സിനിമാ സംഘടനകളില്‍ തിരഞ്ഞെടുപ്പ് പോരാട്ടം; വാര്‍ത്തകളില്‍ നിറയെ സിനിമയും, വിവാദങ്ങളും

സിനിമാ സംഘടനകളില്‍ തിരഞ്ഞെടുപ്പുകാലമാണിത്. അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ ഭാരവാഹി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ തര്‍ക്കങ്ങളും പ്രസ്താവന യുദ്ധങ്ങളും അരങ്ങേറുന്നു. ദിവസവും വിവിധ ആരോപണങ്ങളുമായി നടീനടന്മാര്‍ രംഗത്തെത്തുന്നു. ബാബുരാജ് മത്സരിക്കുന്നതിനെതിരെ ആരംഭിച്ച അമ്മയിലെ പോരാട്ടം കുക്കുപരമേശ്വരനും പൊന്നമ്മബാബുവും തമ്മിലുള്ള പോര്‍വിളിയില്‍ എത്തിനില്‍ക്കുന്നു. ചില നടിമാരെ തെറ്റിദ്ധരിപ്പിച്ച് കുക്കു പരമേശ്വരന്‍ പരാതികള്‍ ഷൂട്ടു ചെയ്തുവാങ്ങിയെന്നും, അതിന്റെ മെമ്മറി കാര്‍ഡ് കുക്കു രസഹസ്യമായി സൂക്ഷിച്ചിരിക്കയാണെന്നുമാണ് ആരോപണം. ഇതിനിടയില്‍ നടി ഉഷക്കെതിരെ മാല പാര്‍വതിയും രംഗത്തെത്തി. അമ്മ അംഗങ്ങളുമായി ബന്ധപ്പെട്ട ചില വിവരങ്ങള്‍ ഉഷ രഹസ്യമായി ചോര്‍ത്തിക്കൊടുത്തുവെന്നാണ് മാല പാര്‍വതിയുടെ ആരോപണം. പൊന്നമ്മ ബാബുവും കുക്കു പരമേശ്വരനും തമ്മിലുള്ള പോരാട്ടം ശക്തമാവുന്നതിനിടയിലാണ് ഈ ആരോപണവും ചൂടുപിടിച്ചിരിക്കുന്നത്.
[Films and controversies]
അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടമാണ് അരങ്ങേറുന്നത്. നിരവധി താരങ്ങള്‍ അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കാനായി എത്തി. ജഗദീഷും ശ്വേതാമേനോനും, ജോയിമാത്യുവും ദേവനും തുടങ്ങി താരങ്ങളുടെ ഒരു പടതന്നെ രംഗത്തിറങ്ങി. സാധാരണ മോഹന്‍ലാലും മമ്മൂട്ടിയും ഇന്നസെന്റുമൊക്കെയായിരുന്നു അമ്മ ഭാരവാഹികളായി വന്നിരുന്നത്. എന്നാല്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുയര്‍ന്ന ലൈംഗികാരോപണ കേസുകളും ഉയര്‍ന്നതോടെ അമ്മ സംഘടന പ്രതിരോധത്തിലായി. ലൈംഗികാരോപണ പരാതിയില്‍ അകപ്പെട്ട് അമ്മ ജന.സെക്രട്ടറിയായിരുന്ന സിദ്ദിഖ് രാജിവെച്ചൊഴിഞ്ഞതോടെയാണ് താരസംഘടന പ്രതിരോധത്തിലാവുന്നത്. തുടര്‍ന്ന് ലൈംഗീകാരോപണ പെരുമഴയായിരുന്നു. അമ്മ ജന.സെക്രട്ടറിയായി പകരം ചുമതലയേറ്റ ബാബുരാജിനെതിരെയും പരാതിയുയര്‍ന്നതോടെ അമ്മ ഭരണ സമിതിയിൽ തന്നെ പിരിച്ചുവിടാന്‍ മോഹന്‍ലാല്‍ തീരുമാനിക്കുകയായിരുന്നു. പിന്നീട് അഡ്ഹോക് കമ്മിറ്റിയുടെ കീഴില്‍ ചലിച്ച അമ്മയില്‍ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം കൈക്കൊണ്ട് മോഹന്‍ലാല്‍ പിന്‍വാങ്ങി. ഇതോടെയാണ് പതിവിന് വിപരീദമായി തിരഞ്ഞെടുപ്പ് ചൂടുപിടിച്ചത്.
അമ്മ തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ മത്സരിക്കരുതെന്ന ആവശ്യവുമായി ഒരു വിഭാഗം താരങ്ങള്‍ രംഗത്തെത്തി. മത്സരിക്കാനെത്തിയ ബാബുരാജ് സംഘടനാ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതുവരെ എത്തി തിരഞ്ഞെടുപ്പ് വിവാദങ്ങള്‍. ഒരു വനിതയെ അധ്യക്ഷയാക്കുമെന്ന് ഉറപ്പുലഭിച്ചാല്‍ മത്സര രംഗത്തുനി്ന്നും പിന്‍വാങ്ങുമെന്നായിരുന്നു ജഗദീഷിന്റെ പ്രഖ്യാപനം. ജഗദീഷ് പിന്‍വാങ്ങിയതോടെ പ്രധാന മത്സരം ശ്വേതാ മേനോനും ദേവനും തമ്മിലായി. ഇതിനിടയിലാണ് ജന.സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ നടി പൊന്നമ്മ ബാബു ആരോപണവുമായി രംഗത്തെത്തുന്നത്. ബാബു രാജിനെ പിന്തുണച്ചാണ് പൊന്നമ്മ ബാബു രംഗത്തെത്തിയത്. പൊതുതിരഞ്ഞെടുപ്പില്‍ പോലും കാണാത്ത വീറും വാശിയും നിറഞ്ഞ തിരഞ്ഞെടുപ്പായി അമ്മ തിരഞ്ഞെടുപ്പ് മാറിയിരിക്കയാണ്.
Read Also: ഒറ്റ ദിവസംകൊണ്ട് 70 കോടിയിലധികം ഇടപാടുകൾ, ചരിത്രനേട്ടം കൈവരിച്ച് UPI
അമ്മ തിരഞ്ഞെടുപ്പ് ഈമാസം 15 നാണ്. ഒരു ദിവസം മുന്‍പ് നടക്കുന്ന നിര്‍മാതാക്കളുടെ സംഘടനായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. വനിതാ പ്രൊഡ്യുസര്‍മാര്‍ക്ക് പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവുമായി രംഗത്തെത്തിയ നിര്‍മാതാവ് സാന്ദ്രതോമസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്കാണ് മത്സരിക്കാനായി എത്തിയത്. നേരത്തെ അംഗങ്ങളേയും ഭാരവാഹികളേയും പൊതു മധ്യത്തില്‍ അവഹേളിക്കുകയും നിരന്തരമായി മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ചെയ്തതിന് സാന്ദ്രതോമസിനെ സംഘടനയില്‍ നിന്നും പുറത്താക്കിയിരുന്നു. കോടതിയില്‍ നിയമപോരാട്ടത്തിന് ശേഷം അവര്‍ സംഘടനയില്‍ തിരിച്ചെത്തി. തിരഞ്ഞെടുപ്പിന് നോമിനേഷന്‍ കൊടുത്തിരുന്നുവെങ്കിലും സൂഷ്മ പരിശോധനയില്‍ പത്രിക തള്ളി. ഇതിനെതിരെ സാന്ദ്രതോമസ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. നിര്‍മാതാക്കളുടെ സംഘടനയില്‍ ഗുണ്ടായിസമാണ് നടക്കുന്നതെന്നും, നിര്‍മാതാവ് ജി സുരേഷ് കുമാറാണ് ഗുണ്ടാ നേതാവെന്നും സിയാദ് കോക്കര്‍ ഗുണ്ടാതലവനാണ് എന്നുമായിരുന്നു സാന്ദ്രയുടെ ആരോപണം. ഒരു കോക്കസിന്റെ കൈയ്യിലാണ് മലയാള സിനിമയെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ തമിഴ് നാട് ബ്ലേഡ് മാഫിയയുടെ ഏജന്റാണെന്നുമായിരുന്നു നേരത്തെ സാന്ദ്രയുടെ ആരോപണം.
തന്റെ പത്രിക തള്ളാന്‍ ഗൂഢാലോചന നടന്നുവെന്നാണ് സാന്ദ്രതോമസിന്റെ ആരോപണം. സ്വന്തം ബാനറില്‍ മൂന്ന് സിനിമകള്‍ നിര്‍മിച്ചവര്‍ക്കുമാത്രമേ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയൂ എന്നാണ് സംഘടനയുടെ ബൈലോയില്‍ പറയുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് വരണാധികാരി പത്രിക തള്ളിയത്. ഒന്‍പത് സിനിമകള്‍ നിര്‍മ്മിച്ചിരുന്നുവെന്നും, ഇതില്‍ ഏഴ് സിനിമകള്‍ ഫ്രൈഡേ ഫിലിംസുമായി ചേര്‍ന്നായിരുന്നുവെന്നാണ് സാന്ദ്ര പറയുന്നത്. ഈമാസം 14 നാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്.
സിനിമാ രംഗത്തെ പ്രശ്നങ്ങളും പരാതികളും പരിഹരിക്കുന്നതിനും, ഒരു സിനിമാ നയം രൂപീകരിക്കുന്നതിനുമായി സര്‍ക്കാര്‍ നടത്തിയ സിനിമാ കോണ്‍ക്ലേവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച വിഖ്യാത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്നാണ് നിലവില്‍ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുന്നത്. എസ് സി/ എസ് ടി വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും സിനിമ നിര്‍മ്മിക്കുന്നതിനായി നല്‍കുന്ന ഒന്നരകോടി അധികമാണെന്നും. സിനിമയ്ക്ക് ഫണ്ടു നല്‍കുമ്പോള്‍ അവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കണമെന്നുമായിരുന്നു അടൂരിന്റെ നിര്‍ദേശം. ഐ എഫ് എഫ് കെ തുടങ്ങിയ കാലത്ത് അസ്ലില ദൃശ്യങ്ങളുള്ള വിദേശ ചിത്രങ്ങ്ള്‍ കാണാനായി ചാലകമ്പോളത്തില്‍ നിന്നുള്ള ചുമട്ടുതൊഴിലാളികളും ഡ്രൈവര്‍മാരും വാതില്‍ പൊളിച്ച് തിയേറ്ററിൽ കടക്കുമായിരുന്നുവെന്നും അങ്ങനെയാണ് ഡെലിഗേറ്റ് പാസ് ഏര്‍പ്പെടുത്തിയത് എന്ന പ്രസ്താവനയും വിവാദത്തിന് വഴിയൊരുങ്ങി. ശ്രീകുമാരന്‍ തമ്പിയും അടൂരും തുടങ്ങിയവർ ഒരു ഭാഗത്തും, അടൂരിനെ വിമര്‍ശിച്ച് പ്രസംഗം തടസപ്പെടുത്തിയ ഗായിക പുഷ്പവതിയെ അനുകൂലിച്ച് മറ്റൊരു വിഭാഗവും രംഗത്തെത്തി. ദളിത് സംഘടനകളും നേതാക്കളും അടൂരിനെതിരെ രംഗത്തെത്തി. ഇതോടെ കേരളത്തിലെ വിവാദങ്ങളെല്ലാം സിനിമയുമായി ചുറ്റപ്പെട്ടിരിക്കയാണ്.
Story Highlights : Election fight in film organization ‘AMMA’ and news full of films and controversies
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here