വിദ്യാർഥിയുടെ കർണപുടം തകർത്ത സംഭവം; ലക്ഷ്യം തെറ്റി, മനഃപൂർവ ചെയ്തതല്ല; ഹെഡ്മാസ്റ്റർ കുറ്റം സമ്മതിച്ചെന്ന് PTA

കാസർഗോഡ് കുണ്ടംകുഴിയിൽ അധ്യാപകന്റെ അടിയേറ്റ് വിദ്യാർഥിയുടെ കർണപുടം തകർന്ന സംഭവത്തിൽ ഹെഡ്മാസ്റ്റർ കുറ്റം സമ്മതിച്ചെന്ന് പിടിഎ. പിടിഎ പ്രസിഡന്റ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. ചികിത്സയ്ക്കാണ് താൻ പണം വാഗ്ദാനം ചെയ്തതെന്ന് ഹെഡ്മാസ്റ്റർ പറഞ്ഞെന്നും പി ടി എ പ്രസിഡന്റ് വ്യക്തമാക്കി.
സംഭവത്തിൽ മൊഴിയെടുക്കാൻ ഹെഡ്മാസ്റ്റർ എം അശോകനോട് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുടെ ഓഫീസിൽ എത്താൻ നിർദേശം നൽകി. ഹെഡ് മാസ്റ്റർ ഇന്ന് സ്കൂളിലെത്തിയില്ല. സംഭവസമയം അധ്യാപകന്റെ ഒരു കൈയിൽ മൈക്ക് ഉണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ കൈ വീശുകയായിരുന്നുവെന്ന് പിടിഎ പ്രസിഡന്റ് പറഞ്ഞു. പ്രധാനാധ്യപകൻ മനഃപൂർവം ചെയ്തതാണെന്ന ധാരണ പിടിഎ കമ്മിറ്റിക്ക് ഇല്ലെന്ന് മധവൻ പറഞ്ഞു. എന്നാൽ അധ്യാപകന് വീഴ്ച സംഭവിച്ചെന്നുള്ള ധാരണ പിടിഎയ്ക്കുണ്ടെന്ന് പ്രസിഡന്റ് പറഞ്ഞു.
അതേസമയം സ്കൂളിലെത്തി ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വിദ്യാർഥിയുടെ മൊഴി രേഖപ്പെടുത്തും. കുണ്ടംകുഴി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഹെഡ്മാസ്റ്റർ എം അശോകന്റെ അടിയേറ്റാണ് വിദ്യാർത്ഥിയുടെ കർണ്ണപുടം തകർന്നത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ അസംബ്ലിക്കിടെ ആണ് പ്രശ്നങ്ങൾക്ക് തുടക്കം.
Read Also: പ്രിൻസിപ്പൽമാർ ക്ലർക്കിന്റെ ജോലികൾ കൂടി ചെയ്യണമെന്ന ഉത്തരവ് തിരുത്തി വിദ്യാഭ്യാസ വകുപ്പ്
ഹെഡ്മാസ്റ്റർ എം അശോകൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് കൃഷ്ണ കാൽ കൊണ്ട് ചരൽ നീക്കി കളിച്ചു. ഇത് അധ്യാപകന് ഇഷ്ടപ്പെട്ടില്ല. കുട്ടിയെ വേദിയിലേക്ക് വിളിക്കുകയും മറ്റു കുട്ടികളുടെയും, അധ്യാപകരുടെയും മുന്നിൽവെച്ച് അടിക്കുകയും ചെയ്തു. അസംബ്ലി കഴിഞ്ഞയുടൻ അടികൊണ്ട് കരഞ്ഞുനിന്ന കുട്ടിയെ സമാധാനിപ്പിക്കാൻ അധ്യാപകൻ തന്നെ ശ്രമിക്കുകയും ചെയ്തു. ചെവിക്ക് വേദന കൂടിയതോടെ വിദ്യാർത്ഥിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കർണ്ണപുടം പൊട്ടിയ വിവരം അറിയുന്നത്.
Story Highlights : PTA says headmaster admits to breaking student’s eardrum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here