‘നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണം’; കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

നേപ്പാളിലെ മലയാളി ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് കത്തയച്ചു. നേപ്പാളിലെ പൊഖ്റയിൽ വിനോദ സഞ്ചാരത്തിനായി എത്തിയ പ്രായമായവർ അടക്കമുള്ളവർ കുടുങ്ങി കിടക്കുകയാണ്.
നേപ്പാളിലെ പ്രക്ഷോഭത്തിൻ്റെ ഭാഗമായി അനിഷ്ടസംഭവങ്ങൾ അരങ്ങേറിയതിന് സമീപത്തായിട്ടാണ് ഇവർ താമസിക്കുന്നത്. അവർ വീണ്ടും അവിടെ തുടരുന്നത്
അതീവ ദുഷ്കരമാണെന്നും ഇവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുഖ്യമന്ത്രി കത്തിലൂടെ അഭ്യർത്ഥിച്ചു.
കുടുങ്ങി കിടക്കുന്നവരെ അടിയന്തിരമായി സുരക്ഷിതമായി നാട്ടിലെത്തിക്കുന്നതിനും യാത്രാ സൗകര്യം ഏർപ്പെടുത്തുന്നതിനും ഇടപെടണം. വിനോദ സഞ്ചാരികളെ നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര സർക്കാരിന് കേരളത്തിൻ്റെ എല്ലാ പിന്തുണയും സഹകരണവും ഉണ്ടാവുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി.
അതേസമയം ജെൻ സി പ്രക്ഷോഭത്തിന് പിന്നാലെ , നേപ്പാൾ സർക്കാർ രാജിവച്ച് ഒഴിഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല. സൈന്യത്തിന്റെ നിയന്ത്രണത്തിലാണ് നേപ്പാൾ നഗരങ്ങൾ.മുൻ സുപ്രീംകോടതി ജഡ്ജി സുശീല കർക്കിയെ ഇടക്കാല നേതാവായി പ്രതിഷേധക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. അതിനിടെ, കലാപത്തിനിടെ ജയിൽചാടി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ച വിചാരണ തടവുകാർ പിടിയിലായി. ബീഹാറിൽ നിന്നുള്ള രണ്ട് പേർ ഉൾപ്പെടെ പത്ത് വിചാരണതടവുകാരാണ് പിടിയിലായത്. കാഠ്മണ്ഡു വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.
Story Highlights : Ensure tourists’ safety in Nepal, CM tells Foreign Minister
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here