പിതാവിന്റെ അഴുകിത്തുടങ്ങിയ മൃതദേഹവും ഉന്തുവണ്ടിയില്‍ വച്ച് വഴിയരികില്‍ നില്‍ക്കുന്ന നിസ്സഹായരായ 2 കുട്ടികള്‍, അച്ഛനെ അടക്കണമെന്ന് മാത്രം ആവശ്യം, യാചന; കണ്ണുനനയിച്ച് ചിത്രം

സൈബറിടത്തില്‍ വേദന പരത്തി അച്ഛന്റെ മൃതദേഹവും ഉന്തുവണ്ടിയിലേന്തി നിസ്സഹായരായി നില്‍ക്കുന്ന രണ്ട് ആണ്‍കുട്ടികളുടെ ചിത്രം. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗജ് ജില്ലയില്‍ നിന്നുള്ള വേദനിപ്പിക്കുന്ന ചിത്രമാണ് വന്‍തോതില്‍ പങ്കുവയ്ക്കപ്പെടുന്നത്. രോഗിയായ അച്ഛന്‍ മരിച്ചപ്പോള്‍ മൃതദേഹം എന്തുചെയ്യണമെന്ന് അറിയാതെ, കൈയില്‍ ഒന്നിനും പണമില്ലാതെ തകര്‍ന്ന് നില്‍ക്കുന്ന 15 വയസില്‍ താഴെ മാത്രം പ്രായമുള്ള ആണ്‍കുട്ടികളാണ് ചിത്രത്തിലുള്ളത്. ചെറുപ്പത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട രണ്ട് കുട്ടികള്‍ അച്ഛന്റെ മരണശേഷം രണ്ട് ദിവസം ആരോരുമില്ലാതെ അലയുകയായിരുന്നു. അച്ഛന്റെ ശരീരമെങ്കിലും ദഹിപ്പിക്കാന്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് മൃതദേഹം അഴുകിത്തുടങ്ങിയതിന് ശേഷമാണ്. ബന്ധുക്കളും നാട്ടുകാരും കൈയൊഴിഞ്ഞപ്പോള്‍ ഇവര്‍ക്ക് സഹായം ലഭിച്ചത് രണ്ട് അപരിചിതരില്‍ നിന്നാണ്. (Heart-Wrenching Image 2 Children With Their Father’s Body On Cart)
രോഗം ബാധിച്ച് ഏറെക്കാലം ചികിത്സയിലായിരുന്ന പിതാവ് മരിച്ച് ഒരു ദിവസം കഴിഞ്ഞിട്ടും ആരും തങ്ങളെ തിരിഞ്ഞുനോക്കാതായപ്പോള്‍ 14 വയസുകാരനായ രജ്‌വീറും സഹോദരനും അച്ഛന്റെ ഭൗതികദേഹം സംസ്‌കരിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ നിന്നിറങ്ങി. മൃതദേഹം ഒരു ഉന്തുവണ്ടിയിലേക്ക് കിടത്തി അത് വെള്ളത്തുണി കൊണ്ട് മൂടി വണ്ടി വലിച്ചുകൊണ്ട് കുട്ടികള്‍ ഒരു ശ്മശാനത്തിലെത്തിയെങ്കിലും അവിടുത്തെ നടപടിക്രമങ്ങള്‍ കേട്ട് കുട്ടികള്‍ ആശയക്കുഴപ്പത്തിലായി. നീണ്ട യാചനകള്‍ക്കൊടുവില്‍ പിതാവിനെ സംസ്‌കരിക്കാന്‍ വിറക് കൊണ്ടുവന്നാല്‍ സംസ്‌കാരച്ചടങ്ങുകള്‍ നടത്തിത്തരാമെന്ന് ശ്മശാനത്തിലുള്ളവര്‍ പറഞ്ഞു. കുട്ടികള്‍ പിന്നെ വിറക് ശേഖരിക്കാനുള്ള ഓട്ടത്തിലായി. ഇതിനിടെ ഒരു മുസ്ലീം പള്ളിയില്‍ കുട്ടികളെത്തിയെങ്കിലും ഇവിടെ ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്താനാകില്ലെന്ന് പറഞ്ഞ് അവരെ മടക്കിയയച്ചു.
Read Also: RSS ഗണഗീതം ആലപിച്ച സംഭവം; മാപ്പ് പറഞ്ഞ് ഡി കെ ശിവകുമാർ
പിതാവിനെ ദഹിപ്പിക്കാനുള്ള തടിയും തേടി സ്വന്തം ഗ്രാമത്തിലാകെ അലഞ്ഞ കുട്ടികളെ ആരും തിരിഞ്ഞുനോക്കിയില്ല. പോരാത്തതിന് അഴുകിത്തുടങ്ങിയ മൃതദേഹത്തിന്റെ നാറ്റം സഹിക്കാനാകില്ലെന്ന് പറഞ്ഞ് നാട്ടുകാര്‍ കുട്ടികളെ ആട്ടിയോടിച്ചു. ഒരു നാല്‍ക്കവലയുടെ മധ്യഭാഗത്തുനിന്ന് കുട്ടികള്‍ വഴിയേ പോകുന്ന വാഹനങ്ങളേയും ആളുകളേയും തടഞ്ഞുനിര്‍ത്തി പണം യാചിച്ചു. ഒടുവില്‍ റാഷിദെന്നും വാരിസ് ഖുറേഷിയെന്നും പേരുള്ള രണ്ടുപേര്‍ കുട്ടികള്‍ക്ക് രക്ഷകരായി. കുട്ടികള്‍ക്ക് അവര്‍ ശവസംസ്‌കാരത്തിനുള്ള മുഴുവന്‍ പണവും കൈമാറി. ഇവര്‍ തന്നെ പകര്‍ത്തിയ ചിത്രങ്ങളാണ് നെറ്റിസണ്‍സിന്റെ കണ്ണ് നനയ്ക്കുന്നത്.
Story Highlights : Heart-Wrenching Image 2 Children With Their Father’s Body On Cart
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here