ഇന്ത്യ സഖ്യത്തെ ഉലച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച; അസാധുവായ 15 വോട്ടുകള്‍ പ്രതിപക്ഷ അംഗങ്ങളുടേതെന്നാണ് വാദം

ഇന്ത്യ സഖ്യത്തെ ഉലച്ച് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ട് ചോര്‍ച്ച. അസാധുവായ 15 വോട്ടുകള്‍ പ്രതിപക്ഷ അംഗങ്ങളുടേതെന്നാണ് വാദം. എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് വോട്ട് മറിഞ്ഞത് തമിഴ്‌നാട്ടില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും എന്ന് റിപ്പോര്‍ട്ടുകള്‍. ബിഹാര്‍ തിരഞ്ഞെടുപ്പിലേക്ക് ഒന്നിച്ച് നീങ്ങിയ സഖ്യത്തിന് കല്ലുകടിയായി വോട്ട് ചോര്‍ച്ച.
315 വോട്ടുകള്‍ അവകാശപ്പെട്ട പ്രതിപക്ഷ സ്ഥാനാര്‍ഥി ബി സുദര്‍ശന്‍ റെഡ്ഡിക്ക് 300 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അസാധുവായ 15 വോട്ടുകളും പ്രതിപക്ഷ നിരയില്‍ നിന്ന് ആകും എന്ന് ന്യായീകരികരണത്തിലൂടെ മുഖം രക്ഷിക്കാന്‍ ശ്രമിക്കുമ്പോഴും,വോട്ടു ചോര്‍ച്ച ഉണ്ടായി എന്ന യാഥാര്‍ഥ്യം മുന്നണിയെ ഉലച്ചിട്ടുണ്ട്. തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യ സഖ്യം ബിഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണം, രാഷ്ട്രപതി തിരഞ്ഞെടുപ്പ് എന്നീ വിഷയങ്ങളിലാണ് വീണ്ടും ഒന്നിച്ചത്. ബീഹാര്‍ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ പ്രതിപക്ഷ നിരയിലെ പരസ്പര വിശ്വാസത്തെ തകര്‍ക്കുന്നതാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഫലം.
ഇത്തവണ പതിവില്ലാത്ത വിധം ഒറ്റക്കെട്ടായി പ്രതിപക്ഷം പ്രവര്‍ത്തിച്ചിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളും സുദര്‍ശന്‍ റെഡ്ഡിയെ പിന്തുണച്ചിരുന്നു. 324 വോട്ടുകള്‍ പ്രതിപക്ഷത്തിന് ലഭിക്കുമെന്ന പ്രതീക്ഷയായിരുന്നു ഉണ്ടായിരുന്നത്. വിജയം എന്‍ഡിഎ സ്ഥാനാര്‍ഥിക്കാണെങ്കിലും ആ വോട്ടുകളെല്ലാം ഒരുമിച്ച് വീഴ്ത്താന്‍ കഴിഞ്ഞാല്‍ അതിലൂടെ ഒരു രാഷ്ട്രീയ സന്ദേശം തന്നെ നല്‍കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഫലം വന്നപ്പോള്‍ സുദര്‍ശന്‍ റെഡ്ഡിക്ക് ലഭിച്ചത് 300 വോട്ടുകള്‍ മാത്രം. പ്രതീക്ഷകള്‍ക്കപ്പുറം 452 വോട്ടുകള്‍ എന്‍ഡിഎ സ്ഥാനാര്‍ഥി സിപി രാധാകൃഷ്ണന് ലഭിക്കുകയും ചെയ്തു. 15 വോട്ടുകള്‍ അസാധുവായി. എവിടെ നിന്നാണ് വോട്ടുകള്‍ ചോര്‍ന്നത് എന്നാണ് ഉയരുന്ന ചോദ്യം.
Story Highlights : Vote leakage in Vice Presidential election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here