Advertisement

ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയിലെന്ന് വൈറ്റ്ഹൗസ്; അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ്

3 days ago
2 minutes Read
trump

റഷ്യ -യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപ് -പുടിന്‍ ഉച്ചകോടി അലാസ്‌കയിലെന്ന് സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്. അമേരിക്കന്‍ മണ്ണിലെത്താന്‍ സന്നദ്ധത കാണിച്ച പുടിന്റെ തീരുമാനം ആദരണിയമെന്ന് ട്രംപ് പറഞ്ഞു. വെള്ളിയാഴ്ചയാണ് കൂടിക്കാഴ്ച.

ഉച്ചകോടിക്കായി അലാസ്‌ക തിരഞ്ഞെടുത്തതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ സംസ്ഥാനമായ അലാസ്‌ക കാനഡയുടെയും റഷ്യയുടെയും അതിര്‍ത്തി പങ്കിടുന്ന വടക്കേ അറ്റത്തുള്ള പ്രദേശമാണ്. 1867 വരെ റഷ്യന്‍ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അലാസ്‌ക അമേരിക്കയുടെ ഭാഗമായി മാറിയത് ചരിത്രപരമായ ഒരു കരാറിലൂടെയായിരുന്നു. ഡാനിഷ് പര്യവേഷകനായ വിറ്റസ് ബെറിങ്ങ് 1741-ല്‍ ഈ പ്രദേശം കണ്ടെത്തിയതോടെയാണ് യൂറോപ്യന്‍മാര്‍ക്ക് ഈ ഭൂമി പരിചയമാകുന്നത്. റഷ്യന്‍ തിമിംഗല വേട്ടക്കാരും രോമ വ്യവസായികളും ഇവിടെ താവളമുറപ്പിച്ചു. എന്നാല്‍ റഷ്യന്‍ സാമ്രാജ്യത്തിന് അലാസ്‌കയില്‍ അത്ര താല്‍പര്യമുണ്ടായിരുന്നില്ല. സാമ്പത്തികമായി നേട്ടങ്ങളുണ്ടാക്കുന്നില്ലെന്നതിനു പുറമേ, ബ്രിട്ടീഷ് അധിനിവേശശക്തികളില്‍ നിന്ന് ഈ പ്രദേശത്തെ സംരക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്ന് റഷ്യയ്ക്ക് തോന്നി. റഷ്യയുടെ ഈ സാഹചര്യം മുതലെടുത്ത് അമേരിക്ക അലാസ്‌ക വാങ്ങുകയായിരുന്നു.

1867 മാര്‍ച്ച് 30-ന് 72 ലക്ഷം ഡോളറിന് റഷ്യ അലാസ്‌ക അമേരിക്കയ്ക്ക് വിറ്റു. അക്കാലത്ത് അമേരിക്കയിലെ പലരും ഈ നീക്കത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് അലാസ്‌കയുടെ പ്രാധാന്യം അമേരിക്ക തിരിച്ചറിഞ്ഞു. അലാസ്‌കയിലെ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയതും, മീന്‍പിടിത്തത്തിന്റെയും പ്രകൃതി വിഭവങ്ങളുടെയും സാധ്യതകള്‍ തിരിച്ചറിഞ്ഞതും ഈ പ്രദേശത്തെ അമേരിക്കയുടെ സാമ്പത്തിക ഭാവിയുടെ നിര്‍ണായക ഘടകമാക്കി മാറ്റി. 1959 ജനുവരി 3-ന് അലാസ്‌ക അമേരിക്കയുടെ 49-ാമത് സംസ്ഥാനമായി മാറി. ഈ സ്ഥലം ഉച്ചകോടിക്കായി ട്രംപ് തിരഞ്ഞെടുത്തതിന് വേറെയുമുണ്ട് ചില കാരണങ്ങള്‍. നിലവില്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ് നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ അമേരിക്ക ആ കോടതിയുടെ ഭാഗമല്ലാത്തതുകൊണ്ട് അലാസ്‌കയില്‍ വെച്ച് പുടിനെ അറസ്റ്റ് ചെയ്യാനാവില്ല. 88 കിലോമീറ്റര്‍ ദൂരം മാത്രം ബെറിങ് കടലിടുക്കിനു മുകളിലൂടെ പറന്ന്, മറ്റൊരു രാജ്യവും തൊടാതെ പുടിന് സുരക്ഷിതമായി അലാസ്‌കയില്‍ ഇറങ്ങാനുമാകും.

Story Highlights : Trump-Putin summit location is Alaska; White House confirms

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top