അഭ്യൂഹങ്ങൾക്ക് വിരാമം; വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ ജോസ് കെ. മാണി തന്നെ മത്സരിക്കും

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി പാലാ നിയോജക മണ്ഡലത്തിൽ തന്നെ മത്സരിക്കും. ജോസ് കെ. മാണി കടുത്തുരുത്തി മണ്ഡലത്തിലേക്ക് മാറിയേക്കുമെന്ന അഭ്യൂഹങ്ങൾക്കാണ് ഇതോടെ വിരാമമാകുന്നത്. പാലാ തിരിച്ചുപിടിക്കുന്നതിനായി യുവജന സംഘടനയായ യൂത്ത് ഫ്രണ്ടിനെ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പാർട്ടി ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്. [Jose K. Mani]
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പാലായിൽ യൂത്ത് ഫ്രണ്ട് സംഘടിപ്പിച്ച വിവിധ പരിപാടികൾ ഇതിന്റെ സൂചനകളായി വിലയിരുത്തപ്പെടുന്നു. പാലായിൽ യൂത്ത് ഫ്രണ്ടിന്റെ ഒരു പരിപാടിയിൽ സംസാരിക്കവേ പാലാ തിരിച്ചുപിടിക്കണമെന്ന് ജോസ് കെ. മാണി പ്രവർത്തകരോട് ആഹ്വാനം ചെയ്തത് അദ്ദേഹത്തിന്റെ മത്സരം പാലായിൽ തന്നെയായിരിക്കുമെന്നതിന് ഊന്നൽ നൽകുന്നു.
പാലാ മണ്ഡലം ജോസ് കെ. മാണിക്കും കേരള കോൺഗ്രസിനും വൈകാരികമായി ഏറെ പ്രാധാന്യമുള്ളതാണ്. കേരള രാഷ്ട്രീയത്തിൽ അരനൂറ്റാണ്ടിലേറെക്കാലം നിറഞ്ഞുനിന്ന കെ.എം. മാണിയുടെ തട്ടകമാണ് പാലാ. അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ മാണി സി. കാപ്പനോട് പരാജയപ്പെട്ടത് ജോസ് കെ. മാണിക്കും പാർട്ടിക്കും വലിയ തിരിച്ചടിയായിരുന്നു. അതുകൊണ്ടുതന്നെ പാലാ മണ്ഡലം തിരിച്ചുപിടിക്കേണ്ടത് പാർട്ടിയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് പാർട്ടി നേതൃത്വം വിശ്വസിക്കുന്നു.
ജോസ് കെ. മാണി കടുത്തുരുത്തി മണ്ഡലത്തിലേക്ക് മാറുമെന്ന അഭ്യൂഹങ്ങൾ മറ്റു ചില രാഷ്ട്രീയ സാഹചര്യങ്ങളെ മുൻനിർത്തി ഉയർന്നുവന്നിരുന്നു. എന്നാൽ പാലായിലെ ജനങ്ങളുമായി അടുത്ത ബന്ധം നിലനിർത്തിയും, പാർട്ടി സംവിധാനം കൂടുതൽ ശക്തമാക്കിയും മണ്ഡലം തിരികെ പിടിക്കാനാണ് നിലവിലെ തീരുമാനം. താഴേത്തട്ടിൽ പ്രവർത്തകരെ സജീവമാക്കാനും ജനകീയ പ്രശ്നങ്ങളിൽ കൂടുതൽ ഇടപെടാനും പാർട്ടി തീരുമാനമെടുത്തിട്ടുണ്ട്.
Story Highlights : Rumors are over; Jose K. Mani himself will contest from Pala in the upcoming assembly elections
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here