സുർവാൾ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗർത്തമായി മാറി; ജനം കൂട്ടത്തോടെ പലായനം ചെയ്തു, രാജസ്ഥാനിൽ വൻ മഴക്കെടുതി

രാജസ്ഥാനിൽ വൻ മഴക്കെടുതി. സവായ് മധോപൂർ ജില്ലയിൽ വൻ ഗർത്തം രൂപപ്പെട്ടു. തുടർച്ചയായ മഴയെത്തുടർന്ന് സുർവാൾ അണക്കെട്ട് കരകവിഞ്ഞൊഴുകിയതാണ് ദുരിതത്തിന് കാരണം.നിരവധി ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമാണ്.
സുർവാൾ അണക്കെട്ട് കരകവിഞ്ഞ് ഭൂമിയുടെ വലിയൊരു ഭാഗം ഗർത്തമായി മാറി. സുർവാൾ, ധനോലി, ഗോഗോർ, ജാദവത, ശേഷ, മച്ചിപുര എന്നിവയുൾപ്പെടെയുള്ള മുഴുവൻ ജനവാസ കേന്ദ്രങ്ങളും വെള്ളത്തിനടിയിലാണ്. ജനം കൂട്ടത്തോടെ പലായനം ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത റോഡുകളും അടിസ്ഥാന സൗകര്യങ്ങളും ഒലിച്ചുപോയതിനാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയാണ്.
കനത്ത മഴയും അതിനെത്തുടർന്നുണ്ടായ പ്രളയവും രാജസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. പ്രകൃതി ദുരന്തങ്ങൾക്കൊപ്പം, മോശം ഡ്രെയിനേജ് സംവിധാനങ്ങൾ പോലുള്ള മാനുഷികമായ അപാകതകളും ഈ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നുണ്ട്.
തുടർച്ചയായ മഴയെത്തുടർന്ന് ജയ്പൂരിലെ പ്രധാന റോഡായ ജയ്പൂർ റോഡ് സർവീസ് ലെയ്ൻ പൂർണ്ണമായും വെള്ളത്തിനടിയിലായി. പലയിടത്തും ജലനിരപ്പ് രണ്ടടി വരെ ഉയർന്നത് നിരവധി റെസിഡൻഷ്യൽ കോളനികളിലേക്കുള്ള പ്രവേശനം തടസ്സപ്പെടുത്തി. ഇത് ദൈനംദിന യാത്രക്കാരെ വലച്ചതിനൊപ്പം സമൂഹങ്ങളെ ഒറ്റപ്പെടുത്താനും കാരണമായി. റോഡുകൾക്ക് പുറമെ, വീടുകളിലും സർക്കാർ ഓഫീസുകളിലും വെള്ളം കയറിയത് സ്ഥിതി കൂടുതൽ സങ്കീർണ്ണമാക്കി.
വെള്ളപ്പൊക്കത്തിന് ഒരു പ്രധാന കാരണം ഡ്രെയിനേജ് സംവിധാനങ്ങളുടെ മോശം പരിപാലനമാണെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) നിർമ്മിച്ച ഡ്രെയിനേജ് സംവിധാനങ്ങൾ തകരാറിലായതാണ് വെള്ളക്കെട്ട് കൂടാൻ കാരണമെന്ന് അവർ പറയുന്നു. ലാൽസോട്ട് ബൈപാസ് കൽവെർട്ടിൽ വലിയ വെള്ളക്കെട്ടും റോഡിൽ വിള്ളലുകളും രൂപപ്പെട്ടിട്ടുണ്ട്.
Story Highlights : Rajasthan Overflowing dam creates huge crater in Sawai Madhopur
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here