ഇന്ത്യൻ ഫുട്ബോളിന് പുതിയ ദിശ; ഖാലിദ് ജമീൽ ഇനി ടീമിനെ നയിക്കും

ഇന്ത്യൻ ഫുട്ബോളിന് ഒരു പുതിയ അധ്യായം കുറിച്ചുകൊണ്ട് ഖാലിദ് ജമീൽ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റു. കഴിഞ്ഞ 13 വർഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഈ പദവിയിലെത്തുന്നത്. ഇന്ത്യൻ ഫുട്ബോളിനെ ആഴത്തിൽ അറിയാവുന്ന, മുൻ ഇന്ത്യൻ താരം കൂടിയായ ജമീലിന്റെ വരവ് രാജ്യത്തെ ഫുട്ബോൾ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
[New coach for Indian football- Khalid Jamil]

പരിശീലകനെന്ന നിലയിൽ ഖാലിദ് ജമീലിന്റെ ട്രാക്ക് റെക്കോർഡ് തിളക്കമാർന്നതാണ്. 2016-17 സീസണിൽ അണ്ടർഡോഗുകളായിരുന്ന ഐസോൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യന്മാരാക്കിയാണ് ഖാലിദ് ജമീൽ ശ്രദ്ധ നേടിയത്. ഈ വിജയം ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഒരു വലിയ അട്ടിമറിയായിരുന്നു. ഐ.എസ്.എൽ ചരിത്രത്തിൽ മുഖ്യ പരിശീലകനാകുന്ന ആദ്യ ഇന്ത്യക്കാരൻ കൂടിയായ ഖാലിദ്, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷാദ്പൂർ എഫ്.സി. തുടങ്ങിയ ടീമുകൾക്കൊപ്പവും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ജംഷാദ്പൂർ എഫ്.സി.യെ സൂപ്പർ കപ്പ് റണ്ണേഴ്‌സ് അപ്പാക്കിയത് ഖാലിദിന്റെ പരിശീലന മികവിന് ഉദാഹരണമാണ്.
Read Also: ഇന്ത്യൻ ഫുട്ബോളിന്റെ പുതിയ സാരഥിയെ ഇന്നറിയാം, ആകാംഷയോടെ ആരാധകർ
ഖാലിദ് ജമീൽ കഴിഞ്ഞ രണ്ട് ISL സീസണിലും മികച്ച പരിശീലകനുള്ള എ.ഐ.എഫ്.എഫ്. (AIFF) പുരസ്കാരം നേടിയിരുന്നു. ടെക്നിക്കൽ കമ്മിറ്റിയുടെയും മറ്റു ഉന്നത സമിതികളുടെയും പൂർണ്ണ പിന്തുണയോടെയാണ് ഖാലിദ് പരിശീലക സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 48 വയസ്സ് മാത്രമുള്ള ഈ യുവ പരിശീലകൻ ഇന്ത്യൻ ഫുട്ബോളിലെ യുവ തലമുറയ്ക്ക് വലിയ പ്രചോദനം കൂടിയാണ്.
2005-ന് ശേഷം ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു ഇന്ത്യൻ മുഖ്യ പരിശീലകനുണ്ടാകുന്നത് ഇതാദ്യമാണ്. ഇന്ത്യൻ താരങ്ങളെയും, അവരുടെ സാധ്യതകളെയും, രാജ്യത്തിന്റെ ഫുട്ബോൾ സംസ്കാരത്തെയും ആഴത്തിൽ അറിയുന്ന ഒരു പരിശീലകൻ എന്ന നിലയിൽ ഖാലിദ് ജമീലിന്റെ സാന്നിധ്യം ടീമിന് ഗുണകരമാകും.
വിദേശ കോച്ചുമാർക്ക് പരിചിതമല്ലാത്ത ഇന്ത്യൻ ഫുട്ബോളിന്റെ പ്രത്യേകതകളെ അദ്ദേഹം കൂടുതൽ ഫലപ്രദമായി കൈകാര്യം ചെയ്യുമെന്നാണ് പ്രതീക്ഷ. പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ ഒരുങ്ങുന്ന ഖാലിദ് ജമീലിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം ലോക ഫുട്ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.
Story Highlights : Khalid Jamil named India Coach – Indian men’s football team gets the Indian head coach after 13 years
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here