ബലാത്സംഗക്കേസ്; ‘പരാതിക്കാരി തെളിവ് ഹാജരാക്കണം’; വേടന്റെ അറസ്റ്റ് തടഞ്ഞ ഉത്തരവ് നീട്ടി ഹൈക്കോടതി

ബലാത്സംഗക്കേസിൽ റാപ്പർ വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. അറസ്റ്റ് ചെയ്യരുതെന്ന ഉത്തരവ് തിങ്കളാഴ്ച വരെ നീട്ടി. വിവാഹ വാഗ്ദാനം നൽകി എന്നത് മാത്രം ക്രിമിനൽ കുറ്റത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി. വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയെ അറിയിച്ചു. തിങ്കളാഴ്ചയ്ക്കുള്ളിൽ തെളിവുകൾ ഹാജരാക്കാൻ പരാതിക്കാരിയ്ക്ക് കോടതി നിർദേശം നൽകി.
പ്രതി മുൻകൂർ ജാമ്യം തേടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിക്ക് തീരുമാനം പറയേണ്ടതുണ്ടെന്നും കേസ് നീട്ടികൊണ്ടുപോകാൻ ആകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിയമപരമായ വസ്തുതകൾ മാത്രമാണ് കോടതിക്ക് പരിശോധിക്കാൻ സാധിക്കുക. പെൺകുട്ടിയുടെ വിഷാദ രോഗം എപ്പോള തുടങ്ങി എന്നതിന് മതിയായ തെളിവുകൾ ഇല്ലെന്ന് കോടതി പറഞ്ഞു. സ്നേഹ ബന്ധത്തിലെ തകർച്ച മാത്രം വിഷാദ രോഗത്തിന് കാരണമായി കണക്കാക്കാൻ ആവില്ലെന്ന് കോടതി നിരീക്ഷിച്ചു. അത് ഒരു കാരണം മാത്രമാണെന്നും മറ്റ് കാരണങ്ങൾ ഉണ്ടായിക്കൂടെയെന്ന് കോടതി ചോദിച്ചു.
വേടൻ സമൂഹത്തിൽ വലിയ സ്വാധീനമുള്ളയാളാണെന്നും ജാമ്യം നൽകിയാൽ തെറ്റായ സന്ദേശം നൽകുമെന്നും പരാതിക്കാരി കോടതിയിൽ വാദിച്ചു. ഒരുപാട് യുവതികൾ ഇയാൾക്കെതിരെ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ടെന്നും പരാതിക്കാരി പറഞ്ഞു. പരാതിക്കാരിയുടെ അഭിഭാഷകയെ രൂക്ഷമായാണ് ഹൈക്കോടതി വിമർശിച്ചത്. വേടനെതിരെ നിരവധി പേരുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഉണ്ടെന്ന് അഭിഭാഷക വാദിച്ചു.
എന്നാൽ ഫേസ്ബുക്കിലെ പോസ്റ്റുകൾ മാത്രം പറയരുത് എന്നും പരാതിക്കാരിയുടെ മൊഴി കോടതിക്ക് മുമ്പിലുണ്ടെന്നും കോടതി പറഞ്ഞു. മൂന്നാമത് ഒരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റുകൾ കോടതിയിൽ പറയേണ്ടതില്ല എന്നും കോടതി അഭിഭാഷകയോട് പറഞ്ഞു. എന്നാൽ ഫേസ്ബുക്ക് പോസ്റ്റുകൾ കോടതികൾ പരിഗണിക്കാറുണ്ട് എന്ന് അഭിഭാഷക വാദിച്ചു. ഏത് കോടതി, ഏത് പോസ്റ്റ് എന്ന് കോടതി ചോദിച്ചു. ഹാജരാക്കാം എന്ന് അഭിഭാഷക മറുപടി നൽകി. തെളിവ് ഹാജരാക്കാൻ ബുധനാഴ്ച വരെ പരാതിക്കാരി സമയം ചോദിച്ചെങ്കിലും തിങ്കളാഴ്ചയ്ക്കുള്ളിൽ ഹാജരാക്കണമെന്ന് കോടതി നിർദേശിച്ചു.
Story Highlights : High Court extends order preventing arrest of Rapper Vedan in Rape case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here