AI വെച്ച് ഒരുക്കുന്ന ‘ചിരഞ്ജീവി ഹനുമാൻ’ എന്ന ചിത്രത്തിനെതിരെ അനുരാഗ് കശ്യപ്

ഹനുമാന്റെ സാഹസങ്ങളുടെ കഥയുമായി AI ഉപയോഗിച്ച് അണിയറയിലൊരുങ്ങുന്ന ‘ചിരഞ്ജീവി ഹനുമാൻ : ദി എറ്റേർണൽ’ എന്ന ചിത്രത്തിനെതിരെ സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത്. മെയ്ഡ് ഇൻ AI, മെയ്ഡ് ഇൻ ഇന്ത്യ എന്ന പേരിൽ അബുൻഡാന്റിയ എന്റർടൈൻമെന്റ് ആൻഡ് കളക്ടീവ് ആർട്ടിസ്റ്റ് നെറ്റ്‌വർക്ക് ആണ് ചിത്രം പ്രഖ്യാപിച്ചത്. ഇതിനെതിരെ അനുരാഗ് കശ്യപ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സ്റ്റോറിൽ കുറിക്കുകയായിരുന്നു.
“ബഹു കേമമായൊരു കാര്യമെന്തെന്ന് വെച്ചാൽ ഈ ചിത്രം നിർമ്മിക്കുന്നത്, കലാകാരന്മാർക്കും, എഴുത്തുകാർക്കും, സംവിധായകർക്കും വേണ്ടി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഏജൻസിയാണെന്നതാണ്. എങ്ങനെ പോയാലും അവർ പ്രതിനിധീകരിക്കുന്നവർ എന്ത് സംഭവിച്ചാലും ഇവർക്കൊന്നും ഒരു ചുക്കുമില്ല. അവർക്കൊപ്പം ഇതിലൊപ്പ് വെച്ച എല്ലാവർക്കും നല്ല കാലം വരാനിരിക്കുന്നു” അനുരാഗ് കശ്യപ് കുറിച്ചു.
മുഴുവനായും AI ഉപയോഗിച്ച് നിർമ്മിച്ചെന്നു മാത്രമല്ല, ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ത്രിലോക് എന്ന AI ടെക്നോളജിയാണെന്നതും ശ്രദ്ധേയമാണ്. സാംസ്കാരിക പഠന വിദഗ്ധരുടെ നിർദ്ദേശത്തോടെ 50 പേരടങ്ങുന്ന ടീമാണ് ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രം അടുത്ത വർഷം ഹനുമാൻ ജയന്തിക്ക് തിയറ്ററുകളിലെത്തിക്കാനാണ് പദ്ധതി.
അനുരാഗ് കശ്യപിനൊപ്പം സംവിധായകനായ വിക്രമാദിത്യ മോത്‌വാനിയും പ്രതിഷേധമറിയിച്ചിട്ടുണ്ട്. എന്നാൽ ചിത്രം പ്രഖ്യാപിച്ചു കൊണ്ട് അണിയറപ്രവത്തകർ പങ്ക് വെച്ച പോസ്റ്റിന് നടൻ രൺവീർ സിങ്ങും, മറ്റ് ചില താരങ്ങളും ലൈക്ക് ചെയ്ത് സപ്പോർട്ട് ചെയ്തു എന്നതും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായിട്ടുണ്ട്.
Story Highlights :Anurag Kashyap opposes ‘Chiranjeevi Hanuman’, a film made using AI
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here