രാഹുലിനെ കൈവിട്ടിട്ടും നേതാക്കള്‍ക്ക് മുന്നില്‍ കീറാമുട്ടിയാകുന്നത് ഉപതിരഞ്ഞെടുപ്പ് ഭീതി; നിയമോപദേശത്തിനായി കാത്ത് കോണ്‍ഗ്രസ്

എംഎല്‍എ സ്ഥാനത്ത് നിന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെക്കണമെന്നതില്‍ നേതാക്കള്‍ ഒന്നിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പ് ഭീതി കീറാമുട്ടിയാകുന്നു. നിയമോപദേശം ലഭിച്ച ശേഷം അന്തിമ തീരുമാനമെടുക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഹൈക്കമാന്‍ഡ് മുതല്‍ സംസ്ഥാന നേതാക്കള്‍ വരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ വേണ്ടെന്ന നിലപാടുകാരാണ്. (congress decision in rahul mamkoottathil’s resignation after legal advice)
രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെട്ട നിയമസഭാ കക്ഷിയെ നയിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. പിന്നാലെ രാഹുലിനെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തലയും നേതൃത്വത്തോട് ആവശ്യപ്പെട്ടു.ഷാഫി പറമ്പില്‍ ഒഴികെ സംസ്ഥാനത്തെ മറ്റ് നേതാക്കളും നടപടി ആവശ്യപ്പെട്ട് രംഗത്തെത്തി.
ഉപതിരഞ്ഞെടുപ്പ് ഭീതി ഒഴിവാക്കിയിട്ടുമതി അന്തിമ തീരുമാനം എന്ന നിലപാടിലേക്ക് നേതാക്കള്‍ എത്തിയിട്ടുണ്ട്. നടപ്പ് നിയമസഭക്ക് ഒരു വര്‍ഷത്തിനു താഴെ മാത്രമേ കാലാവധിയുള്ളൂ എന്നതിനാല്‍ ചട്ടപ്രകാരം ഉപതിരഞ്ഞെടുപ്പ് വേണ്ടി വരില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അപ്രതീക്ഷിത പ്രഖ്യാപനം നടത്തിയാല്‍ പാലക്കാടിനു പുറമേ പീരുമേട്ടിലും ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. പിന്നാലെ തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും നേരിടണം. ഇക്കാര്യം കണക്കിലെടുത്ത് എംഎല്‍എ സ്ഥാനം രാജിവെയ്പ്പിച്ചില്ലെങ്കില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ നിയമസഭാ കക്ഷിയില്‍ നിന്ന് മാറ്റി നിര്‍ത്താനും കോണ്‍ഗ്രസ് നേതൃത്വം ആലോചിക്കുന്നുണ്ട്. ഏതായാലും നിലവിലെ നടപടി പോരാ കര്‍ശന നടപടി വേണമെന്ന നിര്‍ദേശം ഹൈക്കമാന്‍ഡ് നല്‍കിക്കഴിഞ്ഞു. രാജിയായാലും മാറ്റി നിര്‍ത്തലായാലും തീരുമാനം വൈകില്ലന്നുറപ്പാണ്.
Story Highlights : congress decision in rahul mamkoottathil’s resignation after legal advice
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here