ഛത്തീസ്ഗഡില്‍ അറസ്റ്റിലായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി സുരേഷ് ഗോപി; കുടുംബാംഗങ്ങളുമായി സംസാരിച്ചു

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളില്‍ ഒരാളായ സിസ്റ്റര്‍ പ്രീതി മേരിയുടെ വീട്ടിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. സിസ്റ്ററുടെ അങ്കമാലിയിലുള്ള വീട്ടിലാണ് സുരേഷ് ഗോപി എത്തിയത്. കന്യാസ്ത്രീകള്‍ അറസ്റ്റിലായ വിഷയത്തില്‍ സുരേഷ് ഗോപി പ്രതികരിക്കാതിരുന്നതും കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതിരുന്നതും വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. അതിനിടെയാണ് സന്ദര്‍ശനം.
സുരേഷ് ഗോപിയെ പരോക്ഷമായി പരിഹസിച്ച് ഓര്‍ത്തഡോക്സ് സഭാ തൃശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തടക്കം രംഗത്തെത്തിയിരുന്നു. തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്ക് അയച്ച ഒരു നടനെ കാണാനില്ലെന്നും പോലീസില്‍ അറിയിക്കണമോ എന്നാണ് ആശങ്കയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ ബിജെപിക്കെതിരേ സഭാനേതാക്കളില്‍നിന്നടക്കം വലിയ വിമര്‍ശനമുണ്ടായിരുന്നു.
തുടര്‍നടപടികളില്‍ സുരേഷ് ഗോപി പൂര്‍ണ പിന്തുണ വാദ്ഗാനം ചെയ്തതായി കുടുംബം വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്നും അന്യായമായ കേസാണെന്നും സുരേഷ് ഗോപിയോട് വ്യക്തമാക്കിയതായും പറഞ്ഞു. കോടതിയിലിരിക്കുന്ന കേസാണെന്നും അതില്‍ കൂടുതല്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജാമ്യം ലഭിക്കുന്നതിന് വേണ്ടി അദ്ദേഹം നടത്തിയ നീക്കങ്ങളെ കുറിച്ച് വിശദമാക്കിയതായും അദ്ദേഹം പറഞ്ഞു. അനുഭാവപൂര്‍വമായ എല്ലാ പ്രവര്‍ത്തനവും നടത്തിക്കൊള്ളാമെന്ന് വ്യക്തമാക്കിയതായും കുടുംബം പറഞ്ഞു.
വോട്ടര്‍ പട്ടിക ക്രമക്കേടില്‍ വിവാദം കത്തുന്നതിനിടെയാണ് സുരേഷ്‌ഗോപി ഇന്ന് തൃശൂരില്‍ എത്തിയത്. വിവാദങ്ങളില്‍ മൗനം തുടര്‍ന്ന സുരേഷ് ഗോപി, ഇത്രയൊക്കെ സഹായിച്ചതിന് നന്ദിയെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ നടത്തിയ മാര്‍ച്ചിനിടെ പരുക്കേറ്റ ബിജെപി പ്രവര്‍ത്തകരെ അശ്വിനി ആശുപത്രിയിലെത്തി സുരേഷ് ഗോപി കണ്ടു. ക്യാംപ് ഓഫീസിലെത്തിയ സുരേഷ് ഗോപി, പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് അങ്കമാലിയിലെത്തിയത്.
Story Highlights : Suresh Gopi visit Preeti Marry’s home
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here