ഇന്ദിരാ ഗാന്ധിയെ മറികടന്നു; സ്വാതന്ത്ര്യ ദിനത്തിൽ മോദിക്ക് റെക്കോർഡ്, 103 മിനിറ്റ് നീണ്ട പ്രസംഗം

ചെങ്കോട്ടയിൽ തുടർച്ചയായി 12-ാം തവണയും സ്വാതന്ത്ര്യദിന പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയൊരു റെക്കോർഡ് സ്ഥാപിച്ചു. ഈ വർഷത്തെ 79-ാമത് സ്വാതന്ത്ര്യദിനത്തിൽ 103 മിനിറ്റ് നീണ്ട പ്രസംഗത്തിലൂടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. ഇത് അദ്ദേഹത്തിന്റെ സ്വാതന്ത്ര്യദിന പ്രസംഗങ്ങളിൽ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗമാണ്. തുടർച്ചയായി 11 തവണ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ ഇന്ദിരാഗാന്ധിയുടെ റെക്കോർഡ് ആണ് മോദി ഇത്തവണ മറികടന്നത്.
[Modi breaks Indira Gandhi’s record on Independence Day]
അതേസമയം തുടർച്ചയായി 17 തവണ പ്രസംഗം നടത്തിയ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മാത്രമാണ് ഈ റെക്കോർഡ് പട്ടികയിൽ മോദിക്ക് മുന്നിലുള്ളത്. നെഹ്‌റു 1947 മുതൽ 1963 വരെയാണ് ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്തത്.
Read Also: ‘ട്രസ്റ്റ് വിത്ത് ഡെസ്റ്റിനി’; ഇന്ത്യയുടെ ഉയർത്തെഴുനേൽപ്പ്, സ്വാതന്ത്ര്യ പ്രഖ്യാപനം
ഇന്ദിരാഗാന്ധി ആകെ 16 തവണയാണ് സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിച്ചതെങ്കിലും, ഇതിൽ 11 പ്രസംഗങ്ങൾ മാത്രമാണ് തുടർച്ചയായി നടത്തിയത്. 2014-ൽ അധികാരത്തിലെത്തിയ മോദി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ തുടർച്ചയായ 10 പ്രസംഗങ്ങളുടെ റെക്കോർഡ് കഴിഞ്ഞ വർഷം തകർത്തിരുന്നു. മൻമോഹൻ സിംഗ് 2004 മുതൽ 2014 വരെയാണ് പ്രധാനമന്ത്രിയായിരുന്നത്. അടൽ ബിഹാരി വാജ്‌പേയി ആറു തവണയും, രാജീവ് ഗാന്ധി അഞ്ചു തവണയും, ലാൽ ബഹാദൂർ ശാസ്ത്രി രണ്ടു തവണയും സ്വാതന്ത്ര്യദിന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്.
ഈ വർഷത്തെ പ്രസംഗത്തിൽ ഉത്തരാഖണ്ഡ്, ജമ്മു കശ്മീർ, ഹിമാചൽ എന്നിവിടങ്ങളിലെ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന ജനങ്ങളോടുള്ള അനുശോചനം അറിയിച്ചുകൊണ്ടാണ് മോദി തുടങ്ങിയത്. ഇതിനുപുറമെ തീവ്രവാദത്തിനെതിരായ കർശനമായ നിലപാട്, സ്വാശ്രയ ഇന്ത്യ, സാങ്കേതികവിദ്യാ രംഗത്തെ പുരോഗതി, ഊർജ്ജസ്വലമായ ഇന്ത്യ, വികസിത ഇന്ത്യയാക്കാനുള്ള ദൗത്യം എന്നിവയും അദ്ദേഹം തന്റെ പ്രസംഗത്തിൽ പരാമർശിച്ചു. വെള്ള കുർത്തയും കാവി തലപ്പാവും ധരിച്ചാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. ഇന്ത്യൻ പതാകയുടെ നിറത്തിലുള്ള ഷാളും അദ്ദേഹം ധരിച്ചിരുന്നു.
Story Highlights : Modi breaks Indira Gandhi’s record on Independence Day, delivers 103-minute speech
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here