച്ചിരുന്നു.
Story Highlights :Christian Bale’s Rs 180 crore orphanage for orphaned children
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here