Advertisement

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍; കോണ്‍ഗ്രസില്‍ നേതാക്കള്‍ തമ്മില്‍ കടുത്ത പോര്; വി ഡി സതീശനും ഷാഫി പറമ്പിലും എയറില്‍

3 hours ago
3 minutes Read
criticism against vd satheesan over allegation against rahul mamkootathil

രാഹുല്‍ മാങ്കൂട്ടത്തില്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ ഇനി ആരാണ് എത്തുക? അബിന്‍ വര്‍ക്കിയോ, അതോ അരിതാ ബാബുവോ? ഒരു വനിതയെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷയാക്കി സ്ത്രീകളെ കൂടെ നിര്‍ത്താനുള്ള ബുദ്ധിയാണോ ഫലം കാണുക, അതോ രമേശ് ചെന്നിത്തലയുടെ കൗശലമാണോ? അതോ കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള കെ സിയുടെ അവസാന വാക്കോ…? യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവിയിലേക്ക് ഉടന്‍ ഒരു നേതാവിനെ പ്രഖ്യാപിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് നേതൃത്വം. കെ പി സി സി പുനസംഘടന നേതാക്കളുടെ പിടിവാശിമൂലം ഒരു മാസം ചര്‍ച്ച നടത്തിയിട്ടും നടക്കാതെ പോയ സംസ്ഥാനത്ത് ഒരു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കുക അത്ര എളുപ്പമല്ലെന്ന് ഏവര്‍ക്കും അറിയാം. (criticism against vd satheesan over allegation against rahul mamkootathil)

ഡി സി സി അധ്യക്ഷന്മാരെ നിയമിക്കാനായി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട നേതൃത്വം തല്‍ക്കാലം ആരേയും മാറ്റുന്നുമില്ല, പുതുതായി കൊണ്ടുവരുന്നുമില്ല എന്ന നിലപാടിലായിരുന്നു. ഇതിനിടയിലാണ് ലൈംഗികാരോപണത്തില്‍ അകപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാജിവച്ചൊഴിയേണ്ടിവന്നത്.

നിലവിലുള്ള പ്രശ്നം പരിഹരിക്കാന്‍ പറ്റാതെ നീറിപ്പുകയുകയായിരുന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നില്‍ പുതിയ അഗ്‌നിപര്‍വതമായി മാറിയിരിക്കയാണ് സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷപദവി. ഒന്നും രണ്ടും മൂന്നുംപേരുകളാണ് വിവിധ നേതാക്കള്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതോടെ കെ പി സി സി നേതൃത്വവും ഒരു നിലപാട് പ്രഖ്യാപിക്കാന്‍ പറ്റാത്ത അവസ്ഥയിലായി. യൂത്തുകോണ്‍ഗ്രസ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ബിനു ചുള്ളിയില്‍ കെ സി വേണുഗോപാലിന്റെ നോമിനിയാണ്. ദേശീയ ജനറല്‍ സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്ത് ഏതാനും ആഴ്ചകള്‍ മാത്രമായ ബിനു ചുള്ളിയെ സംസ്ഥാന അധ്യക്ഷപദവിയിലേക്ക് കൊണ്ടുവരുന്നതില്‍ ഭൂരിപക്ഷം പേരും വിയോജിപ്പ് പ്രകടിപ്പിച്ചിരിക്കയാണ്. അബിന്‍ വര്‍ക്കിക്കായി കടുത്ത നിലപാടിലാണ് രമേശ് ചെന്നത്തല. കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷനായിരുന്ന എം പി അഭിജിത്തിന്റെ പേരാണ് എം കെ രാഘവന്‍ എം പി മുന്നോട്ടുവച്ചിരിക്കുന്നത്. അഭിപ്രായ ഐക്യമുണ്ടാക്കിയതിനുശേഷമേ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ പ്രഖ്യാപിക്കൂ എന്നാണ് എഐസിസിയുടെ നിലപാട്.

Read Also: സ്വപ്ന സുരേഷ് പ്രതിയായ സ്വർണ്ണക്കടത്ത് കേസ്; മുൻ UAE കോൺസുലേറ്റ് ഉദ്യോഗസ്ഥർക്ക്, കസ്റ്റംസ് 12 കോടി രൂപ പിഴ ചുമത്തി

ഇതിനിടയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കയറൂരിവിട്ടത് പ്രതിപക്ഷനേതാവ് വി ഡി സതീശനും മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാഫി പറമ്പിലുമെന്നാണ് കോണ്‍ഗ്രസില്‍ ഉയരുന്ന ആരോപണം. രാഹുലിനെതിരെ ആരോപണം ഉയര്‍ന്നപ്പോഴൊന്നും വി ഡി സതീശനോ ഷാഫിയോ വേണ്ടത്ര ഗൗരവത്തോടെ വിഷയം കൈകാര്യം ചെയ്തില്ലെന്നാണ് ഇവര്‍ക്കെതിരെ ഉയരുന്ന ആരോപണം. ആരോപണങ്ങള്‍ ഉയര്‍ത്തി വി ഡി സതീശനേയും ഷാഫിയേയും പ്രതിരോധത്തിലാക്കാനുള്ള ശ്രമമാണ് പാര്‍ട്ടിയില്‍ നടക്കുന്നതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതേസമയം പുതിയ അധ്യക്ഷന്‍ ആരാവണമെന്ന ചര്‍ച്ചയില്‍ ഇതേവരെ ഇവര്‍ രണ്ടുപേരും പ്രതികരിച്ചിട്ടില്ല. ഷാഫി വിഷയത്തില്‍ ഇടപെടാതെ രാഹുല്‍ ഗാന്ധിയുടെ ബിഹാറിലെ പ്രതിഷേധ യാത്രയില്‍ പങ്കെടുക്കാനായി പോയിരിക്കുകയാണ്. രമേശ് ചെന്നിത്തല വിദേശ യാത്രയിലുമാണ്. രാഹുല്‍ വിഷയത്തില്‍ മറുപടി പറയാന്‍ വി ഡി സതീശന്‍ മാത്രമാണിപ്പോള്‍ രംഗത്തുള്ളത്. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ രാഹുലിനെ തള്ളിപ്പറയാന്‍ വി ഡി സതീശന്‍ തയ്യാറായി എന്നും രാഹുല്‍ ഒട്ടുംവൈകാതെ അധ്യക്ഷസ്ഥാനം രാജിവച്ചത് വി ഡി സതീശന്റെ കര്‍ശന നിലപാടുമൂലമാണ് എന്നൊക്കെ വിശദീകരണം വന്നെങ്കിലും കോണ്‍ഗ്രസില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

വി ഡി സതീശന്റെ നിലപാടുകളോട് വിയോജിപ്പുകള്‍ വച്ചുപുലര്‍ത്തുന്ന മുതിര്‍ന്ന നേതാക്കള്‍ സംഘടിത നീക്കം ആരംഭിച്ചതായും സൂചനകളുണ്ട്. പലപ്പോഴും നേതാക്കളുമായി ചര്‍ച്ചകള്‍ പോലും നടത്താതെ നിലപാട് സ്വീകരിക്കുന്ന പ്രതിപക്ഷനേതാവിന്റെ സമീപനത്തെ അവസരം കൈവന്നപ്പോള്‍ ശക്തമായി എതിര്‍ക്കുകയാണ് ലക്ഷ്യം.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്ന രാഹുല്‍ മാങ്കൂട്ടത്തിന്റെ പതനത്തിന്റെ ഞെട്ടലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍. ഇന്നലെവരെ സംഘടനയുടെ ഐക്കണായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒറ്റദിവസംകൊണ്ട് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത തരത്തിലുള്ള ദുരന്ത കഥാപാത്രമായി മാറിയിരിക്കുന്നു. കോണ്‍ഗ്രസിലെ ഭാവി നേതാവായി കണ്ടിരുന്ന രാഹുല്‍ ഒറ്റ ദിവസം കൊണ്ടാണ് തകര്‍ന്നുവീണത്. രാഹുലിന്റെ രാജിയോടെ എല്ലാം അവസാനിച്ചു എന്നു പറയുമ്പോഴും പാര്‍ട്ടിയില്‍ രൂപപ്പെട്ടിരിക്കുന്ന അഭിപ്രായ ഭിന്നത വലിയ തിരിച്ചടിക്ക് വഴിയൊരുങ്ങും.

രാഹുലിനെതിരെ ഒന്നിനു പിറകെ മറ്റൊന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കയാണ്. യുവനടി ഉയര്‍ത്തിയ കൊടുംകാറ്റില്‍ കസേര നഷ്ടപ്പെട്ട രാഹുലിന്റെ രാഷ്ട്രീയ ഭാവിയെന്ത് എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. രാഹുല്‍ തല്ക്കാലം എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് എ ഐ സി സി നേതൃത്വം പ്രഖ്യാപിച്ചിരിക്കുന്നത്.

വളരെ ചെറിയ പ്രായത്തില്‍ തന്നെ എംഎല്‍എയായ രാഹുലിന് കോണ്‍ഗ്രസില്‍ വലിയ ഭാവി പ്രതീക്ഷിച്ചവരുണ്ട്. യുവനേതാക്കളില്‍ ഏറെ വാഴ്ത്തപ്പെട്ട നേതാവായിരുന്നു രാഹുല്‍. രാഹുലിന്റെ പിന്‍ഗാമിയെ കണ്ടെത്താനുള്ള ഭഗീരഥപ്രയത്നത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഏറെക്കാലത്തിനുശേഷമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മില്‍ നടന്ന പോരാട്ടത്തിന് ഒരു പൊതുതിരഞ്ഞെടുപ്പിന്റെ വീറും വാശിയും ഉണ്ടായിരുന്നു.

Story Highlights : criticism against vd satheesan over allegation against rahul mamkootathil

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top