Advertisement

ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ‘ശബ്ദം’: ജയന്ത് മാമന്‍

October 3, 2018
Google News 2 minutes Read

നെല്‍വിന്‍ വില്‍സണ്‍

വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ജയന്ത് മാമന്‍ സിനിമയിലേക്ക് എത്തുന്നത് അപ്രതീക്ഷിതമായല്ല. സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം ചെറുപ്പം മുതലേ ജയന്ത് മാമനിലുണ്ടായിരുന്നു. ഒടുവില്‍, ആ സ്വപ്‌നവും പൂവണിഞ്ഞിരിക്കുകയാണ്. ജയന്ത് നിര്‍മ്മാതാവായും അഭിനേതാവായും ഒരു സിനിമയുടെ ഭാഗമാകുമ്പോള്‍ അത് വലിയൊരു സ്വപ്‌ന സാക്ഷാത്കാരമാണ്. ഒക്ടോബര്‍ 11 ന് തിയറ്ററുകളിലെത്തുന്ന ‘ശബ്ദം’ എന്ന മലയാള സിനിമയുടെ നിര്‍മ്മാതാവും സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് ജയന്ത് മാമന്‍ തന്റെ സിനിമ വിശേഷങ്ങളെ കുറിച്ചും ശബ്ദം എന്ന സിനിമയുടെ കാലിക പ്രസക്തിയെ കുറിച്ചും ട്വന്റിഫോറിനോട് മനസ്സ് തുറക്കുന്നു.

-ഉടന്‍ തിയറ്ററുകളിലേക്കെത്തുന്ന ശബ്ദം എന്ന സിനിമയെ കുറിച്ച്?

പി.കെ ശ്രീകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ശബ്ദം എന്ന ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് റൂബി ഫിലിംസാണ്. കോ. പ്രൊഡ്യൂസറായി ശ്രീ. ലിനു ഐസക്കും, റൂബി ഫിലിംസിന്റെ ജോസഫ് തോമസ് പട്ടത്താനവും എനിക്കൊപ്പമുണ്ട്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് കഴിഞ്ഞ ദിവസം ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റും ലഭിച്ചു. ഒക്ടോബര്‍ പതിനൊന്നോടെ ചിത്രം തിയറ്ററുകളിലെത്തും. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രം കേരളത്തില്‍ 35 ഓളം സ്‌ക്രീനില്‍ റിലീസ് ചെയ്യും.

-ശബ്ദം മുന്നോട്ട് വെക്കുന്ന പ്രമേയം എന്താണ്?

യാഥാര്‍ത്ഥ്യവും ഭാവനാസൃഷ്ടിയും ഒത്തിണങ്ങുന്ന സിനിമയാണ് ശബ്ദം. ഒരു കുടുംബത്തിലെ മൂന്ന് വ്യക്തികളെ കേന്ദ്ര കഥാപാത്രമാക്കിയാണ് സിനിമ കഥ പറയുന്നത്. ആ കുടുംബത്തിലെ മൂന്ന് പേരും സംസാരശേഷിയും കേള്‍വിശേഷിയും ഇല്ലാത്തവരാണ്. ബധിര-മൂക കഥാപാത്രങ്ങളിലൂടെയാണ് സിനിമ പൂര്‍ണമായും പ്രേക്ഷകനോട് സംവദിക്കുന്നത്.

സംസാര, കേള്‍വി ശേഷികളില്ലാത്ത ഒരു കുടുംബം സമൂഹത്തില്‍ ഒറ്റപ്പെട്ട് പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതെങ്ങനെയെന്ന് അവരുടെ ജീവിതം സാക്ഷിയാക്കി പ്രേക്ഷകരോട് സംവദിക്കാനാണ് ഈ സിനിമയിലൂടെ ശ്രമിക്കുന്നത്. 

മണ്‍പാത്ര നിര്‍മ്മാണം കുലത്തൊഴിലായ കുടുംബത്തിന്റെ നിലനില്‍പ്പ് പോലും ഭീഷണിയാകുന്ന സാഹചര്യത്തിലൂടെ സിനിമ കടന്നുപോകുന്നു. ബധിരരും മൂകരുമായവര്‍ ഈ സമൂഹത്തില്‍ അനുഭവിക്കുന്ന അവഗണനകളെ കുറിച്ച് സംസാരിക്കുന്നതിനോടൊപ്പം സമൂഹത്തിലെ കപട പരിസ്ഥിതി വാദികളെ കുറിച്ചും സിനിമ ചര്‍ച്ച ചെയ്യുന്നു. നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യവും, ചൂള നിർമിക്കുന്നതിനെതിരെയുള്ള പൊതുജന പ്രതിഷേധവും ചിത്രത്തിന് പ്രമേയമാവുന്നു. പരിസ്ഥിതിവാദികള്‍ പോലും കണ്ടില്ലെന്ന് നടിക്കുന്ന കാലിക വിഷയങ്ങളേയും ഈ സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് കൊണ്ട് വരുന്നുണ്ട്.

-ആദ്യമായാണ് നിങ്ങള്‍ ഒരു സിനിമ നിര്‍മ്മിക്കുന്നത്. ശബ്ദത്തിന്റെ ഷൂട്ടിംഗും മറ്റ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും ഒരു വെല്ലുവിളിയായിരുന്നോ?

വളരെ ചെറിയ ബഡ്ജറ്റിലാണ് സിനിമ പൂര്‍ത്തിയാക്കിയത്. 35 ദിവസമായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. ബധിര-മൂക കഥാപാത്രങ്ങളായി സിനിമയില്‍ വേഷമിടുന്ന രണ്ട് പേരും ജന്മനാ ഈ വൈകല്യമുള്ളവരാണ്. മുന്‍ മിസ് ഇന്ത്യ (ഡെഫ്) സോഫിയ എം.ജോ, സഹോദരന്‍ റിച്ചാര്‍ഡ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. ആംഗ്യഭാഷയില്‍ മാത്രം കാര്യങ്ങള്‍ പറഞ്ഞാലേ അവര്‍ക്ക് എല്ലാം മനസിലാകൂ. ഷൂട്ടിംഗ് തുടങ്ങും മുന്‍പേ അതൊരു ബുദ്ധിമുട്ടാകുമെന്നാണ് വിചാരിച്ചിരുന്നത്. എന്നാല്‍, ഇരുവരുടെയും മാതാപിതാക്കള്‍ ഷൂട്ടിംഗ് സമയത്ത് സെറ്റിലുണ്ടായിരുന്നു. അവരുടെ സഹായം സിനിമയുടെ ഷൂട്ടിംഗ് വേളയില്‍ വലിയ സഹായമായി. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളെ കുറിച്ച് പറയുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള പിന്തുണ എടുത്ത് പറയേണ്ടതാണ്. സാധരണക്കാര്‍ക്കും സിനിമ ചെയ്യാം എന്ന് പൊതുസമൂഹത്തെ അറിയിക്കുകയാണ് ശബ്ദത്തിലൂടെ.

താരസംഘടനയിലോ നിര്‍മ്മാതാക്കളുടെ സംഘടനിലോ അംഗമല്ലാതെ തന്നെ സിനിമ ചെയ്യാമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.

ഒപ്പം, നവമാധ്യമങ്ങളും വലിയ പിന്തുണ നല്‍കുന്നുണ്ട്. പോസ്റ്ററുകള്‍ പങ്കുവെച്ചും സിനിമയെ കുറിച്ച് ജനങ്ങളെ അറിയിച്ചും നവമാധ്യമങ്ങള്‍ വലിയ തോതില്‍ സഹായിച്ചു. ഒപ്പം പത്രപ്രവര്‍ത്തകരും മറ്റ് പൊതുരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്നവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നുണ്ട്. ചെറിയ ബഡ്ജറ്റില്‍ നിന്നുകൊണ്ട് തന്നെ സിനിമയെ കുറിച്ച് കൂടുതല്‍ പ്രേക്ഷകരെ അറിയിക്കുകയാണ് ലക്ഷ്യം.

-നിര്‍മ്മാതാവ് എന്നതിനൊപ്പം ഈ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെയും താങ്കള്‍ അവതരിപ്പിക്കുന്നുണ്ടല്ലോ, അതിനെകുറിച്ച്?

ശബ്ദത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ എനിക്കും അവസരം ലഭിച്ചു. അപ്രതീക്ഷിതമായിട്ടാണ് ഈ കഥാപാത്രം എന്നെ തേടിയെത്തിയത്. സംവിധായകന്‍ പി.കെ ശ്രീകുമാറാണ് സിനിമയിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാമോ എന്ന് എന്നോട് ചോദിക്കുന്നത്. മുന്‍പും ചില സിനിമകളില്‍ ചെറിയ ചെറിയ കഥാപാത്രങ്ങള്‍ ഞാന്‍ അവതരിപ്പിച്ചിട്ടുണ്ട്.

സിനിമ ഒരു വലിയ പാഷനായതുകൊണ്ട് ശബ്ദത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഞാന്‍ തയ്യാറാകുകയായിരുന്നു.

-പുതിയ പ്രോജക്ടുകളെ കുറിച്ച്?

റൂബി ഫിലിംസിന്റെ ബാനറില്‍ തന്നെ ഞാന്‍ മറ്റൊരു സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ്. പി. ബാലചന്ദ്രന്‍ തിരക്കഥ രചിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകനാകുന്നത്. നവാഗതനായ സ്വപ്‌നേഷാണ് സംവിധാനം നിര്‍വഹിക്കുന്നത്.

ടൊവിനോ ആദ്യമായി പട്ടാളവേഷത്തിലെത്തുന്ന ചിത്രം കൂടിയായിരിക്കും അത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here