‘തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ട്’; സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ വിമര്‍ശനം

സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ റവന്യുമന്ത്രി കെ രാജന് വിമര്‍ശനം. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ചുമതലക്കാരനായ മന്ത്രി കെ രാജന് ധാര്‍മിക ഉത്തരവാദിത്തമുണ്ടെന്ന് വിമര്‍ശനം. റവന്യൂ മന്ത്രിയുടെ മണ്ഡലത്തില്‍ സിപിഐ മത്സരിക്കുമ്പോള്‍ റവന്യു വകുപ്പിലെ ഉദ്യോഗസ്ഥര്‍ ബിജെപിക്കു വേണ്ടി വ്യാജ വോട്ടു ചേര്‍ത്തെന്നും രാഷ്ട്രീയ പ്രമേയ ചര്‍ച്ചയ്ക്കിടെ വിമര്‍ശനമുയര്‍ന്നു.
അതേസമയം, സമ്മേളനത്തിനിടെ എഐവൈഎഫ് ജില്ലാ സെക്രട്ടറി അഖിലും എഐഎസ്എഫ് മുന്‍ ജില്ലാ സെക്രട്ടറി അശ്വിനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. അടൂരില്‍ നിന്നുള്ള ഗ്രൂപ്പ് ചര്‍ച്ചയെ ചൊല്ലിയായിരുന്നു ബഹളം. ചര്‍ച്ചയ്ക്കുള്ള പ്രതിനിധിയെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ചായിരുന്നു തര്‍ക്കം അടൂരില്‍ നിന്ന് രണ്ട് പ്രതിനിധികളെ ഗ്രൂപ്പ് ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചു. റാന്നി മണ്ഡലം ചര്‍ച്ചയിലും പ്രതിനിധിയെ ചൊല്ലി തര്‍ക്കമുണ്ടായി. മണ്ഡലം പ്രതിനിധികള്‍ക്കിടയില്‍ വോട്ടെടുപ്പ് നടത്തി പ്രതിനിധിയെ തീരുമാനിച്ചു.
സംസ്ഥാനത്ത് കൊടും കുറ്റവാളികള്‍ക്ക് സംരക്ഷണം കിട്ടുന്നു എന്ന് രാഷ്ട്രീയകാര്യ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ടായിരുന്നു. കൊടി സുനിയെ പോലെയുള്ളവര്‍ക്ക് ജയില്‍ വിശ്രമകേന്ദ്രം പോലെയാണ്. കാപ്പ – പോക്‌സോ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വീകരണം കിട്ടുകയാണെന്നും പൊലീസുകാര്‍ അമിതാധികാരം ഉപയോഗിക്കുന്നുവെന്നും സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടായിരുന്നു.
എഡിജിപി എം ആര്‍ അജിത് കുമാറിനെ പോലെയുള്ളവര്‍ മന്ത്രിമാരെ പോലും അംഗീകരിക്കുന്നില്ലെന്നും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ കുടുംബശ്രീ അംഗങ്ങളെ തിരുകി കയറ്റുന്നുവെന്നും വിമര്‍ശിച്ചു. ഇത് പിഎസ്സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുകുത്തിയാക്കുന്നുവെന്നും പരാമര്‍ശമുണ്ട്. മൃഗസംരക്ഷണ വകുപ്പ് പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സിപിഐ വിമര്‍ശിച്ചു.
Story Highlights : Revenue Minister K Rajan criticized at CPI Pathanamthitta district conference
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here