503 സ്ക്രീനുകളിലേക്ക് ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’യുടെ ചരിത്രവിജയം

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ‘ലോക-ചാപ്റ്റർ വൺ: ചന്ദ്ര’ ബോക്സ് ഓഫീസ് റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. ആദ്യ ദിവസം 250 സ്ക്രീനുകളിൽ മാത്രം റിലീസ് ചെയ്ത ചിത്രം ജനപ്രീതി കുത്തനെ ഉയർന്നതോടെ ഇപ്പോൾ 503 സ്ക്രീനുകളിലേക്ക് വ്യാപിപ്പിച്ചു. പ്രേക്ഷകർ ഈ ചിത്രത്തിന് ലഭിച്ച മികച്ച സ്വീകാര്യതയുടെ കൃത്യമായ സൂചനയാണ് ഈ അസാധാരണമായ സ്ക്രീൻ വർദ്ധനവ്.
റിലീസ് ചെയ്ത് വെറും ഏഴ് ദിവസങ്ങൾക്കുള്ളിൽ ചിത്രം 101 കോടിയുടെ ആഗോള കളക്ഷൻ നേടി ചരിത്രം സൃഷ്ടിച്ചു. നായികാ പ്രാധാന്യമുള്ള ഒരു തെന്നിന്ത്യൻ ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനാണ് ഇത്. ഓണം അവധി ദിനങ്ങളിൽ കേരളത്തിൽ അപൂർവമായ കളക്ഷൻ നേടിയ ചിത്രം കേരളത്തിന് പുറത്തും വിദേശ മാർക്കറ്റുകളിലും മികച്ച പ്രകടനം തുടരുകയാണ്.
‘ലോക’ എന്ന സൂപ്പർഹീറോ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ചിത്രമാണിത്. കേരളത്തിലെ പ്രശസ്തമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഡൊമിനിക് അരുൺ ഈ ചിത്രം രചിച്ച് സംവിധാനം ചെയ്തത്. ഒരു അത്ഭുതലോകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിൽ കല്യാണി പ്രിയദർശൻ ‘ചന്ദ്ര’ എന്ന ടൈറ്റിൽ കഥാപാത്രത്തെ ഗംഭീരമായി അവതരിപ്പിച്ചു. നസ്‌ലൻ, സാന്റി, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്. ചിത്രത്തിലെ ചില വൻ കാമിയോ റോളുകളും പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി.
മികച്ച പ്രേക്ഷക പ്രതികരണങ്ങൾ നേടിയ ഈ ചിത്രത്തിന്റെ തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളും മെഗാ വിജയത്തിലേക്ക് കുതിക്കുകയാണ്. ഈ വിജയ കുതിപ്പ് മലയാള സിനിമയുടെ വളർച്ചയ്ക്കും ഒരു പുതിയ സൂപ്പർഹീറോ യൂണിവേഴ്സിന്റെ തുടക്കത്തിനും വഴി തുറക്കുമെന്ന് പ്രതീക്ഷിക്കാം.
Story Highlights : ‘Loka-Chapter One: Chandra’ achieves historic success in 503 screens
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here