യുവേഫ സൂപ്പര്‍ കപ്പില്‍ സ്‌പോട്ട്കിക്ക് പാഴാക്കി; ടോട്ടന്‍ഹാം താരത്തിനെതിരെ വംശീയ അധിക്ഷേപം

യുവേഫ സൂപ്പര്‍ കപ്പില്‍ പാരിസ് സെയ്ന്റ് ജര്‍മ്മന്‍ (പിഎസ്ജി) ടീമിനെതിരായ ടൈബ്രേക്കര്‍ പരാജയത്തിന് പിന്നാലെ നിര്‍ണായക സ്‌പോട്ട്കിക്ക് പാഴാക്കിയ ടോട്ടന്‍ഹാം ഹോട്സ്പര്‍ ഫോര്‍വേഡ് മാത്തിസ് ടെല്ലിനെതിരെ ക്ലബ് ആരാധകരുടെ വംശീയ അധിക്ഷേപം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് താരത്തിനെതിരെ വംശീയ പരാമര്‍ശം തുടരുന്നത്. ആരാധകരുടെ നടപടിയെ ടോട്ടന്‍ഹാം ഹോട്സ്പര്‍ അപലപിച്ചു കഴിഞ്ഞെങ്കിലും സംഭവം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്. ഈ വര്‍ഷമാദ്യം യൂറോപ്പ ലീഗ് ചാമ്പ്യന്‍മാരായ ടോട്ടന്‍ഹാം ഹോട്‌സ്പര്‍സ് ബുധനാഴ്ച ഇറ്റലിയിലെ ഉഡിനില്‍ നടന്ന മത്സരത്തില്‍ അവസാന നിമിഷങ്ങളില്‍ സമനില വഴങ്ങിയും പിന്നീട് ടൈബ്രേക്കറിലും തോല്‍ക്കുകയായിരുന്നു. 84 മിനുട്ട് വരെ 2-0 ന് മുന്നിലായിരുന്ന ടോട്ടന്‍ഹാം കിരീടം സ്വന്തമാക്കുമെന്ന് തന്നെയായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ എല്ലാം തകിടം മറിച്ചായിരുന്നു പിഎസ്ജിയുടെ തിരിച്ചുവരവ്. 85, 94 മിനിറ്റുകളില്‍ യഥാക്രമം കാങ് ലി ഇന്‍, ഗോണ്‍ കാലോ റാമോസ് എന്നിവര്‍ സ്‌കോര്‍ ചെയ്ത് മത്സരം സമനിലയാക്കുകയായിരുന്നു. സമനില ഭേദിക്കാന്‍ സ്‌പോട്ട്കിക്കുകള്‍ വേണ്ടി വന്നെങ്കിലും 4-3 സ്‌കോറില്‍ പിഎസ്ജി കിരീടത്തില്‍ മുത്തമിട്ടു.
അതേ സമയം അഞ്ജാത പ്രൊഫൈലുകളില്‍ നിന്നാണ് മാത്തിസ് ടെല്ലിനെതിരെയുള്ള വംശീയ അധിക്ഷേപങ്ങളും കൂടുതലും ഉണ്ടായിരിക്കുന്നത്. ഈ നടപടിയെ അപലപിച്ചു കൊണ്ട് ടോട്ടന്‍ഹാം ഹോട്‌സ്പര്‍ ക്ലബ് അധികാരികള്‍ എക്‌സില്‍ കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. കുറിപ്പ് താഴെ.
”കഴിഞ്ഞ രാത്രിയിലെ യുവേഫ സൂപ്പര്‍ കപ്പ് തോല്‍വിക്ക് ശേഷം മാത്തിസ് ടെല്ലിനെതിരെ സോഷ്യല്‍ മീഡിയയില്‍ നടന്ന വംശീയ അധിക്ഷേപത്തില്‍ ഞങ്ങള്‍ക്ക് വെറുപ്പ് തോന്നുന്നു. മാത്തിസ് ആത്മവിശ്വാസത്തോടെ തന്നെയാണ് പെനാല്‍റ്റി കിക്ക് എടുത്തത്. പക്ഷേ അദ്ദേഹത്തെ അധിക്ഷേപിക്കുന്നവര്‍ ഭീരുക്കളാണ്. അജ്ഞാത ഉപയോക്തൃനാമങ്ങളുടെയും പ്രൊഫൈലുകളുടെയും പിന്നില്‍ ഒളിച്ച് അവരുടെ വെറുപ്പുളവാക്കുന്ന വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്.
ഞങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്ന ഏതൊരു വ്യക്തിക്കെതിരെയും സാധ്യമായ ഏറ്റവും ശക്തമായ നടപടി സ്വീകരിക്കുന്നതിന് ഞങ്ങള്‍ അധികാരികളോടും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളോടും ആവശ്യപ്പെടും.
മാത്തിസ്…ഞങ്ങള്‍ നിങ്ങളോടൊപ്പം”
Story Highlights: Mathys Tel Faces Racial Abuse For Missing Penalty Against PSG
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here