Advertisement

കെപിസിസി പുനഃസംഘടന വൈകുന്നു; നേതൃത്വത്തിനെതിരെ അതൃപ്തി രൂക്ഷം

13 hours ago
2 minutes Read
kpcc

കെപിസിസി പുനഃസംഘടന അനിശ്ചിതമായി നീളുന്നതിൽ പാർട്ടിയിൽ അതൃപ്തി ശക്തം. പുതിയ നേതൃത്വത്തിലെ ചിലരുടെ താൽപര്യക്കുറവാണ് ഈ കാലതാമസത്തിന് പിന്നിലെന്നാണ് പ്രധാന ആക്ഷേപം. ഭാരവാഹികളെ നിയമിക്കാതെ പാർട്ടിയെ സ്വന്തം നിയന്ത്രണത്തിൽ നിലനിർത്താനുള്ള ശ്രമങ്ങളാണ് പുനഃസംഘടന വൈകിക്കുന്നതെന്നാണ് പാർട്ടി പ്രവർത്തകർക്കിടയിൽ ഉയരുന്ന വിമർശനം.

കെ.പി.സി.സിയുടെ പുതിയ നേതൃത്വം അധികാരമേറ്റ ഉടൻ തന്നെ പുനഃസംഘടന പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് കാരണം നീണ്ടുപോയ പുനഃസംഘടന ഓഗസ്റ്റ് ആദ്യവാരം പൂർത്തിയാക്കുമെന്ന് ധാരണയായിരുന്നു. ഇതിനായി നേതൃത്വം ഡൽഹിയിൽ ക്യാമ്പ് ചെയ്ത് ഹൈക്കമാൻഡുമായി ചർച്ച നടത്തിയെങ്കിലും സമർപ്പിച്ച ‘ജംബോ പട്ടിക’ ഹൈക്കമാൻഡ് തള്ളി. സംസ്ഥാനത്ത് സമവായമുണ്ടാക്കി പുതിയ പട്ടിക സമർപ്പിക്കാൻ ഹൈക്കമാൻഡ് നിർദ്ദേശിച്ചെങ്കിലും ആ ചർച്ചകൾ അനന്തമായി നീളുകയാണെന്ന് പാർട്ടിയിൽ പരാതി ഉയരുന്നു.

ഈ മാസം 31-നകം പുനഃസംഘടന പൂർത്തിയാക്കണമെന്ന ഹൈക്കമാൻഡ് നിർദേശത്തെത്തുടർന്ന് കഴിഞ്ഞ 20-ന് കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയിരുന്നു. ഒരു മണിക്കൂർ മാത്രം നീണ്ടുനിന്ന ഈ ചർച്ച പിന്നീട് തുടരാൻ ധാരണയായെങ്കിലും അതിനുശേഷം ഈ വിഷയത്തിൽ ഒരു കൂടിക്കാഴ്ചയും ഉണ്ടായിട്ടില്ല. രാഹുൽ ഗാന്ധിയുടെ വിവാദം ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ടെങ്കിലും പുതിയ നേതൃത്വത്തിലെ ചിലരുടെ താൽപര്യക്കുറവാണ് ചർച്ച നടക്കാത്തതിന് പിന്നിലെ പ്രധാന ഘടകമെന്നാണ് ആക്ഷേപം.

Read Also: ‘പാലക്കാട് എംഎൽഎ ഇവിടെ ഇല്ലാത്തത് ആശ്വാസം, അങ്ങനെയുള്ളൊരു വേതാളം ഇവിടെ വേണ്ട’; എൻ.എൻ. കൃഷ്ണദാസ്

ഭാരവാഹികളില്ലാത്തതിനാൽ എല്ലാ ഉത്തരവാദിത്തങ്ങളും പുതിയ നേതൃത്വം മാത്രമാണ് നിർവഹിക്കുന്നത്. ഈ അധികാരം നഷ്ടപ്പെടാതിരിക്കാനാണ് പുനഃസംഘടന നീട്ടിക്കൊണ്ടുപോകുന്നതെന്നാണ് യുവ നേതാക്കളെ ലക്ഷ്യമിട്ട് ഉയരുന്ന പ്രധാന ആരോപണം. കെ.പി.സി.സി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ചിരുന്നാൽ പരിഹരിക്കാവുന്ന തർക്കങ്ങൾ മാത്രമേ പുനഃസംഘടനയുമായി ബന്ധപ്പെട്ട് നിലവിലുള്ളൂ എന്നിട്ടും ചർച്ച നടക്കാത്തത് ഈ താൽപര്യക്കുറവ് കൊണ്ടാണെന്നും ആരോപണമുണ്ട്.

ഓണം കഴിഞ്ഞാൽ തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടികൾ ആരംഭിക്കും. അതോടെ പുനഃസംഘടന വീണ്ടും നീളുമെന്ന ആശങ്കയും പരാതികൾക്ക് ആക്കം കൂട്ടുന്നു. സംസ്ഥാനത്ത് സമവായമുണ്ടായില്ലെങ്കിൽ നിരീക്ഷകർ വഴി ഹൈക്കമാൻഡ് നേരിട്ട് ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തനങ്ങളെ ഈ കാലതാമസം പ്രതികൂലമായി ബാധിക്കുന്നതിനാൽ എത്രയും വേഗം പുനഃസംഘടന പൂർത്തിയാക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം.

Story Highlights : KPCC reorganization delayed; dissatisfaction with leadership is strong

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top