Advertisement

അന്നം നൽകിയവർക്ക് അന്നമേകി മുംബൈ നിവാസികൾ

March 12, 2018
Google News 1 minute Read
Farmers Welcomed By Mumbai Residents With Food & Water

അരലക്ഷത്തോളം കർഷകർ, 180 കിലോമീറ്റർ…കുംഭത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ഈ കർഷക കടൽ മാഹാരാഷ്ട്ര നിയമസഭ ലക്ഷ്യംവെച്ച് ഒഴുകുന്നത് കത്തുന്ന വേനലിനെയും ഒരുക്കുന്ന അഗ്നി നെഞ്ചിലിട്ടാണ്…അന്നം തരുന്നവരുടെ കുടുംബങ്ങളിലെ പട്ടിണിമരണവും, പട്ടിണിയും കടക്കെണിയിലും നട്ടംതിരിഞ്ഞ കർഷകരുടെ ആത്മഹത്യയുടെ കഥകളും കൊണ്ട് അവന്റെ നെഞ്ചിനകം ഇന്നൊരു അഗ്നിഗോളമായി മാറിയിരിക്കുന്നു… മണ്ണിൽ വിളയിക്കുന്നതിന്റെ നൂറിലൊരംശം പോലും കർഷകന് കിട്ടാത്ത ദുരവസ്ഥയിൽ നിന്നും എന്തെങ്കിലുമൊരു മാറ്റം വരാതെ അവനിനി ജീവിക്കാനാകില്ല…അവസാനത്തെ കച്ചിത്തുരുമ്പെന്നോണം കിലോമീറ്ററുകൾ താണ്ടി നാസിക്കിൽ നിന്നും മുംബൈയിലേക്ക് നഗ്നപാദനായി നടക്കുമ്പോൾ മുംബൈ നഗരം ഉറങ്ങാതെ അവരുടെ ആഗമനത്തിനായി കാത്തുനിൽക്കുകയായിരുന്നു….ഇത്രയധികം പേർ കാൽനടയായി വരുന്ന അപൂർവ്വതയ്ക്ക് സാക്ഷ്യം വഹിക്കാനല്ല മറിച്ച് അന്നം തരുന്നവന് അന്നമേകാൻ !

Farmers Welcomed By Mumbai Residents With Food & Water

വെള്ളം, ബിസ്‌ക്കറ്റ് പായ്ക്കറ്റുകൾ, ഈത്തപ്പഴം, തുടങ്ങി കർഷകർക്കായി അവർ നിരവധി ഭക്ഷ്യവസ്തുക്കളാണ് ഒരുക്കിവെച്ചത്. സന്നധസംഘടനകളും പ്രദേശവാസികളും തോളോട് തോൾ ചേർന്ന് നിന്ന് കർഷകർക്കുവേണ്ട വെള്ളവും ഭക്ഷണവുമെല്ലാം നൽകി. ചിലർ ഭക്ഷണം പാകം ചെയ്തും, ചെരുപ്പില്ലാത്തവർക്ക് ചെരുപ്പ് നൽകിയും രംഗത്തെത്തി. വെള്ളം തികഞ്ഞില്ലെങ്കിലോ എന്ന ഭയത്തിൽ കുടിവെള്ള ടാങ്കർ ഏർപ്പാടാക്കാനും മുംബൈനിവാസികൾ മറന്നില്ല.

Farmers Welcomed By Mumbai Residents With Food & Water

തങ്ങൾക്കുള്ള ഭക്ഷണസാധനങ്ങൾ കരുതിയ ട്രക്ക് കർകരുടെ മാർച്ചിൽ അവരെ അനുഗമിച്ചിരുന്നുവെങ്കിലും, തങ്ങളാൽ കഴിയുന്ന വിധം കർഷകരുടെ ദുരിതം കുറയ്്ക്കാൻ സഹായിക്കുക എന്ന ഒറ്റ ലക്ഷം മാത്രമേ ഓരോ മുംബൈ നിവാസിയുടേയും മനസ്സിൽ അപ്പോൾ ഉണ്ടായിരുന്നുള്ളു.

Farmers Welcomed By Mumbai Residents With Food & Water

ചൂടിലും നിർജലീകരണം കാരമവും മോഹാലസ്യപ്പെട്ട കർഷകർക്ക് വേണ്ട ശുശ്രൂകളൊരുക്കാനും മുംബൈക്കാർ മറന്നില്ല. ചിലർ അവർ വരുന്ന വഴിയിൽ പൂക്കൾ വിതറിയും അവരെ വരവേറ്റു.

Farmers Welcomed By Mumbai Residents With Food & Water

സംസ്ഥാന സർക്കാരിന്റെ കർഷക വിരുദ്ധ സമീപനം തിരുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കർഷകർ ലോങ് മാർച്ച് നടത്തുന്നത്.  കർഷക ആത്മഹത്യകൾ വ്യാപകമായ 2016ൽ കിസാൻസഭയുടെ നേതൃത്വത്തിൽ വൻ പ്രക്ഷോഭം നടന്നിരുന്നു. പതിനൊന്ന് ദിവസം തുടർച്ചയായി നടന്ന സമരത്തെ തുടർന്ന് മഹാരാഷ്ട്ര സർക്കാർ കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചിരുന്നു. എന്നാൽ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. ഇതിനെ തുടർന്നാണ് വീണ്ടും സമരം തുടങ്ങിയതെന്ന് കിസാൻസഭാ നേതാക്കൾ അറിയിച്ചിരുന്നു.

2017 ൽ മാത്രം 2414 കർഷക ആത്മഹത്യകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.കർഷകർക്ക് അനുകൂലമായ ഒരു നിലപാടും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല.കുത്തകകളെ സഹായിക്കുന്ന ബിജെപി സർക്കാർ തങ്ങളെ അവഗണിക്കുകയാണെന്ന് കർഷകർ പറയുന്നു.

Farmers Welcomed By Mumbai Residents With Food & Water

വനാവകാശ നിയമം നടപ്പിലാക്കുക, വിള നശിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക, വിളകൾക്ക് കൃത്യമായ താങ്ങുവില അനുവദിക്കുക, എം എസ് സ്വാമിനാഥൻ റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ അംഗീകരിക്കുക, നദീസംയോജന പദ്ധതികൾ നടപ്പിലാക്കി വരൾച്ചയ്ക്ക് പരിഹാരം കാണുക, കർഷകരുടെ ഭൂമി പിടിച്ചെടുക്കുന്നത് അവസാനിപ്പിക്കുക എന്നിവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.

അരലക്ഷത്തോളം വരുന്ന കർഷകർ പിടിച്ചിരിക്കുന്ന കൊടിയുടെ നിറമോ, കൈയ്യിൽ കരുതിയിരിക്കുന്നത് രുദ്രാക്ഷമാണോ തസ്ബിയാണോ കൊന്തയാണോ എന്ന് നോക്കാതെ മനസ്സറിഞ്ഞ് സഹായിച്ച മുംബൈക്കാരുടെ ഐക്യമാണ് ഇന്ന് ഇന്ത്യയ്ക്കാവശ്യം.

 

Farmers Welcomed By Mumbai Residents With Food & Water

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here