‘ലോക യൂണിവേഴ്‌സിൽ ഇനിയും സൂപ്പർ ഹീറോകൾ വരും, ഏറ്റവും ചെറിയ സൂപ്പർ ഹീറോ ചന്ദ്രയാണ്’ ; ഡൊമിനിക് അരുൺ

‘ലോക’ യുണിവേഴ്സിലെ ഏറ്റവും ചെറിയ സൂപ്പർഹീറോയാണ് ചന്ദ്ര എന്ന് ഡൊമിനിക് അരുൺ. മലയാളത്തിലെ ആദ്യ ലേഡി സൂപ്പർ ഹീറോ ചിത്രമെന്ന വിശേഷണത്തോടെ തിയേറ്ററുകളിലെത്തിയ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ വലിയ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് 13 ദിവസം കൊണ്ട് തന്നെ ആഗോളതലത്തിൽ 200 കോടി രൂപ കളക്ഷൻ നേടി മലയാള സിനിമയിലെ റെക്കോർഡ് നേട്ടങ്ങളിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ ചിത്രം.
‘ലോക’യിലൂടെ മലയാളത്തിൽ ആദ്യത്തെ സിനിമാറ്റിക് ഫ്രാഞ്ചൈസിക്കും തുടക്കമായി. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകൻ ഡൊമിനിക് അരുൺ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ‘ലോക’ യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ മാത്രമാണ് ‘ചന്ദ്ര’ എന്നും ഇനി വരാനിരിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങൾ ഇതിലും വലുതായിരിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ പറഞ്ഞു.
Read Also: ബോംബെ’ എന്ന് വിളിക്കരുത്; കപിൽ ശർമ്മക്ക് എംഎൻഎസ്സിന്റെ മുന്നറിയിപ്പ്
“കഥാപാത്രത്തെ എങ്ങനെ ഏറ്റവും റിയലിസ്റ്റിക് ആയി അവതരിപ്പിക്കാം എന്നായിരുന്നു എന്റെ ചിന്ത. കാരണം ഈ യൂണിവേഴ്‌സിലെ ഏറ്റവും ചെറിയ സൂപ്പർ ഹീറോ ചന്ദ്രയാണ്. ഇനി വരാൻ പോകുന്നതൊക്കെ ഇതിലും മികച്ചതാണ്,” ഡൊമിനിക് അരുൺ പറഞ്ഞു. ചിത്രത്തിന്റെ കഥ ദുൽഖർ സൽമാനോട് പറഞ്ഞപ്പോൾ തന്നെ കൂടുതൽ ഭാഗങ്ങൾ ഉണ്ടാക്കി വരാൻ അദ്ദേഹം ആവശ്യപ്പെട്ടതായും സംവിധായകൻ വെളിപ്പെടുത്തി.
ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഈ ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയായി എത്തുന്നത്. കൂടാതെ നസ്ലെൻ, ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കേരളത്തിലെ പ്രശസ്ത ഐതിഹ്യമായ കള്ളിയങ്കാട്ട് നീലിയുടെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്.
Story Highlights : ‘There will be more superheroes in the lokah universe, the smallest superhero is Chandra’; Dominic Arun
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here