Advertisement

രാഹുലിൽ കലങ്ങിമറിഞ്ഞ് കോൺഗ്രസ്; പല തട്ടിലായി നേതാക്കൾ, മുഖം രക്ഷിക്കാൻ പാടുപെട്ട് നേതൃത്വം

13 hours ago
2 minutes Read

ലൈംഗികാരോപണ വിഷയത്തിൽ വിവാദനായകനായ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തെ കോൺഗ്രസ് പ്രാഥമികാംഗത്വത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരിക്കുന്നു. എന്നാൽ തല്ക്കാലം എം എൽ എ സ്ഥാനത്ത് തുടരാൻ രാഹുലിന് കഴിയുമെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കിയിരിക്കുകയാണ്. എം എൽ എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ കടുത്ത പ്രതിഷേധം ഉയരുന്നതിനിടെ കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് രാഹുൽ രാജിവെക്കില്ലെന്ന് വ്യക്തമാക്കി.

രാഹുൽ എം എൽ എസ്ഥാനം ഒഴിയണമെന്ന നിലപാടിലാണ് ചില മുതിർന്ന നേതാക്കൾ. എന്നാൽ ആവേശപൂർവം എടുക്കുന്ന തീരുമാനങ്ങൾ പിന്നീട് വലിയ തിരിച്ചടിക്ക് വഴിയൊരുക്കുമെന്നും, അതിനാൽ ശ്രദ്ധയോടെ നീങ്ങുന്നതാണ് ഉചിതമെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു. തദ്ദേശ തിരഞ്ഞെടുപ്പിനായി യു ഡി എഫിനെ സജ്ജമാക്കുന്നതിനും ഡി സി സി, കെ പി സി സി ഭാരവാഹികളെ നിശ്ചയിക്കുന്നതിനുമായുള്ള ചർച്ചകളിലായിരുന്നു കെ പി സി സി അധ്യക്ഷനും മറ്റു ഭാരവാഹികളും.

ഡി സി സി അധ്യക്ഷന്മാരെ മാറ്റുന്നതിനെ ചൊല്ലി ഉടലെടുത്ത തർക്കങ്ങൾ ഡൽഹി ചർച്ചയിൽപോലും പരിഹരിക്കാനാവാതെ പ്രതിസന്ധിയിൽ പെട്ട നേതൃത്വത്തിന് താങ്ങാവുന്നതിലും വലിയ ആഘാതമാണ് രാഹുൽ മാങ്കൂട്ടത്തിൽ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. രാഹുൽ വിഷയത്തിൽ ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിലായിരുന്നു പ്രതിപക്ഷനേതാവ് വി ഡി സതീശൻ. എന്നാൽ എ ഐ സി സി നേതൃത്വം രാഹുൽ വിഷയത്തിൽ കുറച്ചുകൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന നിർദേശമാണ് കെ പി സി സി ക്ക് നൽകിയത്.

Read Also: ‘രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടി മാതൃകാപരം; CPIMൽ പീഡനക്കേസ് പ്രതി MLAയായി തുടരുന്നു’; വിഡി സതീശൻ

കോൺഗ്രസിലെ വനിതാ നേതാക്കൾ കൂട്ടത്തോടെ രാഹുലിനെതിരെ രംഗത്തുണ്ട്. രാഹുൽ എം എൽ എ സ്ഥാനം രാജിവെക്കണമെന്ന നിലപാട് ആയിരുന്നു ഉമാ തോമസ് എം എൽ എ കൈകൊണ്ടത്. അതേസമയം ഉമാ തോമസിനെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതും കോൺഗ്രസ് നേതൃത്വത്തിന് വലിയ തലവേദന സൃഷ്ടിച്ചിരിക്കയാണ്. ഇതിനിടെ ഉമാ തോമസിന് സംരക്ഷണം നൽകുമെന്ന് വ്യക്തമാക്കി ഡി വൈ എഫ് ഐയും രം​ഗത്തെത്തി.

ഒരു രാഷ്ട്രീയ പ്രതിസന്ധിയിൽ നിന്നും തലയൂരാനുള്ള ശ്രമത്തിനിടയിലാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ലൈംഗികാരോപണത്തിൽ ചെന്നുപ്പെടുന്നതും സ്ഥിതിഗതികൾ ആകെ വഷളാവുന്നതും. രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവച്ചെങ്കിലും രാഷ്ട്രീയ പ്രതിരോധികൾ കടുത്ത പ്രതിരോധമാണ് തീർത്തിരിക്കുന്നത്. ഇതിനിടയിലാണ് രാഹുൽ എം എൽ എസ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് സ്വന്തം പാർട്ടിയിൽ നിന്നും കടുത്ത സമ്മർദം ഉയർന്നത്.

രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് കെ പി സി സി വർക്കിംഗ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി സി വിഷ്ണുനാഥും നടത്തുന്നതെന്ന ആരോപണവും കെ പി സി സിക്ക് മുന്നിലുണ്ട്. എല്ലാ ഗ്രൂപ്പ് നേതാക്കളും രാഹുൽ വിഷയത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയാണെങ്കിലും രാഹുലിനെ അനുകൂലിച്ചും ചിലർ രംഗത്തുണ്ട്. രാഹുലിനെ പാർട്ടിയിൽ നിന്നും ഒഴിവാക്കി തൽക്കാലം മുഖം രക്ഷിക്കുകയാണ് നേതൃത്വം. രാഹുലിനെതിരെ ആരും പരാതികളൊന്നും എഴുതി നൽകിയിട്ടില്ലെന്നും. അതിനാൽ എം എൽ എ സ്ഥാനം തൽക്കാലം രാജിവെക്കേണ്ടതില്ലെന്നുമാണ് കെ പി സി സി അധ്യക്ഷന്റെ നിലപാട്.

Read Also: ‘രാജി വെക്കേണ്ട ആവശ്യമില്ല; രാഹുലിന് എതിരായ ആക്ഷേപങ്ങളെ ഗൗരവത്തിൽ കാണുന്നു’; സണ്ണി ജോസഫ്

പൊതു തിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പാലക്കാട് വീണ്ടുമൊരു ഉപതിരഞ്ഞെടുപ്പ് ഉണ്ടായാൽ അത് യു ഡി ഫിനെ പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലിലാണ് കെ പി സി സി ഭാരവാഹികളിൽ ഭൂരിഭാഗം പേരും. എന്നാൽ എം എൽ എ സ്ഥാനം രാജിവെക്കുന്നതാണ് പാർട്ടിയുടെ ഇമേജ് വർധിപ്പിക്കുമെന്നാണ് ചില നേതാക്കൾ അഭിപ്രായപ്പെടുന്നത്. ‌‌കേരളത്തിൽ ശക്തമായ തിരിച്ചുവരവിന് കളമൊരുങ്ങിയ അവസാന നിമിഷം ഉണ്ടായ വിവാദത്തിൽ നിന്നും പാർട്ടിയെ രക്ഷിച്ചെടുക്കാനുള്ള തീവ്രശ്രത്തിലാണ് കോൺഗ്രസ് നേതൃത്വം.

Story Highlights : Congress and Rahul Mamkootathil controversy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top