Advertisement

‘അമ്മ’ ഇനി പെണ്‍കരുത്തില്‍ മുന്നേറും; തിരുത്തി കുറിച്ചത് 31 വര്‍ഷത്തെ ചരിത്രം

7 hours ago
3 minutes Read
swetha

താരസംഘടനയായ ‘അമ്മ’യുടെ 31 വര്‍ഷത്തെ ചരിത്രം തിരുത്തിയിരിക്കുന്നു. ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേതാ മേനോന്‍ സംഘടനയില്‍ കരുത്ത് തെളിയിച്ചത്. പുതിയ ഭാരവാഹികളെ കണ്ടെത്തുന്നതിനായി നടന്ന അത്യന്തം വാശിയേറിയ തിരഞ്ഞെടുപ്പില്‍ 298 പേരാണ് വോട്ടുരേഖപ്പെടുത്തിയത്. 506 പേരാണ് ‘അമ്മ’യില്‍ അംഗങ്ങളായുള്ളത്. ഇതില്‍ 233 വോട്ടര്‍മാര്‍ വനിതകളാണ്.

ജനറല്‍ സെക്രട്ടറിയായി കുക്കു പരമേശ്വരനും ട്രഷററായി ഉണ്ണി ശിവപാലും തിരഞ്ഞെടുക്കപ്പെട്ടു. ജോ.സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും വിജയിച്ചു.

‘ അമ്മ ‘ ഭാരവാഹി തിരഞ്ഞെടുപ്പില്‍ മുന്‍പെങ്ങുമില്ലാത്ത തരത്തിലുള്ള വിവാദങ്ങളും ആരോപണങ്ങളുമാണ് ഉയര്‍ന്നിരുന്നത്. താരങ്ങള്‍ പരസ്പരം ചെളിവാരിയെറിയുന്ന തരത്തിലുള്ള ആരോപണങ്ങളും പരാതികളും ഉയര്‍ത്തി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച നടി ശ്വേതാ മേനോനെതിരെ അശ്ലീല ദൃശ്യങ്ങളില്‍ അഭിനയിച്ചുവെന്ന ആരോപണവുമായി പൊലീസ് കേസുവരെ ഉണ്ടായി.

Read Also: അമ്മയെ നയിക്കാൻ വനിതകൾ; ശ്വേത മേനോൻ പ്രസിഡന്റ്, കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറി

ആരോപണ വിധേയരായവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ജോയ് മാത്യു ഉയര്‍ത്തിയ ആവശ്യം തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയായി. ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരേയാണ് പ്രതിഷേധം കനത്തത്. വിവാദം കത്തിപ്പടര്‍ന്നതോടെ ബാബുരാജ് പത്രിക പിന്‍വലിക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യഘട്ടത്തില്‍ മത്സരിക്കാന്‍ പത്രിക നല്‍കിയ ജഗദീഷ് അവസാനഘട്ടത്തില്‍ പത്രിക പിന്‍വലിക്കുകയായിരുന്നു. ജോയ് മാത്യു പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പത്രിക നല്‍കിയിരുന്നുവെങ്കിലും നോമിനേഷന്‍ തള്ളിയതോടെ മത്സരരംഗത്തുനിന്നും പുറത്തായി. ജോയിന്റ് സെക്രട്ടറി സ്ഥാനത്തിനായി പത്രിക നല്‍കിയ നവ്യാ നായരും പത്രിക പിന്‍വലിക്കുകയായിരുന്നു.
ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മത്സരിക്കാനെത്തിയ കുക്കു പരമേശ്വരനെതിരെ ആരോപണവുമായി പൊന്നമ്മ ബാബു രംഗത്തെത്തിയതും, ശ്വേതാ മേനോനെതിരായി ഉണ്ടായ കേസും വിവാദമായി. ഉഷയ്ക്കെതിരെ മാലാ പാര്‍വതി ഉയര്‍ത്തിയ ആരോപണങ്ങളും താര സംഘടനയ്ക്കുള്ളിലെ തര്‍ക്കങ്ങളുടെ ഭാഗമായിരുന്നു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കാന്‍ എത്തിയ ബാബുരാജ് പത്രിക പിന്‍വലിക്കാനിടയായ വിവാദങ്ങളുടെ തുടര്‍ച്ചയാണ് ശ്വേതാ മേനോനെതിരെ ഉണ്ടായ കേസെന്നും ആരോപണം ഉയര്‍ന്നിരുന്നു.

ആരോപണങ്ങളും കേസുകളും ശ്വേതയുടേയും കുക്കു പരമേശ്വരന്റെ വിജയത്തിന് വഴിയൊരുങ്ങിയെന്നാണ് പരാജയപ്പെട്ട സ്ഥാനാര്‍ഥികളുടെ വിലയിരുത്തല്‍.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരനും രവീന്ദ്രനും തമ്മിലായിരുന്നു പോരാട്ടം. തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന അംഗങ്ങളെ എത്തിക്കാനും വോട്ടുകള്‍ ചെയ്യിക്കാനും ശ്രമം നടത്തിയപ്പോള്‍ ഇരുന്നൂറ്റി എട്ട് അംഗങ്ങള്‍ വോട്ടു ചെയ്യാന്‍ എത്തിയില്ല. യുവതാരങ്ങള്‍ അടക്കം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നതും ശ്രദ്ധേയമാണ്.

മോഹന്‍ലാല്‍ വോട്ടു രേഖപ്പെടുത്താന്‍ രാവിലെ എത്തിയിരുന്നു. ചികില്‍സയിലായതിനാല്‍ മമ്മൂട്ടി വോട്ടെടുപ്പിന് എത്തിയിരുന്നില്ല. പുതിയ ഭരണസമിതി ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ‘അമ്മ’ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി സിദ്ദിഖും അടങ്ങുന്ന ഭരണ സമിതി ചുമതലയേറ്റത്. എന്നാല്‍ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതും, സിദ്ദിഖ്, ബാബു രാജ് തുടങ്ങിയവര്‍ക്കെതിരെ സ്ത്രീപീഡന കേസുകള്‍ വന്നതും സംഘടനയെ പ്രതിരോധത്തിലാക്കി.

ഇതോടെയാണ് ഭരണ സമിതി രാജിവെക്കുന്നതായും അഡ്ഹോക് കമ്മിറ്റിയുടെ കീഴില്‍ ‘അമ്മ’ സംഘടന മുന്നോട്ടുപോകുമെന്നും മോഹന്‍ലാല്‍ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞമാസം നടന്ന ‘അമ്മ’ ജനറല്‍ ബോഡിയോഗത്തില്‍ വച്ച് അധ്യക്ഷനായി തുടരണമെന്ന അംഗങ്ങളുടെ അഭ്യര്‍ത്ഥന മോഹന്‍ലാല്‍ തള്ളി. തിരഞ്ഞെടുപ്പിലൂടെ ഭാരവാഹികള്‍ വരട്ടേയെന്നും, തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താനില്ലെന്നും നിലപാട് കൈക്കൊണ്ടതോടെയാണ് സ്ഥാനാര്‍ഥികളുടെ എണ്ണത്തില്‍ തള്ളിക്കയറ്റമുണ്ടായത്.

ശ്വേതാ മേനോന്‍ അമ്മയുടെ പ്രസിഡന്റ് ആകട്ടെ എന്നായിരുന്നു സൂപ്പര്‍താരങ്ങളുടെ നിലപാട്. എന്നാല്‍ ഏകകണ്ഠമായൊരു തീരുമാനം കൈക്കൊള്ളാന്‍ അംഗങ്ങള്‍ക്കായില്ല. സംഘടനയില്‍ പുരുഷാധിപത്യം നിലനില്‍ക്കുന്നു എന്ന ആരോപണം വലിയ തോതില്‍ ഉയര്‍ന്നിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആടിയുലഞ്ഞ ‘അമ്മ’യെ നയിക്കാന്‍ വനിതാ മുഖങ്ങള്‍ വരുന്നു എന്നത് ഏറെ പ്രത്യേകതയാണ്. ആരോപണത്തില്‍ കടപുഴകിവീണ വന്‍മരങ്ങള്‍ക്ക് പകരം ഇനി രണ്ടുവര്‍ഷക്കാലം അമ്മയെ വനിതകള്‍ നയിക്കും.

Story Highlights : For the first time ‘ AMMA’ association will be led by women

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top