വയലാറെഴുതുമോ ഇതുപോലെ? ; വീണ്ടും ട്രോളേറ്റ് വാങ്ങി പരം സുന്ദരി

അടുത്ത പുറത്തിറങ്ങിയ ട്രെയ്ലറിലൂടെ മലയാളികളുടെ ട്രോളേറ്റ് വാങ്ങിയ പരം സുന്ദരിയിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ഡെയ്ഞ്ചർ’ എന്ന ഈ ഗാനത്തിനും ട്രൈലറിന്റെ അതെ അവസ്ഥയാണെന്നാണ് വീഡിയോ ഗാനത്തിനടിയിൽ മലയാളികളുടെ കമന്റ്. കാരണം മറ്റൊന്നുമല്ല ഗാനം ആലപിക്കുന്നത് ഒരു രീതിയിലും ഗാനത്തോട് ഒത്തുപോകാത്ത മലയാളം വരികളോടെയാണെന്നതാണ് കാരണം.
“ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങളെല്ലാം ഡെയ്‌ഞ്ചർ ആണല്ലോ” എന്നതാണ് ആ വരികൾ. പിന്നീട് ഗാനം മുഴുനീളം ഹിന്ദിയിലാണ് വരികളെങ്കിലും, ഇടക്ക് ഇതേ മലയാളം വരികൾ പൊങ്ങി വരുന്നുണ്ട്. ഗാനരംഗത്തിൽ സിദ്ധാർഥ് മൽഹോത്രയുടെയും, ജാൻവി കപൂറിന്റെയും ഗംഭീര നൃത്തത്തിന്റെ അകമ്പടിയുമുണ്ട്.
“ആഹാ, വയലാർ എഴുതുമോ ഇതുപോലെ, എഴുത്തച്ഛൻ ജനനം നൽകിയ മലയാളത്തിന്റെ വധം ആയിരിക്കും ഈ സിനിമയിലൂടെ, ഇതൊക്കെ കാണുന്ന ഒരു ശരാശരി മലയാളിയുടെ അവസ്ഥ, മലയാളികൾ ഇത് വെല്ലോം കേൾക്കുന്നുണ്ടോ?, ഇവന്മാർ ഇത് നശിപ്പിക്കും, ഹെൻ്റെ പൊന്നടാവേ … എന്നിങ്ങനെ പോകുന്നു കമന്റ് ബോക്സിലെ മലയാളികളുടെ നിലവിളികൾ.
തുഷാർ ജലോത്ത സംവിധാനം ചെയ്യുന്ന പരം സുന്ദരിയുടെ പ്രമേയം കേരളത്തിലെത്തുന്ന ഒരു നോർത്ത് ഇന്ത്യൻ യുവാവ് ഒരു മലയാളി പെൺകുട്ടിയുമായി പ്രണയത്തിലാകുന്നതാണ്. കഴിഞ്ഞ ദിവസം റിലീസായ ചിത്രത്തിന്റെ ട്രെയ്‌ലറിൽ തെക്കേടത്ത് സുന്ദരി എന്ന തന്റെ കഥാപാത്രത്തിന്റെ പേര് ജാൻവി കപൂർ ‘ദേഖ്പ്പട്ട സുന്ദരി’ എന്ന് തെറ്റിച്ച് ഉച്ചരിച്ചതിനെ ട്രോളന്മാർ വേണ്ടുവോളം കളിയാക്കിയിരുന്നു.
Story Highlights :Param Sundari gets trolled again for the wrong usage of ‘malayalam’
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here