അധ്യാപകനായി തുടക്കം, വിപുലമായ ശിഷ്യസമ്പത്ത്; സാംസ്‌കാരിക ഭൂമികയിൽ നിറഞ്ഞുനിന്ന സാനുമാഷ്

നിരവധി സംഭാവനകൾ മലയാളത്തിന് അർപ്പിച്ചാണ് പ്രൊഫ. എം കെ സാനു മടങ്ങുന്നത്. എഴുത്തുകാരൻ, അധ്യാപകൻ, ചിന്തകൻ, വാഗ്മി, ജനപ്രതിനിധി എന്നിങ്ങനെ പല നിലകളിൽ പ്രാഗദ്ഭ്യം തെളിയിച്ചാണ് എംകെ സാനു സാംസ്‌കാരിക ഭൂമികയിൽ നിന്ന് വിടവാങ്ങുന്നത്. വിപുലമായ ശിഷ്യസമ്പത്തായിരുന്നു സാനു മാഷിന്റെ കരുത്ത്. സാഹിത്യത്തിന്റെയും സാംസ്‌കാരിക കേരളത്തിന്റെയും ശബ്ദമായി മാറിയിരുന്ന എംകെ സാനു 98-ാം വയസ്സിലും സജീവമായിരുന്നു.
1927 ഒക്ടോബർ 27ന് ആലപ്പുഴ തുമ്പോളി മംഗലത്ത് തറവാട്ടിൽ എം സി കേശവൻ- കെ പി ഭവാനി ദമ്പതികളുടെ മകനായാണ് ജനനം. ആലപ്പുഴ സനാതനധർമ്മ ഹൈസ്‌കൂളിൽ അധ്യാപകനായി തൊഴിൽ ജീവിതമാരംഭിച്ചു. പ്രസംഗത്തിലേക്കും എഴുത്തിലേക്കുമൊക്കെ സാനു മാഷ് കടന്നുവരവ് യാദൃച്ഛികമായിരുന്നു. എൺപതിലേറെ പുസ്തകങ്ങൾ രചിച്ച അദ്ദേഹത്തിന് എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. നാരായണ ഗുരുവും ഗുരുദർശനങ്ങളും സാനുവിനെ സ്വാധീനിച്ചു. മലയാളഭാഷയിലെ മികച്ച ജീവചരിത്രകൃതികളെല്ലാം പ്രൊഫ എം.കെ സാനുവിന്റെ നിരീക്ഷണത്തിൽ നിന്നും സംഭാവന ചെയ്യപ്പെട്ടതാണ്.
Read Also: ‘അന്യജീവനുതകി സ്വജീവിതം…’; സംസ്‌കാരികരംഗത്തെ എളിമയുടെ പ്രതീകമായ സാനു മാഷ്
കാറ്റും വെളിച്ചവും ആയിരുന്നു ആദ്യ വിമർശനകൃതി. വിമർശനത്തിൽ നിന്നും ജീവിചരിത്ര രചനകളിലേക്ക് കടന്നു. ചങ്ങമ്പുഴ കൃഷ്ണപിള്ള- നക്ഷത്രങ്ങളുടെ സ്നേഹഭാജനം, ബഷീർ-ഏകാന്തവീഥിയിലെ അവധൂതൻ, സഹോദരൻ കെ അയ്യപ്പൻ, പി കെ ബാലകൃഷ്ണനെപ്പറ്റി ഉറങ്ങാത്ത മനീഷി തുടങ്ങി ജീവചരിത്രശാഖയിൽ നിസ്തുല സംഭാവനകൾ നിരവധിയുണ്ട് സാനു മാഷിന്റേതായി. കുമാരനാശാന്റെ നളിനി- വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി, തുടങ്ങി നാൽപതിലധികം കൃതികൾ സാനു മാഷിന്റേതായിട്ടുണ്ട്. കർമ്മഗതിയാണ് ആത്മകഥ.
2011-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, പത്മപ്രഭാ പുരസ്‌കാരം, വയലാർ അവാർഡ്, സമഗ്രസംഭാവനയ്ക്കുള്ള അബുദാബി ശക്തി അവാർഡ്, ആത്മകഥ ‘കർമഗതി’ക്ക് പവനൻ ഫൗണ്ടേഷൻ അവാർഡ്, 2013-ലെ എഴുത്തച്ഛൻ പുരസ്‌കാരം, ഫാദർ വടക്കൻ പുരസ്‌കാരം, പി. കേശവദേവ് സാഹിത്യപുരസ്‌കാരം, മഹാത്മാഗാന്ധി സർവകലാശാലയുടെ ഓണററി ഡോക്ടറേറ്റ്, കേരള സാഹിത്യ അക്കാദമി അവാർഡ് തുടങ്ങിയവ ലഭിച്ചുണ്ട്.
Story Highlights : MK Sanu who filled cultural landscape of Kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here