Advertisement

രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വഭാവദൂഷ്യത്തെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നു; എന്നിട്ടും കോൺഗ്രസ് അത് അവഗണിച്ചു, അനൂപ് ആന്റണി

12 hours ago
1 minute Read
anoop antony

പാലക്കാട് നിയോജകമണ്ഡലം എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നുവന്നിട്ടുള്ള ലൈംഗികാതിക്രമ ആരോപണങ്ങൾ കേരളത്തിന്റെ പൊതുമണ്ഡലത്തിന് ആകെ അപമാനകരമാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഒന്നിലധികം സ്ത്രീകൾക്ക് നേരെ നടത്തിയ ലൈംഗികാതിക്രമങ്ങൾ, അശ്ലീല സന്ദേശങ്ങൾ അയച്ചത്, ഗർഭഛിദ്രത്തിന് നിർബന്ധിച്ചത് തുടങ്ങിയ അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളാണ് അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. ആരോപണങ്ങൾ ഉന്നയിച്ച യുവതി തന്നെ തെളിവുകൾ സഹിതം മാധ്യമങ്ങൾക്ക് മുന്നിൽ എത്തിയതോടെ വിഷയത്തിന്റെ ഗൗരവം പതിന്മടങ്ങ് വർധിച്ചിരിക്കുന്നു. ഒരു നിയമസഭാ സാമാജികന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത ഹീനമായ പ്രവൃത്തികളാണ് പുറത്തുവരുന്നതെന്നും അനൂപ് ആന്റണി പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർച്ചയായ സ്വഭാവദൂഷ്യത്തെക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിന് നേരത്തെ തന്നെ പരാതികൾ ലഭിച്ചിരുന്നു എന്നത് വിഷയത്തെ കൂടുതൽ ഗുരുതരമാക്കുന്നു. എന്നാൽ, കുറ്റാരോപിതനെതിരെ നടപടിയെടുക്കുന്നതിന് പകരം അദ്ദേഹത്തെ സംരക്ഷിക്കുകയും പരാതികൾ അവഗണിക്കുകയും ചെയ്യുന്ന ലജ്ജാകരമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. ഷാഫി പറമ്പിലിന് ഈ വിഷയത്തിൽ നേരിട്ട് പരാതി ലഭിച്ചിട്ടും അത് ഒതുക്കിത്തീർക്കാൻ ശ്രമിച്ചു എന്ന വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. അതിനാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രവൃത്തികൾക്ക് മാത്രമല്ല, ഈ കുറ്റകൃത്യം മറച്ചുവെക്കാൻ ശ്രമിച്ച കോൺഗ്രസ് നേതൃത്വവും കേരളത്തിലെ പൊതുസമൂഹത്തോട് മറുപടി പറയാൻ ബാധ്യസ്ഥരാണ്.

ഇത്രയധികം തെളിവുകൾ പുറത്തുവന്ന സാഹചര്യത്തിൽ, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യ ധാർമ്മികതയ്ക്ക് ചേർന്നതല്ല. ഗുരുതരമായ സ്വഭാവദൂഷ്യമുള്ള ഒരു വ്യക്തിയെ തങ്ങളുടെ ജനപ്രതിനിധിയായി ചുമക്കേണ്ട ബാധ്യത പാലക്കാട്ടെ പ്രബുദ്ധരായ ജനങ്ങൾക്കില്ല. അതുകൊണ്ട്, സ്ത്രീ സുരക്ഷയെയും ജനാധിപത്യ മൂല്യങ്ങളെയും മാനിച്ചുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം ഉടനടി രാജിവെക്കണമെന്ന് ഭാരതീയ ജനതാ പാർട്ടി ശക്തമായി ആവശ്യപ്പെടുന്നു. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ, ശക്തമായ ബഹുജന പ്രക്ഷോഭങ്ങളുമായി പാർട്ടി മുന്നോട്ട് പോകുമെന്നും അനൂപ് ആന്റണി പറഞ്ഞു.

Story Highlights : Anoop Antony against Rahul Mangkootatil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top