‘ദളിത് വിഭാഗത്തില്‍പ്പെട്ട കഴിവുറ്റ സംവിധായകര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി യാഥാര്‍ഥ്യമാക്കിയത് ഒന്നാം പിണറായി സര്‍ക്കാര്‍, 2 സിനിമകളുടെ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതും ഞാന്‍’; മുന്‍മന്ത്രി എ കെ ബാലന്‍

സിനിമാ കോണ്‍ക്ലേവ് വേദിയില്‍ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗം വിവാദമാക്കുന്നത് അനുചിതമെന്ന് സിപിഐഎം നേതാവും മുന്‍ സാംസ്‌കാരിക മന്ത്രിയുമായ എ കെ ബാലന്‍. ചലച്ചിത്ര രംഗത്തെ വിവിധ സാങ്കേതിക മേഖലകളെ കുറിച്ച് പഠനവും അറിവും നേടിയ നിരവധിയായ പട്ടികജാതി പട്ടികവര്‍ഗ്ഗയുവതി യുവാക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന് മനസിലാക്കിയാണ് സര്‍ക്കാര്‍ അവര്‍ക്ക് പണം നല്‍കിയതെന്ന് എ കെ ബാലന്‍ വിശദീകരിച്ചു. ധനസഹായത്തോടെ താര,മിനി എന്നി രണ്ടു വനിതാ സംവിധായകര്‍ നിര്‍മിച്ച നിഷിധോ, ഡൈവോഴ്‌സ് എന്നീ സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയപ്പോള്‍ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി തെളിഞ്ഞെന്നും എ കെ ബാലന്‍ പറഞ്ഞു. (ak balan on adoor gopalakrishnan’s controversial statement)
ഒഴിവാക്കപ്പെടേണ്ടതായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം തന്നെ വ്യക്തത വരുത്തിയതിനാല്‍ ഇനി വിവാദം വേണ്ടതില്ലെന്നാണ് എ കെ ബാലന്റെ നിലപാട്. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവിധായകര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം മുന്‍പ് വെട്ടിക്കുറയ്ക്കാന്‍ നീക്കം നടന്നിരുന്നുവെന്നും രണ്ടാം പിണറായി സര്‍ക്കാരാണ് പുന:സ്ഥാപിച്ച ഈ തുക നല്‍കി തുടങ്ങിയതെന്നും എ കെ ബാലന്‍ വിശദീകരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ:
സിനിമ കോണ്‍ക്ലെവിന്റെ സമാപന സമ്മേളനത്തിലെ അടൂര്‍ ഗോപാലകൃഷ്ണന്റെ ചില പരാമര്‍ശങ്ങള്‍ വിവാദമായി എന്നാല്‍ അദ്ദേഹം പിന്നീട് തന്റെ നിലപാട് വ്യക്തമാക്കുകയുണ്ടായി. ബഹു.മന്ത്രി സജി ചെറിയാനും ഇക്കാര്യം വിവാദമാക്കേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടു.
സിനിമാരംഗവും മാധ്യമ ലോകവും വളരെയേറെ മാറ്റങ്ങള്‍ക്ക് വിധേയമായെങ്കിലും പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ഇന്നും ഈ മേഖല അപ്രാപ്യമാണ്. കഴിവ് തെളിയിച്ചവര്‍ക്ക് പോലും സിനിമയുടെ മുഖ്യധാരയിലോ മാധ്യമ രംഗത്തോ എത്തിച്ചേരാന്‍ ആകുന്നില്ല. പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ജനവിഭാഗങ്ങളെ സാമൂഹ്യമായും സാംസ്‌കാരികമായും ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് നിരവധി പദ്ധതികള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ ആവിഷ്‌കരിക്കുകയുണ്ടായി. തിരുവനന്തപുരം പ്രസ് ക്ലബ്ബുമായി ചേര്‍ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പത്രപ്രവര്‍ത്തനരംഗത്ത് പരിശീലനവും പ്ലേസ്‌മെന്റ് നല്‍കുന്ന ഒരു പദ്ധതി ആവിഷ്‌കരിച്ചു. ദളിതയായതിന്റെ പേരില്‍ നാടുവിടേണ്ടിവന്ന നടി റോസിയുടെ കഥ നമ്മുടെ മുന്നിലുണ്ട്. അവരുടെ ഓര്‍മ്മയ്ക്കായി ഒരു വര്‍ക്കിഗ് വുമന്‍സ് ഹോസ്റ്റലും ആ ഗവണ്‍മെന്റ് യാഥാര്‍ത്ഥ്യമാക്കി. ചലച്ചിത്ര രംഗത്തെ വിവിധ സാങ്കേതിക മേഖലകളെ കുറിച്ച് പഠനവും അറിവും നേടിയ നിരവധിയായ പട്ടികജാതി പട്ടികവര്‍ഗ്ഗയുവതി യുവാക്കള്‍ക്ക് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയാത്ത സാഹചര്യം നിലനില്‍ക്കുന്നു എന്ന് തിരിച്ചറിഞ്ഞാണ് ഒന്നരക്കോടി രൂപ ഇവര്‍ക്ക് അനുവദിക്കുന്ന പുതിയ പദ്ധതി 2019 -20 വര്‍ഷത്തെ ബജറ്റില്‍ ധനകാര്യ മന്ത്രിയായിരുന്ന ഡോക്ടര്‍ തോമസ് ഐസക് പ്രഖ്യാപിച്ചത്.2020-21ല്‍ സ്ത്രീകള്‍ക്കും ഈ പദ്ധതി പ്രഖ്യാപിച്ചു.
337/2019 dt1-8-2019,26/2021dt 22/1/2021 നമ്പര്‍ ഉത്തരവുകളും സര്‍ക്കാര്‍ പുറത്തിറക്കി. സമര്‍പ്പിക്കുന്ന പ്രോജക്ട് ഒരു വിദഗ്ധസമിതി പരിശോധിച്ച് സര്‍ഗാ ത്മതയുള്ള കലാകാരന്മാരെ ഈ ഉത്തരവ് പ്രകാരം തെരഞ്ഞെടുത്താണ് ഈ പദ്ധതി നടപ്പിലാക്കിയത്. ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്റെ പിന്തുണയും ഈ പദ്ധതിക്ക് ഉണ്ടായിരുന്നു.
ഈ പദ്ധതിയുടെ ഭാഗമായി സാംസ്‌കാരി വകുപ്പിന്റെ ധനസഹായത്തോടെ താര,മിനി എന്നി രണ്ടു വനിതാ സംവിധായകര്‍ നിര്‍മിച്ച നിഷിധോ, ഡൈവോഴ്‌സ് എന്നീ സിനിമകളുടെ സ്വിച്ചോണ്‍ ഞാനാണ് നിര്‍വഹിച്ചത്. രാജ്യാന്തര തലത്തില്‍ വരെ ഈ ചിത്രങ്ങള്‍ തിരഞടുക്ക പ്പെട്ടതോടെ സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെട്ടു. പട്ടികജാതി പട്ടികവര്‍ഗ്ഗ സംവിധായകര്‍ക്ക് പ്രഖ്യാപിച്ച ധനസഹായം 2021 -22 ല്‍ 50 ലക്ഷം രൂപയായി വെട്ടി കുറച്ചെങ്കിലും സാംസ്‌കാരി വകുപ്പിന്റെ പ്രതിഷേധം കണക്കിലെടുത്ത് ധനകാര്യ വകുപ്പും പ്ലാനിങ് ബോര്‍ഡും തീരുമാനം മാറ്റി തുക ഒന്നരക്കോടിയായി തന്നെ പുന:സ്ഥാപിച്ചു. രണ്ടാം പിണറായി സര്‍ക്കാരാണ് പുന:സ്ഥാപിച്ച ഈ തുക നല്‍കി തുടങ്ങിയത്. സിനിമാകോണ്‍ക്ലവില്‍ ഈ പദ്ധതി രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്താണ് ആരംഭിച്ചതെന്ന പരാമര്‍ശം ശരിയല്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പാണ് ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
അടൂര്‍ ഗോപാലകൃഷ്ണന്‍ ചെയര്‍മാനായ ഘട്ടത്തിലാണ് കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റ്യൂട്ടിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പോലെ ഓണ്‍ലൈന്‍ ആയി വിദ്യാഭ്യാസാനുകൂല്യങ്ങള്‍ നല്‍കിയത്.മന്ത്രി എന്ന നിലയില്‍ ഇതു നടപ്പാക്കുന്നതിന് അടൂരിന്റെ പിന്തുണയും ഉണ്ടായിരുന്നു. ഒഴിവാക്കപ്പെടേണ്ടതായ അടൂര്‍ ഗോപാലകൃഷ്ണന്റെ പ്രസ്താവന സംബന്ധിച്ച് അദ്ദേഹം തന്നെ വ്യക്തത വരുത്തിയ സാഹചര്യത്തില്‍ ഇപ്പോഴത്തെ വിവാദം അനുചിതമാണ്.
Story Highlights : ak balan on adoor gopalakrishnan’s controversial statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here